ബി.എസ്.എൻ.എൽ നിക്ഷേപ തട്ടിപ്പ്: രണ്ടുപേർകൂടി അറസ്റ്റിൽ
text_fieldsതിരുവനന്തപുരം: ബി.എസ്.എൻ.എൽ എൻജിനീയേഴ്സ് സഹകരണ സംഘം നിക്ഷേപ തട്ടിപ്പിൽ രണ്ടുപേർകൂടി അറസ്റ്റിൽ. കേസിലെ മുഖ്യസൂത്രധാരന്മാരിൽ പ്രധാനിയും നാലാംപ്രതിയുമായ കമലേശ്വരം ടി.സി 49 /335 ശിവദാനം വീട്ടിൽ എ.ആർ. രാജീവ് (43), സുഹൃത്തും ബിനാമിയുമായ കരമന യമുന നഗറിൽ ടി.സി 12/52 ലീലാസദനത്തിൽ ഹരികുമാർ (50) എന്നിവരെയാണ് ക്രൈംബ്രാഞ്ച് സംഘം ശനിയാഴ്ച നാഗർകോവിലിലെ ലോഡ്ജിൽനിന്ന് മൂന്നാറിലേക്ക് പോകാനുള്ള ശ്രമത്തിനിടെ സാഹസികമായി പിടികൂടിയത്.
ക്രൈംബ്രാഞ്ചിനെ വെട്ടിച്ച് നാടുവിടാൻ ഉപയോഗിച്ച ഇന്നോവ കാറും അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. കേസിലെ ഒന്നാം പ്രതിയും ദീർഘകാലം സൊസൈറ്റി പ്രസിഡന്റും പിന്നീട് സെക്രട്ടറിയുമായിരുന്ന എ.ആർ. ഗോപിനാഥിനൊപ്പം തട്ടിപ്പിന്റെ ആസൂത്രണത്തിലും ഗൂഢാലോചനയിലും ഉൾപ്പെട്ടിരുന്നയാളാണ് ക്ലർക്കായ എ.ആർ. രാജീവെന്ന് അന്വേഷണസംഘം പറയുന്നു.
തട്ടിയെടുത്ത പണത്തിന്റെ വിനിയോഗത്തിനും കുറ്റകൃത്യത്തിനു ശേഷം ഒളിവിൽ പോകാനുമുൾപ്പെടെ രാജീവിന്റെ സഹായിയായി ഹരികുമാർ പ്രവർത്തിച്ചെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തൽ.
ഞായറാഴ്ച പേട്ടയിലെ ക്രൈംബ്രാഞ്ച് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം ഓഫിസിലെത്തിച്ച് ഡിവൈ.എസ്.പി സജാദിന്റെ നേതൃത്വത്തിൽ വിശദമായി ചോദ്യം ചെയ്തു. വൈകീട്ട് കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു. കൂടുതൽ അന്വേഷണങ്ങൾക്കായി വരും ദിവസങ്ങളിൽ ഇവരെ കസ്റ്റഡിയിൽ വാങ്ങും.
കേസിലെ ഒന്നാം പ്രതി ഗൗരീശപട്ടം സ്വദേശി എ.ആർ. ഗോപിനാഥിനെയും സംഘം സെക്രട്ടറിയും നേമം സ്വദേശിയുമായ പ്രദീപ് കുമാറിനെയും നേരത്തേ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു. 250 കോടിയോളം രൂപയുടെ നിക്ഷേപ തട്ടിപ്പാണ് ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ തെളിഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.