മംഗലപുരത്ത് വൻ ലഹരിവേട്ട
text_fieldsപോത്തൻകോട്: എക്സൈസ് എൻഫോഴ്സ്മെന്‍റ് ആൻഡ് ആന്റി നർക്കോട്ടിക് സ്പെഷൽ സ്ക്വാഡിന്റെ സംയുക്ത ഓപറേഷനിൽ കഴക്കൂട്ടം മംഗലപുരത്ത് വൻ ലഹരിവേട്ട. മംഗലപുരം തലക്കോണത്ത് വീട്ടിലെ ഗോഡൗണിൽ രഹസ്യമായി 150 ചാക്കുകളിലായി സൂക്ഷിച്ചിരുന്ന 3000 കിലോ നിരോധിത പുകയില ഉൽപന്നങ്ങളാണ് സ്റ്റേറ്റ് എക്സൈസ് സംഘം പിടികൂടിയത്. ഇവക്ക് വിപണിയിൽ 25 ലക്ഷത്തോളം വിലവരുമെന്ന് എക്സൈസ് സംഘം പറഞ്ഞു.
ഗോഡൗൺ ഉടമ മംഗലപുരം സ്വദേശിയായ ഷെഹനാസ് അൽസാജിനെ (24) എക്സൈസ് സംഘം അറസ്റ്റ് ചെയ്തു.
ഗൾഫിലായിരുന്ന ഷെഹനാസ് സാമ്പത്തിക ബാധ്യത തീർക്കാനാണ് നിരോധിത പുകയില ഉൽപന്നങ്ങളുടെ വിൽപന ആരംഭിച്ചത്. സംഭവത്തിന് ഏതാനും മണിക്കൂറുകൾക്ക് മുമ്പ് ഉച്ചയോടെ അണ്ടൂർക്കോണം ആശുപത്രി ജങ്ഷന് സമീപം ബൈക്കിലെത്തിയ യുവാക്കളിൽനിന്ന് രണ്ട് കിലോ കഞ്ചാവ് പിടികൂടിയിരുന്നു.
കാട്ടായിക്കോണം ശാസ്തവട്ടം സ്വദേശി വിഷ്ണു (23), പോത്തൻകോട് നന്നാട്ടുകാവ് സ്വദേശി ബിലാൽ (22) എന്നിവരാണ് കഞ്ചാവുമായി പിടിയിലായത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഇവരെ തടഞ്ഞുനിർത്തി പരിശോധിച്ചപ്പോഴാണ് ബാഗിൽ സൂക്ഷിച്ചിരുന്ന കഞ്ചാവ് പിടികൂടിയത്.
ഇവരിൽനിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മംഗലപുരം തലക്കോണത്തെ ഗോഡൗൺ പരിശോധിച്ചത്. ലഹരി സംഘങ്ങളിലെ മറ്റ് കണ്ണികളെക്കുറിച്ച് അന്വേഷിക്കുമെന്ന് എക്സൈസ് ഡെപ്യൂട്ടി കമീഷണർ ബാബു വർഗീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.