ഡ്രെയിനേജ് കണക്ഷനില്ലാത്തവർക്കും ബിൽ; പരാതികൾ പരിഗണിക്കാതെ ജലഅതോറിറ്റി
text_fieldsതിരുവനന്തപുരം: ഡ്രെയിനേജ് കണക്ഷനില്ലാത്തവർക്കും ഇൗയിനത്തിൽ പണം അടക്കാൻ ആവശ്യപ്പെട്ട് ജല അതോറിറ്റി തുടർച്ചയായി ബിൽ നൽകുന്നു. കുടിവെള്ള ചാർജിനൊപ്പം ഡ്രെയിനേജ് കണക്ഷൻ ചാർജ് ചുമത്തി മുട്ടട വാർഡിൽ അപ്പർമെറിഡിയൻ റോഡിലെ നൂറോളം ഉപഭോക്താക്കൾക്കാണ് ബിൽ ലഭിച്ചത്. ഈ ഭാഗത്ത് റോഡിന്റെ ഒരുവശത്ത് ഡ്രെയിനേജ് കണക്ഷൻ ഇല്ല. ഇവിടെ താമസിക്കുന്ന കുടുംബങ്ങൾക്കാണ് ഡ്രെയിനേജ് ചാർജ് കൂടി രേഖപ്പെടുത്തിയ ബിൽ തുടർച്ചയായി നൽകുന്നത്. ആറുമാസത്തിനിടെ ലഭിച്ച മൂന്നു ബില്ലുകളിലും ഡ്രെയിനേജ് ചാർജ് കൂടി ഉൾപ്പെടുത്തിയതിതിരെ ഉപഭോക്താക്കൾ ജലഅതോറിറ്റിക്ക് പരാതി നൽകിയെങ്കിലും ഇടപെടൽ ഉണ്ടായിട്ടില്ല.
സെപ്റ്റേജിന്റെ ചുമതലയുള്ള ശാസ്തമംഗലത്തെ ഓഫീസിൽ വിവരം അറിയിച്ചിട്ടുണ്ടെന്നും അവർ അന്വേഷിച്ച് പരാതി ശരിയെന്ന് ബോധ്യപ്പെട്ടശേഷം റിപ്പോർട്ട് നൽകിയാൽ മാത്രമേ ഇനിയുള്ള ബില്ലിൽ നിന്ന് ഡ്രെയിനേജ് ചാർജ് ഒഴിവാക്കാനാവുവെന്നാണ് അധികൃതരുടെ വിശദീകരണം. ഇക്കാര്യത്തിൽ എപ്പോൾ തീരുമാനമാകുമെന്നോ ഇതിനകം അടച്ച തുക തിരിച്ചു നൽകുമോ തുടങ്ങിയ ഉപഭോക്താക്കളുടെ ചോദ്യത്തിന് ജല അതോറിറ്റി ഉദ്യോഗസ്ഥർക്ക് ഉത്തരമില്ല.
ജല അതോറിറ്റിയുടെ കവടിയർ സെക്ഷന്റെ കീഴിൽ വരുന്ന പ്രദേശമാണിവിടം. ഡ്രെയിനേജ് ഇല്ലായെന്ന് ബിൽ നൽകുന്ന ജീവനക്കാർക്കടക്കം ബോധ്യമായിട്ടും ഇതിന്റെ പേരിൽ പണപ്പിരിവ് നടത്തുന്ന നടപടിയിൽ പ്രദേശത്ത് പ്രതിഷേധം ശക്തമാണ്. ചില ബില്ലുകളിൽ കുടിവെള്ള ചാർജിന്റെ ഇരട്ടിയിലധികം തുക ഇല്ലാത്ത ഡ്രെയിനേജ് കണക്ഷന്റെ പേരിൽ ‘അഡീഷനൽ ചാർജ്’ ആയി രേഖപ്പെടുത്തിയിരിക്കുന്നു. ശരാശരി 700രൂപ ദ്വൈമാസ കുടിവെള്ള ചാർജ് വരുന്ന പല ഉപഭോക്താക്കൾക്കും ഡ്രെയിനേജിന്റെ പേരിൽ അധികമായി മൂന്നൂറ് രൂപയിലധികം അടക്കണമെന്ന് ആവശ്യപ്പെട്ടുള്ള ബില്ലാണ് നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.