തിരക്കിനിടയിലും കൊണ്ടും കൊടുത്തും സ്ഥാനാർഥികൾ
text_fieldsതിരുവനന്തപുരം: തെരഞ്ഞെടുപ്പ് കളം ചൂട് പിടിച്ചതോടെ കൊണ്ടും കൊടുത്തും മുന്നേറുകയാണ് സ്ഥാനാർഥികളും മുന്നണികളും. എൻ.ഡി.എ സ്ഥാനാർഥി രാജീവ് ചന്ദ്രശേഖരൻ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിക്കുന്നെന്നാരോപിച്ച് ഇടതുമുന്നണി രംഗത്തെത്തിയതാണ് ഇതിൽ ആദ്യത്തേത്. എൽ.ഡി.എഫ് തെരഞ്ഞെടുപ്പ് കമീഷൻ ചെയർമാനും ജനറൽ കൺവീനറും സംയുക്തമായി വാർത്തസമ്മേളനം വിളിച്ചായിരുന്നു ആരോപണമുന്നയിച്ചതും തെളിവ് നിരത്തിയതും.
‘യൂനിയൻ മിനിസ്റ്റർ രാജീവ് ചന്ദ്രശേഖർ’ എന്ന പേരിലാണ് അദ്ദേഹം മത്സരിക്കുന്നതെന്നും സ്ഥാനാർഥിയാണെങ്കിൽ പിന്നെ മന്ത്രി എന്നത് ഉപയോഗിക്കാൻ പാടില്ലെന്നുമായിരുന്നു ഇടതുമുന്നണിയുടെ ആരോപണം. മാർച്ച് 22 ന് പൂജപ്പുര എൽ.ബി.എസിൽ കേന്ദ്രമന്ത്രി എന്ന ഔദ്യോഗിക പദവി ഉപയോഗിച്ച് പരിപാടിയിൽ പങ്കെടുത്തുവെന്നതിന്റെ തെളിവും പുറത്തുവിട്ടു.
എന്നാൽ, രാജീവ് ചന്ദ്രശേഖറിന്റെ തെരഞ്ഞെടുപ്പിന് വലിയ സ്വീകാര്യത ലഭിച്ചതോടെ എൽ.ഡി.എഫ് നേതൃത്വം പരിഭ്രാന്തരായെന്നും അതിന്റെ തെളിവാണ് ഇത്തരം പരാതികളെന്നുമായിരുന്നു എൻ.ഡി.എയുടെ മറുപടി. പൂജപ്പുര എൽ.ബി.എസിൽ എൽ.ഡി.എഫ് സ്ഥാനാർഥി പന്ന്യൻ രവീന്ദ്രൻ 10.30 നും, എൻ.ഡി.എ സ്ഥാനാർഥി രാജീവ് ചന്ദ്രശേഖർ 11 നും വിദ്യാർഥികളുമായി സംവദിച്ചു.
ഒരേസ്ഥാപനത്തിൽ ഒരേ ദിവസം നടന്ന രണ്ട് പരിപാടികളിൽ ഒന്നു മാത്രം എങ്ങനെയാണ് തെരഞ്ഞെടുപ്പ് ചട്ടലംഘനമാകുന്നതെന്നാണ് എൻ.ഡി.എ നേതാക്കൾ ചോദിക്കുന്നത്. എന്നാൽ, പന്ന്യൻ പങ്കെടുത്തത് സ്ഥാനാർഥി എന്ന നിലയിലാണ് ഇടതുമുന്നണിയുടെ മറുപടി.
യു.ഡി.എഫ് സ്ഥാനാർഥി ശശി തരൂരിനെതിരെ എൻ.ഡി.എയുടെ ആരോപണവും പ്രത്യാരോപണവുമാണ് പിറ്റേ ദിവസം കണ്ടത്. കടൽക്ഷോഭം കാരണം പൊഴിയൂർ തീരം കടലെടുക്കുന്നത് തടയാൻ എം.പി എന്ന നിലയിൽ ശശി തരൂർ ഒന്നും ചെയ്തില്ലെന്നായിരുന്നു ആരോപണം. ബി.ജെ.പി തീരദേശ മേഖലയിൽ നുണപ്രചാരണം നടത്തി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതായി തരൂർ തിരിച്ചടിച്ചു.
പൊഴിയൂർ തീരം കടലെടുക്കുന്നത് സംബന്ധിച്ച വിഷയം കേന്ദ്ര സർക്കാറിനോട് ആവർത്തിച്ച് ആവശ്യപ്പെട്ടപ്പോഴെല്ലാം പൊഴിയൂരിലെ പുലിമുട്ട് നിർമാണം സംസ്ഥാന വിഷയമാണെന്ന് പറഞ്ഞുകൈയൊഴിഞ്ഞവരാണ് വ്യാജ അവകാശവാദവുമായി എത്തിയിരിക്കുന്നത്. പുലിമുട്ട് നിർമാണത്തിന് എത് മന്ത്രാലയം എത്ര രൂപ ഫണ്ട് അനുവദിച്ചുവെന്ന് വ്യക്തമാക്കാൻ ബി.ജെ.പി തയാറാകണമെന്നും തരൂർ ചോദിച്ചു.
ഇത്തരത്തിൽ വാക്പോര് ഒരു ഭാഗത്ത് തുടരുമ്പോഴും മറുഭാഗത്ത് പര്യടനവും പ്രചാരണവും സജീവമാണ്. നെയ്യാറ്റിൻകര മണ്ഡലം കേന്ദ്രീകരിച്ചായിരുന്നു ഇടതു സ്ഥാനാർഥി പന്ന്യൻ രവീന്ദ്രന്റെ പര്യടനം.
