ബീമാപ്പള്ളി നഴ്സറി സ്കൂളിന്റെ ശോച്യാവസ്ഥ; നിയമനടപടിക്കൊരുങ്ങി ജില്ല ലീഗൽ സർവിസ് അതോറിറ്റി
text_fieldsതിരുവന്തപരം: ബീമാപ്പള്ളി നഴ്സറി സ്കൂളിന്റെയും പിഞ്ചുകുഞ്ഞുങ്ങളുടെയും 'ശ്വാസംമുട്ടലിൽ' നിയമനടപടികളുമായി ജില്ല ലീഗൽ സർവീസ് അതോറിറ്റി. സ്കൂളിന്റെ ശോച്യാവസ്ഥയിലും ക്ലാസ് മുറിക്ക് സമീപത്തെ കോർപറേഷന്റെ മാലിന്യനിക്ഷേപത്തിനുമെതിരെ കേസെടുക്കുന്നതിന് മുന്നോടിയായി ബന്ധപ്പെട്ട ഭരണാധികാരികളുടെയും ഉദ്യോഗസ്ഥരുടെയും വാദം കേൾക്കാൻ (പ്രീ ലിറ്റിഗേഷൻ ഹിയറിങ്) തീരുമാനിച്ചു. ‘മാധ്യമം’ വാർത്തയുടെ അടിസ്ഥാനത്തിലാണ് നടപടി.
തിങ്കളാഴ്ച രാവിലെ 11.30ന് വീഡിയോ കോൺഫറൻസ് വഴിയാണ് കോർപറേഷൻ സെക്രട്ടറി, കോർപറേഷൻ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ, ബീമാപ്പള്ളി ഈസ്റ്റ് വാർഡ് കൗൺസിലർ, സ്കൂൾ അധ്യാപിക, പി.ടി.എ പ്രസിഡന്റ് അടക്കമുള്ളവരോട് ഹിയറിങ്ങിന് ഹാജരാകാൻ ജില്ല ലീഗൽ സർവീസ് അതോറിറ്റി സെക്രട്ടറിയും സീനിയർ സിവിൽ ജഡ്ജുമായ എസ്. ഷംനാദ് നിർദേശിച്ചിരിക്കുന്നത്.
ഈ മാസം 24നാണ് ബീമാപ്പള്ളിയിൽ മത്സ്യഭവന്റെ കെട്ടിടത്തിലെ ഒറ്റമുറിയിൽ പ്രവർത്തിക്കുന്ന നഴ്സറി സ്കൂളിനെ സംബന്ധിച്ചും അവിടെ പഠിക്കുന്ന മൂന്നു മുതൽ ആറുവയസുവരെയുള്ള കുട്ടികളുടെ ദുരിതവും ‘മാധ്യമം’ പുറത്തുകൊണ്ടുവന്നത്. വാർത്തയുടെ അടിസ്ഥാനത്തിൽ ജില്ല ലീഗൽ സർവീസ് അതോറിറ്റി സ്കൂളിൽ നടത്തിയ മിന്നൽ പരിശോധനയിൽ ഞെട്ടിക്കുന്ന ബാലാവകാശ നിതീ നിഷേധങ്ങളാണ് കണ്ടെത്തിയത്. സ്കൂളിലെ അപര്യാപ്തകളെ സംബന്ധിച്ചും മാലിന്യ നിക്ഷേപത്തെ സംബന്ധിച്ചും സ്കൂൾ അധ്യാപിക ഒന്നിലധികം പരാതികൾ കോർപറേഷന് നൽകിയിരുന്നെങ്കിലും പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ഫലപ്രദമായ നടപടികൾ ഉണ്ടായില്ല. ഈ സാഹചര്യത്തിലാണ് കോർപറേഷൻ സെക്രട്ടറിയടക്കമുള്ള വർക്ക് നിയമനടപടിക്ക് മുന്നോടിയായി നോട്ടീസ് നൽകി അവരുടെ വാദം കേൾക്കാൻ ലീഗൽ സർവീസ് അതോറിറ്റി തീരുമാനിച്ചത്. സ്കൂളിലെ ബാലവകാശ നിഷേധങ്ങൾ ചൂണ്ടിക്കാട്ടി സംസ്ഥാന ബാലവകാശ കമീഷനും പരാതികൾ ലഭിച്ചിട്ടുണ്ട്.
ജില്ല ലീഗൽ സർവിസ് അതോറിറ്റി കണ്ടെത്തിയത്
- ബീമാപ്പള്ളി നേഴ്സറി സ്കൂളിനോട് ചേർന്നുള്ള സ്ഥലത്ത് മാലിന്യം തള്ളുന്നത് മൂലം കടുത്ത ദുർഗന്ധവും കുട്ടികളിൽ പലർക്കും പകർച്ചവ്യാധികൾ പിടിപെടുന്നതിന് കാരണമായിണ്ട്
- സ്കൂളിൽ ശുദ്ധജലവിതരണം ഇല്ലാത്തതിനാൽ കുട്ടികളുടെ ആവശ്യങ്ങൾ കൈകാര്യം ചെയ്യുന്നതിനുപോലും അധ്യാപികയും ജീവനക്കാരും കടുത്ത ബുദ്ധിമുട്ട് നേരിടുന്നു
- സ്കൂളിൽ കളിസ്ഥലം ഇല്ലാത്തത് കുട്ടികളുടെ മാനസിക ശാരീരിക വികാസത്തെ ദോഷകരമായി ബാധിക്കുന്നു.
- ബോർഡ് അടക്കമുള്ള അധ്യാപക സഹായ ഉപകരണങ്ങളുടെയും കളിപ്പാട്ടങ്ങളുടെയും അഭാവം പ്രീ പ്രൈമറി വിദ്യാഭ്യാസം ഫലപ്രദമായി നടപ്പിലാക്കുന്നതിന് തടസം സൃഷ്ടിക്കുന്നു.
- വർഷങ്ങളായി പ്രവർത്തിക്കുന്ന സ്കൂളിന് നെയിം ബോർഡ് ഇല്ല.
- കുട്ടികളുടെ സുരക്ഷക്ക് വെല്ലുവിളിയായി മത്സ്യഭവന്റെ ഓഫീസും സ്കൂളും തമ്മിൽ കൃത്യമായ വിഭജനമില്ല.
- സ്കൂളിലേക്കും ഓഫീസുകളിലേക്കും ഒരു പ്രവേശനകവാടം മാത്രം
- സ്കൂൾ കെട്ടിടത്തിൽ അറ്റാച്ച്ഡ് വാഷ്റൂം ഇല്ല
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.