വിമതനീക്കം അംഗീകരിക്കില്ല; തീരുമാനങ്ങളുമായി ബി.ജെ.പി നേതൃത്വം മുന്നോട്ട്
text_fieldsതിരുവനന്തപുരം: പുനഃസംഘടനയുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ പുനരാലോചിക്കേണ്ടെന്നും വിമതപ്രവർത്തനം അംഗീകരിക്കേണ്ടതില്ലെന്നും ബി.ജെ.പി നേതൃത്വം. ഏകപക്ഷീയമായി മുന്നോട്ടുപോകാനുള്ള സംസ്ഥാന നേതൃത്വത്തിെൻറ നീക്കത്തിന് ദേശീയ നേതൃത്വം പച്ചക്കൊടി കാട്ടി. വിഭാഗീയത ഒരുകാരണവശാലും അംഗീകരിക്കേണ്ടെന്ന തീരുമാനം അപ്പടി നടപ്പാക്കും. തീരുമാനം ലംഘിക്കുന്നവർക്കെതിരെ കർശനനടപടി സ്വീകരിക്കും.
പുനഃസംഘടനയിലും ഭാരവാഹി പട്ടികകളിലും ഏകപക്ഷീയ തീരുമാനമാണുണ്ടായതെന്നും വീണ്ടും ചർച്ച ചെയ്യണമെന്നും വിമതർ ആവശ്യപ്പെട്ടിരുന്നു. അതൃപ്തി പ്രകടിപ്പിച്ച് ചില മുതിർന്ന നേതാക്കൾ നേതൃയോഗം ബഹിഷ്കരിച്ചിരുന്നു. അതൊന്നും കാര്യമാക്കേണ്ടതില്ലെന്ന നിലപാടിലാണ് നേതൃത്വം.
വിഷയം വീണ്ടും ചർച്ചചെയ്യേണ്ടതില്ലെന്ന് കഴിഞ്ഞദിവസം ചേർന്ന കോർ കമ്മിറ്റി യോഗത്തിൽ ദേശീയ ജനറൽ സെക്രട്ടറി ഡി. പുരന്ദേശ്വരിയും വ്യക്തമാക്കി. ദിവസങ്ങൾക്ക് മുമ്പ് നടന്ന നേതൃയോഗത്തിൽ സംഘടനാ സെക്രട്ടറി ബി.എൽ. സന്തോഷും ഇതേ നിലപാടാണെടുത്തത്. എന്നാൽ ഏകപക്ഷീയ നിലപാടുകൾ അംഗീകരിക്കാനാകില്ലെന്നും തീരുമാനം തിരുത്തിക്കാനുള്ള നടപടികളുമായി മുന്നോട്ടുപോകുമെന്നുമുള്ള നിലപാടിലാണ് വിമതപക്ഷം. പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തതിലും അനാവശ്യ ഇടപെടലുകൾ ഉണ്ടായെന്ന് അവർ കുറ്റപ്പെടുത്തുന്നു. പാർട്ടിയിൽ പ്രവൃത്തിപരിചയം ഇല്ലാത്തവരെ വ്യക്തിതാൽപര്യം മാത്രം െവച്ച് ഭാരവാഹികളാക്കുന്നെന്നും ആക്ഷേപമുണ്ട്. എന്നാൽ, നേതാക്കളുടെ പ്രവർത്തനം കൃത്യമായി വിലയിരുത്താനും വിമതപ്രവർത്തനം നടത്തുന്നവർ എത്ര ഉന്നതരായാലും കർക്കശ നടപടി സ്വീകരിക്കാനുമുള്ള തീരുമാനത്തിലാണ് നേതൃത്വം.
നേതൃനിരയിലേക്ക് കൂടുതൽ വനിതകളുമായി ബി.ജെ.പി
തിരുവനന്തപുരം: സി.പി.എം നേതൃത്വത്തിൽ വനിതകൾക്ക് കൂടുതൽ പ്രാതിനിധ്യം നൽകുമെന്ന അഭ്യൂഹങ്ങൾക്കിടെ ഒരു മുഴം നീട്ടിയെറിഞ്ഞ് ബി.ജെ.പി. 140 നിയോജക മണ്ഡലങ്ങൾ വിഭജിച്ച് 280 ആക്കി പുതിയ അധ്യക്ഷരെ നിയോഗിക്കുന്ന നടപടി ഏറക്കുറെ പൂർത്തിയായപ്പോൾ 19 വനിതകളാണ് പ്രസിഡൻറുമാരായത്. ബൂത്തുതലം മുതലുള്ള കമ്മിറ്റികളിൽ 33 ശതമാനം വനിത സംവരണം ഉണ്ടെങ്കിലും നേതൃത്വത്തിൽ വനിതകൾ കുറവായിരുന്നു. പിന്നാക്ക-ന്യൂനപക്ഷ വിഭാഗങ്ങൾക്കും കൂടുതൽ പ്രാതിനിധ്യം നൽകുന്നുണ്ട്. മണ്ഡലം കമ്മിറ്റി ഭാരവാഹികളിൽ അഞ്ചുപേരും കമ്മിറ്റിയിലെ 45 അംഗങ്ങളിൽ 15 പേരും വനിതകളാവണമെന്നാണ് മാർഗനിർദേശം. മഹിള മോർച്ച, യുവമോർച്ച തുടങ്ങിയ പോഷക സംഘടനകളിലെല്ലാം ഉടൻ പുനഃസംഘടന വരുന്നുണ്ട്. അതിലും വനിതകൾക്ക് കൂടുതൽ പ്രാതിനിധ്യം നൽകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.