മണലകത്ത് പ്ലാസ്റ്റിക് മാലിന്യം കത്തിച്ച നിലയിൽ; രണ്ടു ദിവസമായിട്ടും നടപടിയില്ല
text_fieldsപോത്തൻകോട്: ഗ്രാമപഞ്ചായത്തിലെ മണലകം വാർഡിലെ മൊഴിച്ചുകോണത്ത് ചാക്കു കണക്കിന് പ്ലാസ്റ്റിക് മാലിന്യം കത്തിച്ച നിലയിൽ കണ്ടെത്തി. നൂറുകണക്കിന് ചാക്കുകളിലാണ് പ്ലാസ്റ്റിക് മാലിന്യം കൊണ്ട് വന്നത്. അതിൽ പകുതിയോളം ചാക്കും കത്തിച്ച നിലയിലാണ്. വ്യാഴാഴ്ച രാവിലെ പതിനൊന്നോടെയാണ് സ്വകാര്യവസ്തുവിൽ പ്ലാസ്റ്റിക് മാലിന്യം കത്തിച്ചത്.
മംഗലപുരം പഞ്ചായത്തിലെ മുരിങ്ങമൺ വാർഡ് സ്വദേശിയായ സുരേഷിന്റെ ഉടമസ്ഥതയിലുള്ള വസ്തുവിലാണ് പ്ലാസ്റ്റിക് മാലിന്യം കത്തിച്ചത്. പോത്തൻകോട് പഞ്ചായത്തിലും ജില്ല ശുചിത്വ മിഷനിലും വാർഡംഗം നയന ഷമീർ വ്യാഴാഴ്ച പരാതി നൽകിയിരുന്നു. എന്നാൽ പ്ലാസ്റ്റിക് കത്തിച്ചവർക്കെതിരെ നടപടി സ്വീകരിക്കാൻ അധികൃതർ തയാറായിട്ടില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു. മണലകം വാർഡിൽ വിജനമായ റോഡുകളിൽ കക്കൂസ് മാലിന്യം ഉൾപ്പെടെ തള്ളുന്നത് പതിവാണ്. നാട്ടുകാർ ഉറക്കമിഴിച്ച് മാലിന്യം തള്ളുന്നവരെ പിടിച്ച് പൊലീസിന് കൈമാറിയാലും തുച്ഛമായ പിഴ ചുമത്തി നടപടി അവസാനിപ്പിക്കാറാണ് പതിവെന്ന് പറയുന്നു. നാലോളം കേസുകൾ രജിസ്റ്റർ ചെയ്തെങ്കിലും ചെറിയ പിഴയാണ് ചുമത്തിയതെന്നും ആരോപണമുണ്ട്. ഇതാണ് മറ്റുള്ള വരെയും ഈ പ്രദേശങ്ങളിൽ മാലിന്യം തള്ളാൻ പ്രേരിപ്പിക്കുന്നതെന്ന് നയന ഷമീർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.