എൻജിൻ ശേഷി കൂടിയ ബൈക്കുകൾ നിയന്ത്രിക്കണം- മനുഷ്യാവകാശ കമീഷൻ
text_fieldsതിരുവനന്തപുരം: കേരളത്തിന്റെ പരിസ്ഥിതിക്ക് അനുയോജ്യമല്ലാത്ത എൻജിൻ കപ്പാസിറ്റി കൂടിയ ബൈക്കുകളുടെ ഉപയോഗത്തിന് നിയന്ത്രണം ഏർപ്പെടുത്തണമെന്ന് മനുഷ്യാവകാശ കമീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആൻറണി ഡൊമിനിക്. ഇക്കാര്യത്തിൽ അനന്തര നടപടികൾ സ്വീകരിക്കണമെന്ന് ട്രാൻസ്പോർട്ട് കമീഷണർ കമീഷനെ അറിയിച്ചു.
ജനുവരി 30ന് തിരുവല്ലം ബൈപാസിൽ അമിതവേഗത്തിലെത്തിയ ബൈക്കിടിച്ച് വഴിയാത്രക്കാരിയായ സന്ധ്യയും ബൈക്ക് യാത്രികനായ അരവിന്ദും മരിച്ചസംഭവത്തിൽ വാർത്തകളുടെ അടിസ്ഥാനത്തിൽ കമീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.
1000 സി.സി എൻജിൻ കപ്പാസിറ്റിയുള്ള കാവസാക്കി നിൻജ എന്ന ബൈക്കാണ് അപകടത്തിൽപെട്ടത്. അമിതവേഗമാണ് അപകട കാരണമെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഇത്തരം ബൈക്കുകൾക്ക് അനുയോജ്യമല്ല കേരളത്തിലെ റോഡുകളെന്ന് ട്രാൻസ്പോർട്ട് കമീഷണർ അറിയിച്ചു.
മീഡിയനുകളിൽ വളർന്നു നിൽക്കുന്ന ചെടികൾ മറുവശത്തെ കാഴ്ച മറക്കുമെന്നും നിരവധി കത്തുകൾ നൽകിയിട്ടും ദേശീയ പാത അതോറിറ്റി തെരുവുവിളക്കുകൾ കത്തിക്കുന്നില്ലെന്നും തിരുവല്ലം പൊലീസ് ഇൻസ്പെക്ടറും അറിയിച്ചു.
മുന്നറിയിപ്പ് ബോർഡുകൾ, സീബ്ര ക്രോസിങ്, സ്പീഡ് ബ്രേക്കർ എന്നിവയുമില്ല. വാഹന റേസിങ് ഒഴിവാക്കാൻ പൊലീസ് പട്രോളിങ് ഉറപ്പാക്കണമെന്നും ഉത്തരവിലുണ്ട്. പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി, ട്രാൻസ്പോർട്ട് കമീഷണർ, തദ്ദേശ സ്വയംഭരണ വകുപ്പ് സെക്രട്ടറി, സംസ്ഥാന പൊലീസ് മേധാവി, തിരുവനന്തപുരം സിറ്റി ഐ.ജിസ ആൻഡ് കമീഷണർ എന്നിവർക്കാണ് ഉത്തരവ് അയച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.