കൈക്കൂലി വാങ്ങവെ റവന്യൂ ഇൻസ്പെക്ടർ വിജിലന്‍സ് പിടിയില്‍
text_fieldsഅരുൺകുമാർ
തിരുവനന്തപുരം: ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റിന് കൈക്കൂലി വാങ്ങിയ റവന്യൂ ഇൻസ്പെക്ടർ വിജിലൻസ് പിടിയിൽ. തിരുവനന്തപുരം കോർപറേഷൻ ആറ്റിപ്ര സോണൽ ഓഫിസിലെ റവന്യൂ ഇൻസ്പെക്ടർ അരുൺകുമാറിനെ 2000 രൂപ കൈക്കൂലി പണവുമായി വിജിലൻസ് അറസ്റ്റ് ചെയ്തു.
ആറ്റിപ്ര കരിമണൽ ഭാഗത്ത് പരാതിക്കാരനും ഭാര്യയും ചേർന്ന് വാങ്ങിയ ഫ്ലാറ്റിന്റെ ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റിനായി രണ്ടാഴ്ച മുമ്പ് പരാതിക്കാരൻ ആറ്റിപ്ര സോണൽ ഓഫിസിൽ അപേക്ഷ സമർപ്പിച്ചിരുന്നു. തുടർന്ന് പരിശോധനക്കെത്തിയ റവന്യൂ ഇൻസ്പെക്ടറായ അരുൺകുമാർ പരിശോധന കഴിഞ്ഞ് മടങ്ങുമ്പോൾ നടപടികൾ ത്വരിതഗതിയിലാക്കുന്നതിന് കൈക്കൂലിയുമായി ബുധനാഴ്ച ഓഫിസിൽ എത്തണമെന്ന് ആവശ്യപ്പെട്ടു.
പരാതിക്കാരൻ വിവരം വിജിലൻസ് തിരുവനന്തപുരം യൂനിറ്റ് പൊലീസ് ഡെപ്യൂട്ടി സൂപ്രണ്ട് ആർ. വിനോദ് കുമാറിനെ അറിയിച്ചു. അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള വിജിലൻസ് സംഘം കെണിയൊരുക്കി ബുധനാഴ്ച വൈകുന്നേരം മുന്നരയോടെ ഓഫിസിൽവെച്ച് പരാതിക്കാരനിൽനിന്ന് 2,000 രൂപ കൈക്കൂലി വാങ്ങവെ കൈയോടെ പിടികൂടുകയായിരുന്നു. പ്രതിയിൽനിന്ന് കണക്കിൽപെടാത്ത 7000 രൂപയും വിജിലൻസ് പിടിച്ചെടുത്തു.
അറസ്റ്റ് ചെയ്ത പ്രതിയെ തിരുവനന്തപുരം വിജിലൻസ് കോടതിയിൽ ഹാജരാക്കും. വിജിലൻസ് സംഘത്തിൽ ഡിവൈ.എസ്.പിയെ കൂടാതെ ഇൻസ്പെക്ടർമാരായ അനിൽകുമാർ.എസ്.എൽ, സനിൽകുമാർ.റ്റി.എസ്, പൊലീസ് സബ് ഇൻസ്പെക്ടർമാരായ അജിത് കുമാർ.കെ.വി, അനിൽകുമാർ.ബി.എം, സഞ്ജയ്, പൊലീസ് ഉദ്യോഗസ്ഥരായ പ്രമോദ്, അരുൺ, ഹാഷിം, അനീഷ്, അനൂപ്, കിരൺശങ്കർ, ജാസിം, ആനന്ദ് എന്നിവരും ഉണ്ടായിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.