വയോധികയുടെ കുടലിൽ രക്തസ്രാവം; ഉറവിടം കണ്ടെത്തി ഭേദമാക്കി കിംസ് ഹെൽത്ത്
text_fieldsതിരുവനന്തപുരം: കുടലിൽ അനിയന്ത്രിതമായ രക്തസ്രാവത്തെ തുടർന്ന് അത്യാഹിത വിഭാഗത്തിൽ ചികിത്സ തേടിയ 75 വയസ്സുകാരിയുടെ രോഗം ഭേദമാക്കി തിരുവനന്തപുരം കിംസ് ഹെൽത്ത്. രക്തസ്രാവത്തിന്റെ ഉറവിടം കണ്ടെത്താനാവാതെ ഗുരുതരാവസ്ഥയിലാണ് രോഗി അത്യാഹിത വിഭാഗത്തിലെത്തിയത്.
ഗ്യാസ്ട്രോഎൻററോളജി വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ. ഹാരിഷ് കരീമിന്റെ നേതൃത്വത്തിൽ നടന്ന മോട്ടോറൈസ്ഡ് സ്പൈറൽ എന്ററോസ്കോപ്പിയിലൂടെയാണ് ഗ്യാസ്ട്രോ ഇന്റസ്റ്റൈനൽ രക്തസ്രാവത്തിന്റെ ഉറവിടം കണ്ടെത്തിയത്.
ചെറുകുടലിൽ അപൂർവമായി കാണുന്ന മെക്കൽസ് ഡൈവർട്ടികുലത്തിൽനിന്ന് രക്തസ്രാവം ഉണ്ടാകുന്ന കൺജനിറ്റൽ അവസ്ഥയാണെന്ന് തിരിച്ചറിഞ്ഞ് ശസ്ത്രക്രിയ നടത്തുകയായിരുന്നു. കുട്ടികളിലാണ് ഇത് കണ്ടുവരുന്നത്. അപൂർവമായേ മുതിർന്നവരിൽ ഇത്തരം രക്തസ്രാവം ഉണ്ടാകാറുള്ളൂ.
ചികിത്സക്കുശേഷം പൂർണ ആരോഗ്യവതിയായി രോഗി ആശുപത്രി വിട്ടെന്ന് ഡോ. ഹാരിഷ് കരീം പറഞ്ഞു. രക്തസ്രാവത്തിന്റെ ഉറവിടം കണ്ടെത്താൻ സങ്കീർണമായ എൻഡോസ്കോപ്പി ആവശ്യമായ സാഹചര്യത്തിലാണ് മോട്ടോറൈസ്ഡ് സ്പൈറൽ എന്ററോസ്കോപ്പി ചെയ്തത്.
ഇതിലൂടെ ചെറുകുടലിലെ രോഗനിർണയം എളുപ്പമായെന്നും ഇന്ത്യയിൽ തന്നെ ചുരുക്കം സെന്ററുകളിൽ മാത്രമാണ് ഈ സൗകര്യമുള്ളതെന്നും ഡോ. ഹാരിഷ് കരീം വ്യക്തമാക്കി. സീനിയർ കൺസട്ടന്റുമാരായ ഡോ. മധു ശശിധരൻ, ഡോ. അജിത് കെ. നായർ, അസോസിയറ്റ് കൺസർട്ടന്റ് ഡോ. അരുൺ പി എന്നിവരും ചികിത്സയുടെ ഭാഗമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.