കൊള്ളപ്പലിശ: ജീവനൊടുക്കിയത് എല്ലാ വഴിയുമടഞ്ഞപ്പോൾ
text_fieldsകഴക്കൂട്ടം: കൊള്ളപ്പലിശയിൽ വെന്തൊടുങ്ങിയത് ഒരു കുടുംബത്തിലെ മൂന്ന് ജീവനുകൾ. വീടും പുരയിടവും വിറ്റ് കടം വീട്ടാമെന്ന യാചനപോലും പലിശക്കാർ ചെവിക്കൊള്ളാതെ വന്നതോടെയാണ് കഠിനംകുളം പടിഞ്ഞാറ്റുമുക്കിൽ 23കാരിയായ വിദ്യാർഥിനിയുൾപ്പെടെ കുടുംബത്തിലെ മൂന്നുപേർ ജീവനൊടുക്കിയത്. കാര്‍ത്തിക വീട്ടില്‍ രമേശന് (48), ഭാര്യ സുലജകുമാരി (46), മകള്‍ രേഷ്മ (23) എന്നിവര്‍ കിടപ്പുമുറിയില്‍വെച്ച് ദേഹത്ത് തീ കൊളുത്തുകയായിരുന്നു.
ഇവർ അടുത്ത ബന്ധുക്കളിൽനിന്നാണ് പണം കൂടുതലായി പലിശക്കെടുത്തത്. പണം ലഭിക്കാനുള്ള രണ്ട് വ്യക്തികൾ ഒരു കോടിയോളം വിലവരുന്ന വീടും വസ്തുവും കോടതി വഴി അറ്റാച്ച് ചെയ്തു. അതിലൊരാൾ 15 വർഷംമുമ്പ് വാങ്ങിയ അമ്പതിനായിരം രൂപക്ക് പലിശ മുടങ്ങിയതുകാരണം 25 ലക്ഷം രൂപക്കും മറ്റൊരാൾ ഒരു ലക്ഷം കടം വാങ്ങിയതിന് എട്ട് ലക്ഷം രൂപക്കുമാണ് വീടും പുരയിടവും അറ്റാച്ച് ചെയ്തത്. ഇതുകാരണം ഇവർക്ക് പുരയിടം വിറ്റ് കടം വീടാനായില്ല.
ലോൺ എടുക്കാനുള്ള ശ്രമവും പാളി. പണം പലിശക്ക് കൊടുത്ത പത്തോളം പേർ ആദ്യഘട്ടത്തിൽ കേസുമായി മുന്നോട്ടുപോയി. പ്രാദേശിക രാഷ്ട്രീയ നേതാക്കൾ ഇടപെട്ട് നടത്തിയ ചർച്ചയിൽ രണ്ടുപേരൊഴികെ ബാക്കിയുള്ളവർ കേസിൽനിന്ന് പിന്മാറി. ആത്മഹത്യ ചെയ്യാൻ ഉറപ്പിച്ചായിരുന്നു രമേശൻ വ്യാഴാഴ്ച രാവിലെയോടെ ഗൽഫിൽനിന്ന് എത്തിയത്.
മകൻ രോഹിത് വീട്ടിലില്ലാതിരുന്നപ്പോഴായിരുന്നു കൂട്ട ആത്മഹത്യ. ഗല്‍ഫിൽനിന്ന് എത്തിയ രമേശിനെ വ്യാഴാഴ്ച രാവിലെ ഭാര്യ സുലജ കുമാരിയാണ് വിമാനത്താവളത്തിൽ പോയി കൂട്ടിക്കൊണ്ടുവന്നത്. രമേശൻ വീട്ടിൽ വന്ന സമയംമുതല്‍ പുറത്തിറങ്ങിയില്ല. ഭാര്യയും മകളുമായി ചര്‍ച്ചയിലായിരുന്നു. രാത്രി 10വരെ സുലജകുമാരിയുടെ മാതാപിതാക്കളുമായി സംസാരിച്ചിരുന്ന ശേഷം ഭക്ഷണവും കഴിച്ചിട്ടാണ് മൂന്നുപേരും മുറിയില്‍ പ്രവേശിച്ചത്.
രാത്രി 11.30ഓടെ അടുത്ത മുറിയില്‍ കിടന്ന സുലജകുമാരിയുടെ മാതാപിതാക്കള്‍ ജനല്‍ ചില്ലുകളും മറ്റും പൊട്ടിത്തെറിക്കുന്ന ശബ്ദം കേട്ട് ഉണരുകയായിരുന്നു. വീടാകെ പുകയും മക്കള്‍ കിടന്ന മുറിയില്‍ തീയും ആളിപ്പടരുന്നത് കണ്ടു. ഇവരുടെ നിലവിളി കേട്ടാണ് പരിസരവാസികള്‍ ഓടിക്കൂടിയത്. മുറിയിൽ പ്രവേശിക്കാന്‍ കഴിയാത്ത രീതിയില്‍ പൂട്ടിയിരുന്നു. അപ്രതീക്ഷിതമായി സംഭവിച്ച ദുരന്തത്തിന്റെ നടുക്കത്തിൽനിന്ന് നാട് മുക്തമായിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.