അവഗണിക്കപ്പെടുന്ന ജൈവ വൈവിധ്യ കലവറ
text_fieldsഎം. റഫീഖ്
പൂന്തുറ: ജൈവ വൈവിധ്യങ്ങളുടെ കലവറയായ കടലിനെയും കടല്‍ത്തീരങ്ങളെയും സംരക്ഷിക്കാനുള്ള ഓർമപ്പെടുത്താലാണ് ഒരോ തീരസംരക്ഷണ ദിനവും. പാരിസ്ഥിതിക അവസ്ഥക്ക് കോട്ടംതട്ടുമ്പോള്‍ നൂറ്റാണ്ടുകളായി കടലിനെ മാത്രം ആശ്രയിച്ച് മത്സ്യബന്ധനം നടത്തി ജീവിക്കുന്ന മത്സ്യത്തൊഴിലാളികളും വഴിയാധാരമാകുന്നു. ബജറ്റില്‍ കോടികള്‍ വകയിരുത്തുമ്പോഴും തീരസംരക്ഷണ പദ്ധതികള്‍ ഇന്നും പ്രഖ്യാപത്തില്‍ മാത്രം ഒതുങ്ങുന്നു.
കിലോമീറ്ററോളം കടത്തീരമുണ്ടായിരുന്ന പൂന്തുറ മുതല്‍ വേളിവരെയുള്ളയിടത്ത് ഇപ്പോള്‍ പേരിന് പോലും തീരമില്ല കോര്‍പറേറ്റ് കമ്പനികള്‍ കടലിനുള്ളില്‍ ആഴത്തില്‍ നടത്തുന്ന ഡ്രഡ്ജിങ്ങാണ് തീരം നഷ്ടമാകാന്‍ കാരണം.
പരിസ്ഥിതി വിദഗ്ധരുടെ മുന്നറിയിപ്പുകള്‍ അവഗണിച്ചാണ് കടല്‍ത്തീരങ്ങള്‍ കൈമാറിയത്. മുമ്പ് കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ കമ്മിറ്റിയുടെ റിപ്പോര്‍ട്ടില്‍ വിഴിഞ്ഞം വളരെയെധികം ലോല പ്രദേശമാണെന്നും അവിടെ ഏതൊരുതരത്തിലുള്ള നിർമാണ പ്രവര്‍ത്തനങ്ങളും പാടില്ലെന്നും നിഷ്കര്‍ഷിച്ചിരുന്നു. രാജ്യത്തെ തീരദേശ പരിപാലന നിയമം അനുസരിച്ച് മണ്ണൊലിപ്പ് കൂടുതലുള്ള തീരങ്ങളില്‍ ഒരിക്കലും തുറമുഖങ്ങള്‍ നിർമിക്കാന്‍ അനുവാദമില്ല. വലിയ രീതിയില്‍ മണ്ണൊലിപ്പിന് സാധ്യതയുള്ള പ്രദേശമാണ് വിഴിഞ്ഞം എന്നും റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നു.
എന്നാല്‍, അതിനെ മറികടക്കുകയും കടല്‍ത്തീരം സ്വന്തമാക്കുകയും ചെയ്തു. നിർമാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയപ്പോള്‍തന്നെ കടല്‍ത്തീരത്ത് സൃഷ്ടിക്കുന്ന പാരിസ്ഥിതി ആഘാതങ്ങളുടെ ദുരന്തങ്ങള്‍ തീരത്തുള്ളവര്‍ അനുഭവിച്ച് തുടങ്ങി. വികസിത രാജ്യങ്ങള്‍ കടല്‍ത്തീരങ്ങളുടെ പ്രാധാന്യം ജനങ്ങളെ ഓർമിക്കുന്നതിനൊപ്പം തീരങ്ങള്‍ സംരക്ഷിക്കാനുള്ള നടപടികളുമായി മുന്നോട്ട് പോകുമ്പോള്‍ സംസ്ഥാനത്ത് കൂടുതല്‍ കടത്തീരങ്ങള്‍ കോർപറേറ്റ് കമ്പനികളുടെയും റിയല്‍ എസ്റ്റേറ്റ് മാഫിയകളുടെയും പിടിയിലമരുകയാണ്.
ജര്‍മനിയിലെ ആല്‍ഫ്രഡ് വെഗനര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തിയ പഠനത്തില്‍ തീരങ്ങളുടെ സംരക്ഷണമില്ലാത്ത ലോകത്തിലെ ഏറ്റവും മാലിന്യമായ കടലോരങ്ങളുടെ പട്ടികയിലാണ് കേരളത്തിന്റെ കടല്‍ത്തീരങ്ങള്‍ ഇടം പിടിച്ചിരിക്കുന്നത് തന്നെ. തീരസംരക്ഷണത്തിനായി പരിസ്ഥിതി-വനം-കാലാവസ്ഥ വ്യതിയാന-മന്ത്രാലയത്തിന് കീഴില്‍ തീരദേശ നിയന്ത്രണ നിയമം കൊണ്ടുവരുകയും ഇതില്‍ വ്യവസ്ഥകള്‍ അനുസരിച്ച് രാജ്യത്തിന്റെ കടല്‍തീരത്തെ നാല് വിഭാഗങ്ങളായി തിരിച്ചു വിവിധ തരത്തിലുള്ള സംരക്ഷണ മേഖലയായി പ്രഖ്യാപിക്കുകയും ചെയ്തു. ഇതില്‍ കേരളത്തിന്റെ 590 കിലോമീറ്റര്‍ വരുന്ന തീരത്ത് അധിവസിക്കുന്ന 7.77 ലക്ഷം മത്സ്യത്തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന 229 തീരദേശ ഗ്രാമങ്ങളില്‍ കടൽതീരങ്ങള്ക്കൊപ്പം തീരദേശ പരിസ്ഥിതി സംരക്ഷണത്തിനൊപ്പം മത്സ്യത്തൊഴിലാളികളുടെ ഉപജീവനത്തിന് അനുയോജ്യമായ പരിസ്ഥിതി സംരക്ഷണത്തിനും മുഖ്യ പ്രാധാന്യം നല്‍കണമെന്ന വ്യവസ്ഥകള്‍ ഉണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.