തിരുവനന്തപുരം മെഡിക്കൽ കോളജിൽ മൃതദേഹങ്ങൾ വിട്ടുനൽകാതെ മണിക്കൂറുകളോളം തടഞ്ഞുവെക്കുന്നെന്ന്
text_fieldsതിരുവനന്തപുരം: കോവിഡിെൻറ മറവിൽ മെഡിക്കൽ കോളജിൽ മൃതദേഹങ്ങൾ വിട്ടുനൽകാതെ മണിക്കൂറുകളോളം തടഞ്ഞുവെക്കുന്നതായി പരാതി. പരേതരുടെ ബന്ധുക്കളെ വട്ടംചുറ്റിക്കുന്നത് ഒരു വിഭാഗം ജീവനക്കാർ.
കോവിഡ് 19െൻറ പശ്ചാത്തലത്തിൽ മെഡിക്കൽ കോളജ് ആശുപത്രിയിലെ കോവിഡേതര വാർഡുകളിൽ മരിക്കുന്നവരുടെ മൃതദേഹങ്ങളോടും അവരുടെ ബന്ധുക്കളോടുമാണ് ഒരു വിഭാഗം ജീവനക്കാരുടെ കണ്ണിൽ ചോരയില്ലാത്ത ക്രൂരത തുടരുന്നത്. കോവിഡ് ഒഴികെയുള്ള രോഗങ്ങൾക്ക് വിവിധ വാർഡുകളിലും തീവ്രപരിചരണ വിഭാഗങ്ങളിലും മരിക്കുന്നവരുടെ ബന്ധുക്കളാണ് ഇത്തരത്തിൽ ഒരുവിഭാഗം ആശുപത്രി ജീവനക്കാരുടെ ക്രൂരവിനോദത്തിന് ഇരകളാകുന്നത്. കഴിഞ്ഞദിവസം തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ മരിച്ച രോഗിയുടെ മൃതദേഹം മണിക്കൂറുകൾ കഴിഞ്ഞിട്ടും വിട്ടുനൽകാത്തതിനെതുടർന്ന് ബന്ധുക്കൾ പ്രതിഷേധിക്കുകയും ഒടുവിൽ സി.പി.എം നേതാവും മുൻ എം.എൽ.എയുമായ ബി. സത്യൻ നേരിട്ട് ഇടപെടുകയും ചെയ്തതോടെയാണ് അധികൃതർ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തത്.
ഹൃദയ സംബന്ധമായ അസുഖം നിമിത്തം ബുധനാഴ്ച വൈകുന്നേരം മെഡിക്കൽ കോളജിൽ 22ാം വാർഡിൽ മരിച്ച പാലോട് പെരിങ്ങമ്മല സ്വദേശിയുടെ മൃതദേഹം ഇത്തരത്തിൽ തടഞ്ഞുെവച്ച് മോർച്ചറിയിലാക്കിയ ജീവനക്കാർ വ്യാഴാഴ്ച രാവിലെയാണ് ബന്ധുക്കൾക്ക് മൃതദേഹം വിട്ടുനൽകാൻ തയാറായത്. ഇത്തരത്തിൽ ആശുപത്രി അധികൃതരുടെ മനുഷ്യത്വരഹിത നടപടികൾക്ക് വിധേയമായി മൃതദേഹങ്ങളുമായി മടങ്ങിപ്പോകുന്നവർ ബന്ധപ്പെട്ടവർക്ക് പരാതി നൽകാൻ തയാറാകാത്തത് ഇക്കൂട്ടരുടെ ഇത്തരം ദുഷ്ചെയ്തികൾ അനസ്യൂതം തുടരാൻ കാരണമാകുന്നുണ്ട്. കോവിഡേതര മരണങ്ങളിൽ മൃതദേഹങ്ങൾ വിട്ടുനൽകുന്നതിലുള്ള അനാസ്ഥയും വീഴ്ചയും അധികൃതർ കണ്ടിട്ടും കണ്ണടയ്ക്കുന്നതായും ആരോപണമുണ്ട്.
പരമാവധി രണ്ടുമണിക്കൂർ
മെഡിക്കൽ കോളജ് ആശുപത്രിയിൽ ഒരാളുടെ മരണം സ്ഥിരീകരിച്ചാൽ പൊലീസ് ഇൻക്വസ്റ്റ്, പോസ്റ്റ്മോർട്ടം, കോവിഡ് 19 പ്രോട്ടോകോൾ എന്നീ നടപടിക്രമങ്ങൾ ആവശ്യമില്ലാത്ത സാഹചര്യത്തിൽ പരമാവധി രണ്ടു മണിക്കൂറിനുള്ളിൽ മരണ രജിസ്ട്രേഷൻ നടപടിക്രമങ്ങൾ ഉൾപ്പെടെ പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കണമെന്നാണ് അധികൃതരുടെ നിർദേശം. ഇതിനായി 24 മണിക്കൂറും തുറന്നുപ്രവർത്തിക്കുന്ന ജനന-മരണ രജിസ്ട്രേഷൻ കൗണ്ടർപോലും മെഡിക്കൽ കോളജിൽ പ്രവർത്തിച്ചുവരുന്നുണ്ട്.
