പക്ഷി സർവേ; നെയ്യാർ- പേപ്പാറ വന്യജീവി സങ്കേതങ്ങളിൽ പക്ഷി വൈവിധ്യത്തിൽ വർധനവ്
text_fields1. വെള്ളവയറൻ ചോലക്കിളി 2. തെക്കൻ ചിലുചിലപ്പൻ
തിരുവനന്തപുരം: വൈൽഡ്ലൈഫ് ഡിവിഷന് കീഴിലുള്ള നെയ്യാർ പേപ്പാറ വന്യജീവി സങ്കേതങ്ങളിലെ പക്ഷി സർവെ പൂർത്തിയായി. ജൈവവൈവിധ്യത്താൽ സമ്പുഷ്ടമായ അഗസ്ത്യമല ജൈവ വൈവിധ്യമണ്ഡലത്തിന്റെ ഭാഗമാണ് നെയ്യാർ പേപ്പാറ വന്യജീവി സങ്കേതങ്ങൾ.
വൈൽഡ്ലൈഫ് വാർഡൻ എസ്.വി. വിനോദിന്റെ നേതൃത്വത്തിൽ തിരുവനന്തപുരം വൈൽഡ്ലൈഫ് ഡിവിഷനും തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന വാർബ്ളേർസ് ആൻഡ് വെയ്ഡേഴ്സും സംയുക്തമായാണ് സർവെ നടത്തിയത്.
നെയ്യാറിലും പേപ്പാറയിലുമായി യഥാക്രമം 159 ഉം 151 ഉം പക്ഷിയിനങ്ങളെ കണ്ടെത്തി. കഴിഞ്ഞ വർഷത്തെയപേക്ഷിച്ച് പക്ഷിയിനങ്ങളിൽ ഗണ്യമായ വർധനവാണ് രേഖപ്പെടുത്തിയത്. 2024 സർവെയിൽ പക്ഷിയിനങ്ങളുടെ എണ്ണം യഥാക്രമം 135 ഉം, 90 ഉം ആയിരുന്നു. അഗസ്ത്യവനം ബയോളജിക്കൽ പാർക്ക് കൺസർവേറ്റർ ശ്യാം മോഹൻലാൽ പക്ഷി സർവെ ഉൽഘാടനം ചെയ്തു.
വൈൽഡ്ലൈഫ് വാർഡൻ എസ്.വി. വിനോദ്, അസിസ്റ്റന്റ് വൈൽഡ്ലൈഫ് വാർഡന്മാരായ കെ. അനിൽ കുമാർ, സലിൻ ജോസ്, പ്രൊബേഷനറി റേഞ്ച് ഓഫിസർ ശിവശാന്ത്, വാർബ്ളേർസ് ആൻഡ് വെയ്ഡേഴ്സ് രക്ഷാധികാരി സി. സുശാന്ത്, പ്രസിഡന്റ് എസ്. രാജീവൻ, കെ.എ. കിഷോർ, കോർഡിനേറ്റർ ഡോ. ബ്ലെസ്സൻ സന്തോഷ് ജോർജ് എന്നിവർ പ്രസംഗിച്ചു. വെള്ളിമൂങ്ങ, മാക്കാച്ചിക്കാട, പൊന്തവരിക്കാട, വലിയ നീർക്കാക്ക, മേനിപ്രാവ്, രാചൗങ്ങൻ, കിന്നരി പ്രാപ്പരുന്ത്, ബസ്ര പ്രാപ്പിടിയൻ, വിറയൻപുള്ള്, കായൽപുള്ള്, ചെറിയ മീൻപ്പരുന്ത്, വലിയ കിന്നരിപ്പരുന്ത്, കാട്ടുമൂങ്ങ, മലമുഴക്കി തുടങ്ങിയ പക്ഷിയിനങ്ങൾ നെയ്യാറിലെ പ്രധാന കണ്ടെത്തലുകളിൽ ഉൾപ്പെടുമ്പോൾ മഞ്ഞക്കണ്ണി ചിലപ്പൻ, കരിഞ്ചെമ്പൻ പാറ്റപിടിയൻ, വെള്ളവയറൻ ചോലക്കിളി, തെക്കൻ ചിലുചിലപ്പൻ, പൊന്തവരിക്കാട, മരപ്രാവ്, മേനിപ്രാവ്, രാചൗങ്ങൻ, വെള്ളവയറൻ ശരപക്ഷി, കൊമ്പൻ ശരപക്ഷി, കൊല്ലിക്കുറവൻ മൂങ്ങ, കാട്ടുമൂങ്ങ, മലമുഴക്കി, കാക്കമരംകൊത്തി, മരംകൊത്തിച്ചിന്നൻ, കോഴിക്കിളിപ്പൊന്നൻ, ബൊണെല്ലിപ്പരുന്ത്, വിറയൻപുള്ള്, മലവരമ്പൻ, കാക്കത്തമ്പുരാട്ടികുയിൽ, ഷാമക്കിളി എന്നിവ പേപ്പാറ വന്യജീവി സങ്കേതത്തിൽ കണ്ടെത്തിയ പ്രധാന പക്ഷിയിനങ്ങളാണ്.
കേരളത്തിൽ ഒട്ടാകെ അപൂർവവും തെക്കൻ ജില്ലകളിൽ ഇതുവരെ രേഖപെടുത്തിയിട്ടില്ലാത്തതും കൂടുതലായി വരണ്ട പ്രദേശങ്ങളിൽ കണ്ടുവരുന്നതുമായ മഞ്ഞക്കണ്ണി ചിലപ്പനെ പേപ്പാറ വന്യജീവി സങ്കേതത്തിൽ കണ്ടെത്തിയത് തുടർ പഠനങ്ങൾക്ക് വിധേയമാക്കണം എന്ന് വാർബ്ളേർസ് ആൻഡ് വെയ്ഡേഴ്സ് പ്രസിഡന്റും പക്ഷിനിരീക്ഷകനുമായ എസ്. രാജീവൻ അഭിപ്രായപ്പെട്ടു.
എന്നാൽ പച്ചമരപ്പൊട്ടൻ, ചാരത്തലയൻ പാറ്റപിടിയൻ എന്നീ പക്ഷികകളുടെ എണ്ണത്തിൽ അവ സ്വാഭാവികമായി കാണുന്ന പ്രദേശങ്ങളിൽ കുറവു വന്നതായി വാർബ്ളേർസ് ആൻഡ് വെയ്ഡേഴ്സ് രക്ഷാധികാരിയും പക്ഷി ഗവേഷകനുമായ സി. സുശാന്ത് വിലയിരുത്തി. സർവെകളിൽ കേരളത്തിന്റെ വിവിധ സ്ഥലങ്ങളിൽ നിന്നും 40 നിരീക്ഷകർ പങ്കെടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.