കാട്ടുപന്നിയിടിച്ച് ബൈക്ക് യാത്രികന് ഗുരുതര പരിക്ക്
text_fieldsമംഗലപുരം: വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ കാട്ടുപന്നിയിടിച്ച് ബൈക്ക് യാത്രികനായ യുവാവിന് ഗുരുതര പരിക്ക്. തലക്ക് ഗുരുതരമായി പരിക്കേറ്റ മംഗലപുരം തലക്കോണം ഷെമീർ മൻസിലിൽ ഷെഹിൻ (28) മണിക്കൂറുകൾ നീണ്ട ശസ്ത്രക്രിയക്കുശേഷം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
ഞായറാഴ്ച രാത്രി ഒമ്പതോയോടെ ടെക്നോസിറ്റിക്ക് സമീപം മംഗലപുരത്തിനും കാരമൂട്ടിനും ഇടയിലെ റോഡിൽവെച്ചാണ് അപകടം. ജോലി കഴിഞ്ഞ് ബൈക്കിൽ വീട്ടിലേക്ക് വരുന്ന വഴി പന്നിക്കൂട്ടം യുവാവിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഡിസംബർ ഏഴിന് ഷെഹിന്റെ വിവാഹം നിശ്ചയിച്ചിരിക്കുകയായിരുന്നു. 2010ൽ ടെക്നോപാർക്ക് ടെക്നോസിറ്റിക്ക് ഏറ്റെടുത്ത നൂറുകണക്കിന് ഏക്കർ ഭൂമി കാടുപിടിച്ചു കിടക്കുകയാണ്. ഇവിടം മാലിന്യനിക്ഷേപ കേന്ദ്രമായി മാറിയതോടെ കാട്ടുപന്നികൾ പെറ്റുപെരുകി.
രാത്രി കൃഷിയിടങ്ങളിൽ നാശനഷ്ടം ഉണ്ടാക്കുകയും കാരമൂട് സി.ആർ.പി.എഫ് റോഡിലും നാഷനൽ ഹൈവേയിലും പന്നികൾ കൂട്ടമായി ഇറങ്ങി ഇതിന് മുമ്പും നിരവധി ബൈക്ക് യാത്രക്കാർക്ക് പരിക്കേറ്റിട്ടുണ്ട്. തെരുവുനായ്ക്കളുടെ ആക്രമണത്തിന് കൊച്ചു കുട്ടികളടക്കം നിരവധി തവണ ഇരയായിട്ടുണ്ട്. നായ്ക്കളും പന്നികളും കുറുകെ ചാടി നിരവധി പേർക്ക് പലതവണ പരിക്കേറ്റു. കാട്ടുപന്നികളുടെയും തെരുവുനായ്ക്കളുടെയും ആവസാകേന്ദ്രമായി മാറിയിരിക്കുകയാണ് പ്രദേശം.
ടെക്നോസിറ്റിയിലെ കാടുകളിൽ പന്നികൾ പെറ്റുപെരുകുന്നത് ഒഴിവാക്കാൻ ടെക്നോപാർക്ക് അധികൃതരോട് നിരവധി തവണ നാട്ടുകാർ ആവശ്യപ്പെട്ടെങ്കിലും നടപടി സ്വീകരിച്ചിട്ടില്ല. മാലിന്യ നിക്ഷേപം തടഞ്ഞ് കാട്ടുപന്നികളെയും തെരുവുനായ്ക്കളെയും നിയന്ത്രിക്കാൻ മംഗലപുരം പഞ്ചായത്ത് നടപടി സ്വീകരിക്കുന്നില്ലെന്ന് നാട്ടുകാർ പറയുന്നു. കാടുകൾ വെട്ടിത്തെളിച്ച് ടെക്നോസിറ്റിക്ക് ചുറ്റുമതിൽ നിർമിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.