ബൈപാസില്‍ ബൈക്ക് റേസിങ് സംഘങ്ങള്‍ സജീവം; അധികൃതര്‍ക്ക് മൗനമെന്ന്
text_fieldsവലിയതുറ: കോവളം-കഴക്കൂട്ടം ബൈപാസില്‍ ഒരിടവേളക്കുശേഷം ബൈക്ക് റേസിങ് സംഘങ്ങള്‍ സജീവമായതായി പരാതി. റോഡില്‍ അപകടങ്ങളും മരണങ്ങളും തുടര്‍ക്കഥയാകുമ്പോഴും മോട്ടോര്‍വാഹനവകുപ്പും പൊലീസും മൗനം പാലിക്കുന്നതായാണ് ആക്ഷേപം. കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ കോവളം-കഴക്കൂട്ടം ബൈപാസില്‍ മാത്രം മുന്നൂറിലേറെ ചെറുതും വലുതുമായ അപകടങ്ങളും 30ലേറെ മരണങ്ങളും നടന്നതായാണ് കണക്കുകള്‍.
അടുത്തിടെ തിരുവല്ലം പൊലീസിന്റെ നേതൃത്വത്തില്‍ ബൈപാസില്‍ രണ്ട് ദിവസങ്ങളിലായി നടത്തിയ വാഹനപരിശോധനയില്‍ മോഡിഫിക്കേഷന് നടത്തിയതും ബൈക്ക് റേസിങ്ങില്‍ ഏര്‍പ്പെട്ടതുമായ എട്ടോളം ബൈക്കുകള്‍ പിടിച്ചെടുത്തിരുന്നു. എന്നാല്‍ ഇതെല്ലാം പൊതുജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍വേണ്ടി മാത്രമെന്നാണ് നാട്ടുകാരുടെ പരാതി.
വെള്ളാര്‍, തിരുവല്ലം, ഈഞ്ചയ്ക്കല്‍, ചാക്ക, വെണ്‍പാലവട്ടം, ടെക്നോസിറ്റി ഭാഗങ്ങളിലാണ് പ്രധാനമായും ബൈക്ക് റൈസിങ് സംഘങ്ങള്‍ മത്സരയേട്ടത്തിനായി െതരഞ്ഞെടുത്തിരിക്കുന്നത്. ഇതുകൂടാതെതന്നെ ഈ ഭാഗങ്ങളില്‍ ദിനംപ്രതി മറ്റ് നിരവധി വാഹനാപകടങ്ങളും നടക്കുന്നു. കഴക്കൂട്ടത്തുനിന്നും കോവളം-കാരോട് വഴി കന്യാകുമാരിയിലേക്കുള്ള പാത സജ്ജമായതോടെ ഭൂരിഭാഗം യാത്രികരും എളുപ്പമാര്‍ഗം തമിഴ്നാട്ടിലേക്ക് പോകാന്‍ തെരഞ്ഞെടുക്കുന്നത് ഇൗ റോഡാണ്. കഴക്കൂട്ടത്തിനും കോവളത്തിനുമിടയില്‍ വാഹനാപകടങ്ങളുടെ എണ്ണം വർധിക്കുന്നതിന് കാരണവും ഇതുതന്നെ.
ബൈപാസിലെ വാഹനാപകടങ്ങള്‍ നിയന്ത്രിക്കാൻ മോട്ടോര്‍വാഹനവകുപ്പും സിറ്റി പൊലീസും നിരവധി പരിഷ്കാരങ്ങള്‍ പ്രഖ്യാപിച്ചതല്ലാതെ ഒന്നും തന്നെ നടപ്പാക്കിയിട്ടില്ല. ഹൈവേ പട്രോളിങ്ങിന് നിരവധി സംഘങ്ങള്‍ ഉണ്ടെങ്കിലും ഒരുവിധ പരിശോധനയും നടക്കുന്നില്ലെന്നും പൊതുജനങ്ങള്‍ക്കിടയില്‍ പരാതിയുണ്ട്. വേണ്ടവിധത്തില്‍ വാഹനപരിശോധനകള്‍ നടക്കാത്തതും പൊലീസ് പട്രോളിങ് നാമമാത്രമായതും ബൈക്ക് റൈസിങ് സംഘങ്ങള്‍ക്ക് അനുഗ്രഹമായി.
രാവിലെ ആറുമുതല്‍ എട്ടുവരെയും വൈകീട്ട് അഞ്ചു മുതല്‍ ഏഴ് വരെയുമാണ് ബൈക്ക് റെസിങ്ങെന്നാണ് ആക്ഷേപം. ബന്ധപ്പെട്ട അധികൃതര്‍ ഇടപെട്ട് ബൈക്ക് റേസിങ് സംഘങ്ങളെ പിടികൂടി വാഹനയാത്രികരുടെയും കാല്‍നടയാത്രികരുടെയും ജീവന് രക്ഷിക്കണമെന്നാണ് ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.