കാറുകളിൽ കടത്തിയ 203 കിലോ കഞ്ചാവുമായി മൂന്നുപേർ പിടിയിൽ
text_fieldsബാലരാമപുരം: രണ്ടു കാറുകളിലായി കടത്താൻ ശ്രമിച്ച 203 കിലോ കഞ്ചാവുമായി മൂന്നുപേരെ എക്സൈസ് എൻഫോഴ്സ്മെൻറ് സ്ക്വാഡ് സാഹസികമായി പിടികൂടി. സിനിമാസ്റ്റൈലിൽ വാഹനത്തെ പിന്തുടർന്നായിരുന്നു കഞ്ചാവുവേട്ട. വഞ്ചിയൂർ സ്വദേശി സുരേഷ് കുമാർ, മെഡിക്കൽ കോളജ് സ്വദേശി ജോമിറ്റ്, സെൻറ് ആൻഡ്രൂസ് സ്വദേശി വിപിൻ രാജ് എന്നിവരാണ് പിടിയിലായത്. കൊലക്കേസുൾപ്പെടെ നിരവധി കേസിലെ പ്രതികളാണ് ഇവരെന്ന് എക്സൈസ് അറിയിച്ചു.
ആന്ധ്രപ്രദേശിൽനിന്നും ബംഗളൂരു വഴി തിരുവനന്തപുരത്തേക്ക് രണ്ടു ഇന്നോവ കാറുകളിലായി കൊണ്ടുവന്ന കഞ്ചാവ്, എക്സൈസ് സംഘം പിന്തുടർന്ന് ചൊവ്വാഴ്ച രാവിലെ എട്ടിന് ബാലരാമപുരം കൊടിനടയിൽ വാഹനം കുറുകെയിട്ട് പിടികൂടുകയായിരുന്നു. എക്സൈസ് വാഹനം ഇടിച്ചുതെറിപ്പിച്ച് മുന്നോട്ടുപോകാൻ ശ്രമിച്ച വാഹനം ഡിവൈഡറിലിടിച്ചാണ് കാറിെൻറ ടയർപൊട്ടി റോഡിൽ നിന്നത്. കാറിൽനിന്ന് പുറത്തിറങ്ങി എക്സൈസുകാരെ ആക്രമിച്ച് ഒാടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും രണ്ടുപേരെ എക്സൈസ് സംഘം കീഴ്പ്പെടുത്തി. മൂന്നാമനെ നാട്ടുകാർ പിടികൂടി ബാലരാമപുരം പൊലീസിൽ എൽപിക്കുകയായിരുന്നു.
ദിവസങ്ങൾക്കുമുമ്പ് ആറ്റിങ്ങലിൽ കണ്ടെയ്നറിൽ കടത്തിയ 500 കി.ഗ്രാം കഞ്ചാവ് എൻഫോഴ്സ്മെൻറ് വിഭാഗം പിടികൂടിയിരുന്നു. ഇതുമായി ബന്ധപ്പെട്ട അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ബാലരാമപുരത്തും കഞ്ചാവ് പിടിച്ചത്. ആറ്റിങ്ങലിൽ കഞ്ചാവ് പിടിച്ച സംഭവവുമായി ഇപ്പോൾ അറസ്റ്റിലായവർക്ക് ബന്ധമുണ്ടോയെന്ന് അന്വേഷിക്കുന്നുണ്ട്.
എക്സൈസ് എൻഫോഴ്സ്മെൻറ് സി.ഐ ടി. അനികുമാറിെൻറ നേതൃത്വത്തിൽ സർക്കിൾ ഇൻസ്പെക്ടർമാരായ ജി. കൃഷ്ണകുമാർ, ഇൻസ്പെക്ടർമാരായ കെ.കെ. വിനോദ്, ടി.ആർ. മുകേഷ് കുമാർ, ആർ.ജി. രാജേഷ്, എസ്. മധുസൂദനൻ നായർ, പ്രിവൻറിവ് ഓഫിസർമാരായ ടി. ഹരികുമാർ, എൻ.ആർ. രാജേഷ്, സിവിൽ എക്സൈസ് ഓഫിസർമാരായ ജസീം, വിശാഖ്, സുബിൻ, ജിതേഷ്, ഷംനാദ്, ശ്രീലാൽ, രാജേഷ്, അഭിജിത്ത്, രതീഷ് മോഹൻ, വനിത സിവിൽ എക്സൈസ് ഓഫിസർമാരായ വിനീത റാണി, അഞ്ജന എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.