ബോണക്കാട്ടെ ലയങ്ങളുടെ അറ്റകുറ്റപ്പണി ഓണം കഴിഞ്ഞാലുടൻ -മന്ത്രി വി. ശിവൻകുട്ടി
text_fieldsവിതുര: ബോണക്കാട് എസ്റ്റേറ്റിലെ വാസയോഗ്യമല്ലാത്ത ലയങ്ങളുടെ പുനരുദ്ധാരണം ഓണം കഴിഞ്ഞാലുടൻ ആരംഭിക്കുമെന്ന് തൊഴിൽ മന്ത്രി വി. ശിവൻകുട്ടി. ലയങ്ങളുടെ പുനരുദ്ധാരണം സംബന്ധിച്ച് ബോണക്കാട് എസ്റ്റേറ്റിൽ ധനമന്ത്രി കെ.എൻ. ബാലഗോപാലിനൊപ്പം നടത്തിയ യോഗത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
പ്ലാന്റേഷൻ വർക്കേഴ്സ് റിലീഫ് ഫണ്ട് കമ്മിറ്റി മുഖാന്തരം ലയങ്ങളുടെ പുനരുദ്ധാരണം നടത്താൻ 2.71 കോടി രൂപ അനുവദിച്ചു. ജില്ല നിർമിതി കേന്ദ്രത്തിനാണ് നിർമാണ ചുമതല. ജില്ല കലക്ടർ ചെയർമാനായ പ്ലാന്റേഷൻ വർക്കേഴ്സ് റിലീഫ് ഫണ്ട് കമ്മിറ്റി മേൽനോട്ടം വഹിക്കുമെന്നും മന്ത്രി പറഞ്ഞു.
2015 മാർച്ചിൽ പ്രവർത്തനം അവസാനിച്ച ബോണക്കാട് എസ്റ്റേറ്റിലെ പൂട്ടിയ മൂന്ന് ഡിവിഷനുകളിലെ ലയങ്ങളാണ് പുതുക്കിപ്പണിയുക. മൂന്ന് ഡിവിഷനുകളിലായി 34 ലയങ്ങളിൽ 155 കുടുംബങ്ങളാണ് താമസിക്കുന്നത്. മന്ത്രിമാർ വാസയോഗ്യമല്ലാത്ത സ്ഥിതിയിലുള്ള ലയങ്ങൾ സന്ദർശിച്ചു.
സംസ്ഥാനത്തെ ലയങ്ങളിലെ വികസന പ്രവർത്തനങ്ങൾക്കായി കഴിഞ്ഞ ബജറ്റിൽ 10 കോടി രൂപ നീക്കിവെച്ചെന്ന് മന്ത്രി കെ.എൻ. ബാലഗോപാൽ പറഞ്ഞു. ബോണക്കാട് എസ്റ്റേറ്റ് സംബന്ധിച്ച് സാങ്കേതികവും നിയമപരവുമായ പ്രശ്നങ്ങളുണ്ട്. എങ്കിലും തൊഴിലാളികൾക്കായുള്ള ക്ഷേമ പദ്ധതി എന്ന നിലയിലാണ് ലയങ്ങളുടെ പുനരുദ്ധാരണം നടപ്പാക്കുന്നത്.
സാങ്കേതികക്കുരുക്ക് അഴിച്ച് എസ്റ്റേറ്റ് പഴയനിലയിൽ പ്രവർത്തിപ്പിക്കാൻ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇതുസംബന്ധിച്ച് തൊഴിൽ മന്ത്രിയുടെ അധ്യക്ഷതയിൽ എസ്റ്റേറ്റ് മാനേജ്മെൻറ് പ്രതിനിധികളുമായി യോഗം നടത്താൻ ലേബർ സെക്രട്ടറിയെ ചുമതലപ്പെടുത്തിയെന്ന് മന്ത്രി ശിവൻകുട്ടി അറിയിച്ചു. ബോണക്കാട്ടേക്ക് കൂടുതൽ ബസ് സർവിസ് ഏർപ്പെടുത്തുന്ന കാര്യം പരിശോധിക്കും. പൂട്ടിയ ബോണക്കാട്ടെ സ്കൂൾ വീണ്ടും തുറക്കാൻ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
യോഗത്തിൽ ജി. സ്റ്റീഫൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. വിതുര പഞ്ചായത്ത് പ്രസിഡന്റ് മഞ്ജുഷ ജി. ആനന്ദ്, ജില്ല പഞ്ചായത്തംഗം എ.എൻ. മിനി, തൊഴിൽ സെക്രട്ടറി അജിത് കുമാർ, കലക്ടർ ജെറോമിക് ജോർജ്, എ.ഡി.എം അനിൽ ജോസ് ജെ, വിവിധ ട്രേഡ് യൂനിയൻ നേതാക്കൾ, ലയങ്ങളിലെ കുടുംബങ്ങൾ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.