അതേസമയം ചികിത്സയിലിരിക്കെ മരിക്കുന്നവരുടെ മൃതദേഹങ്ങൾ മാനദണ്ഡങ്ങൾ പാലിച്ച് സമയബന്ധിതമായി ബന്ധുക്കൾക്ക് വിട്ടുനൽകുന്നതിൽ മനഃപൂർവമായി ചില ജീവനക്കാർ വൻവീഴ്ചയാണ് കാണിക്കുന്നത്. 2019 മുതൽ മെഡിക്കൽ കോളജ് ആശുപത്രി ഉൾപ്പെടെയുള്ള ആശുപത്രികളിലെല്ലാം കിടത്തി ചികിത്സക്കായി പ്രവേശിപ്പിക്കുന്നവരെ കോവിഡ് പരിശോധനക്ക് വിധേയമാക്കുന്നത് കർശനമാണ്. ഇത്തരത്തിൽ പരിശോധനയിൽ കോവിഡ് നെഗറ്റിവ് ആയവരെ ബന്ധപ്പെട്ട വാർഡുകളിലോ തീവ്രപരിചരണ വിഭാഗങ്ങളിലോ ഉൾപ്പെടെയുള്ള ചികിത്സാ വിഭാഗങ്ങളിൽ പ്രവേശിപ്പിക്കാറാണ് പതിവ്. രോഗം ഭേദമാകുന്ന മുറക്ക് ഇവരെ ഡിസ്ചാർജ് ചെയ്ത് മടക്കിയയക്കുകയും ചെയ്യും.
തന്ത്രപൂർവം സമ്മതപത്രം
അതേസമയം മെഡിക്കൽ കോളജിൽ കോവിഡ് ഇതരരോഗ ചികിത്സക്കെത്തി മരിക്കുന്നയാൾക്ക് വീണ്ടും കോവിഡ് ടെസ്റ്റ് നടത്തണമെന്ന ഒരു വിഭാഗം ജീവനക്കാരുടെ പിടിവാശിയാണ് മൃതദേഹങ്ങൾ പത്തും പതിനഞ്ചും മണിക്കൂറുകൾ ആശുപത്രിയിൽ കിടക്കാൻ കാരണമാകുന്നത്. രാത്രികാലങ്ങളിൽ മരിക്കുന്നവരുടെ ബന്ധുക്കളാണ് ജീവനക്കാരുടെ ഈ വഴിവിട്ട നടപടിയിൽ ദുരിതത്തിലാകുന്നത്.
തീവ്രപരിചരണ വിഭാഗം, വിവിധ വാർഡുകൾ തുടങ്ങിയ വിഭാഗങ്ങളിൽ ചികിത്സയിലിരിക്കെ രോഗം മൂർച്ഛിച്ച് മരിക്കുന്നവരുടെ ബന്ധുക്കളിൽനിന്നും മൃതദേഹം മോർച്ചറിയിൽ സൂക്ഷിക്കാനുള്ള സമ്മതപത്രം കൂടി തന്ത്രപൂർവം എഴുതിവാങ്ങിയാണ് ജീവനക്കാർ പരേതരുടെ ബന്ധുക്കളെ വട്ടംചുറ്റിക്കുന്നത്. മരണം രജിസ്റ്റർ ചെയ്ത് മടങ്ങിയെത്തുന്ന ബന്ധുക്കളോട് മൃതദേഹം മോർച്ചറിയിലേക്ക് മാറ്റണമെന്നും കോവിഡ് പരിശോധന ഫലം ലഭിച്ചാൽ മാത്രമേ വിട്ടുനൽകാൻ കഴിയൂവെന്നുമാണ് ജീവനക്കാർ പറഞ്ഞു ധരിപ്പിക്കുന്നത്. ഒടുവിൽ നിരാശരായി മൃതദേഹത്തിനായി ഒരു രാത്രി മുഴുവൻ മോർച്ചറിക്ക് മുന്നിൽ കാത്തിരിക്കേണ്ട ഗതികേടിലാണ് ബന്ധുക്കൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.