മന്ത്രിസഭ പുനഃസംഘടന ചർച്ച മാധ്യമസൃഷ്ടിയല്ല; പിന്നിൽ ചില കേന്ദ്രങ്ങൾ: തുറന്നടിച്ച് മന്ത്രി ആന്റണി രാജു
text_fieldsതിരുവനന്തപുരം: മന്ത്രിസഭ പുനഃസംഘടനയുമായി ബന്ധപ്പെട്ട ചർച്ചകൾക്ക് ഇപ്പോൾ പ്രസക്തിയില്ലെന്ന് മന്ത്രി ആന്റണി രാജു. ഇതുമായി ബന്ധപ്പെട്ടു നടക്കുന്ന ചർച്ചകൾ മാധ്യമസൃഷ്ടി മാത്രമല്ലെന്നും പിന്നിൽ മറ്റു ചിലകേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കരുത്തുറ്റ മുന്നണിയാണ് എൽ.ഡി.എഫ്. ഇടതുമുന്നണിയിൽ പ്രശ്നങ്ങളുണ്ടെന്ന് വരുത്തിത്തീർക്കാൻ ചിലർ ശ്രമം നടത്തുന്നുണ്ട്. ബുധനാഴ്ച ചേരുന്ന എൽ.ഡി.എഫ് യോഗം പുനഃസംഘടന ചർച്ച ചെയ്യുമെന്ന് കരുതുന്നില്ല. ഇനിയും രണ്ടു മാസത്തെ സമയമുണ്ട്. കൃത്യമായ തീരുമാനം എൽ.ഡി.എഫ് എടുക്കുമെന്നും മാധ്യമപ്രവർത്തകരോട് അദ്ദേഹം പറഞ്ഞു.
താൻ മന്ത്രിയാകാൻ ആഗ്രഹിച്ചിരുന്ന ഒരാളല്ലെന്ന് ആദ്യമേ പറഞ്ഞിട്ടുണ്ട്. മന്ത്രിസ്ഥാനം ആർക്കും സ്ഥിരമായി ഉള്ളതല്ല. മന്ത്രിയായിരിക്കുന്ന കാലത്ത് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ താൽപര്യങ്ങൾക്കനുസരിച്ച് ജനാഭിലാഷം മാനിച്ച് പരമാവധി നന്നായി പ്രവർത്തിക്കുകയാണ് പ്രധാനമെന്ന് അദ്ദേഹം പറഞ്ഞു.
മന്ത്രിയായത് ലാറ്റിൻ കാത്തലിക് അസോസിയേഷന്റെ തീരുമാന പ്രകാരമല്ലെന്നും താൻ ഒരു സമുദായത്തിന്റെയും മന്ത്രിയല്ലെന്നും ആന്റണി രാജു വ്യക്തമാക്കി. കെ.എൽ.സി.എ കോൺഗ്രസ് അനുകൂല സംഘടനയാണ്. കോൺഗ്രസ് നേതാക്കളാണ് ആ സംഘടനയുടെ ഭാരവാഹികൾ. കെ.എൽ.സി.എയുടെ തണലിൽ രാഷ്ട്രീയ പ്രവർത്തനം നടത്തിയ ആളല്ല ഞാൻ. കെ.ബി. ഗണേഷ് കുമാറിനെതിരായ ആരോപണങ്ങൾ വിലയിരുത്തേണ്ടത് ഇടതു മുന്നണിയാണെന്നും ആന്റണി രാജു കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.