രാവിലെ 10ന് കുളത്തൂർ ഗവ. കോളജ്, വിശ്വഭാരതി സ്കൂൾ, കേരള ഓട്ടോമൊബൈൽസ്, നെയ്യാറ്റിൻകര താലൂക്കാശുപത്രി, റോളൻസ് ഹോസ്പിറ്റൽ, പെരുമ്പഴുതൂർ ഗവ. പോളിടെക്നിക്, കോടതി സമുച്ചയം തുടങ്ങിയ കേന്ദ്രങ്ങളിൽ എത്തി വോട്ട് തേടി. മലങ്കര ബിഷപ്പിനേയും സ്ഥാനാർഥി സന്ദർശിച്ചു. വൈകീട്ട് ഇടതു യുവജന സംഘടനകളുടെ പൗരത്വ ഭേദഗതി നിയമത്തിനെതിരായ നൈറ്റ് മാർച്ചിലും സ്ഥാനാർഥി പങ്കെടുത്തു.
മണ്ഡലം തെരഞ്ഞെടുപ്പ് കൺവെൻഷനുകളും വിവാഹ സന്ദർശനങ്ങളും വ്യക്തി സന്ദർശനങ്ങളുമെല്ലാമായി തിരക്കിലായിരുന്നു യു.ഡി.എഫ് സ്ഥാനാർഥി ശശി തരൂർ.
കല്ലിയൂർ മണ്ഡലം തെരഞ്ഞെടുപ്പ് കൺവെൻഷനും മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ് ഉദ്ഘാടനത്തിലും അദ്ദേഹം പങ്കെടുക്കുകയും ചെയ്തു. എം. വിൻസന്റ് എം.എൽ.എ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു . ചെമ്പഴന്തി കല്ലർത്തല ശ്രീ ബാലഭദ്രാദേവീക്ഷേത്രത്തിലെ പൊങ്കാലക്ക് ആശംസ അറിയിച്ചും സ്ഥാനാർഥിയെത്തി. ട്രിവാൻഡ്രം ക്ലബിൽ നടന്ന വിവാഹ ചടങ്ങിലും പങ്കെടുത്തു.
വോട്ടെടുപ്പിന് ഒരു മാസം ബാക്കി നിൽക്കെ എൻ.ഡി.എ സ്ഥാനാർഥി രാജീവ് ചന്ദ്രശേഖറിന്റെ മണ്ഡല പര്യടനം രണ്ടാം ഘട്ടത്തിലേക്ക് കടന്നു. തീരദേശ, നഗര മേഖലകളിലാണിപ്പോൾ പ്രചാരണം പുരോഗമിക്കുന്നത്. തിങ്കളാഴ്ച രാവിലെ വിവിധ വിവാഹച്ചടങ്ങുകളിൽ പങ്കെടുത്തു. പൂക്കോട് വെറ്റിറിനറി സർവകലാശാലയിലെ സിദ്ധാർഥന്റെ പിതാവ്, രാജീവ് ചന്ദ്രശേഖറെ സന്ദർശിച്ചു. പട്ടം മണ്ഡലം കമ്മിറ്റി ഓഫിസ് ഉദ്ഘാടനച്ചടങ്ങിലും അദ്ദേഹം പങ്കെടുത്തു.
കലാലയങ്ങളും പുതുവോട്ടർമാരെയും കേന്ദ്രീകരിച്ച് സ്ഥാനാർഥികൾ
ആറ്റിങ്ങൽ: ആറ്റിങ്ങൽ ലോക്സഭ മണ്ഡലത്തിലെ സ്ഥാനാർഥികൾ യുവ വോട്ടർമാരെ കാണുന്നതിനാണ് കൂടുതൽ സമയവും ചെലവഴിച്ചത്. യു.ഡി.എഫ് സ്ഥാനാർഥി അടൂർ പ്രകാശ് തിങ്കളാഴ്ച വെഞ്ഞാറമൂട് നടന്ന തലേക്കുന്നിൽ ബഷീർ അനുസ്മരണ പരിപാടിയിൽ പങ്കെടുത്താണ് പ്രചാരണം ആരംഭിച്ചത്. തുടർന്ന് അണ്ടൂർകോണം മണ്ഡലം കൺവെൻഷനിൽ പങ്കെടുത്തു. വൈകീട്ട് വർക്കലയിൽ പര്യടനം നടത്തുകയും ജനാർദന സ്വാമി ക്ഷേത്രത്തിൽ ആറാട്ട് ഉത്സവത്തിൽ പങ്കാളിയാവുകയും ചെയ്തു.
എൽ.ഡി.എഫ് സ്ഥാനാർഥി വി. ജോയി തിങ്കളാഴ്ച ചിറയിൻകീഴ് മണ്ഡലത്തിലാണ് പര്യടനം നടത്തിയത്. കാമ്പസുകൾ കേന്ദ്രീകരിച്ച് വിദ്യാർഥികളുമായുള്ള സംവാദങ്ങൾക്കും യുവ വോട്ടർമാരോട് വോട്ടഭ്യർഥിക്കുന്നതിനുമാണ് കൂടുതൽ സമയം ചെലവഴിച്ചത്. തുമ്പ സെൻറ് സേവിയേഴ്സ് കോളജ്, തോന്നയ്ക്കൽ എ.ജെ കോളജ് എന്നിവിടങ്ങളിൽ ജോയ്ഫുൾ കാമ്പസ് എന്ന കാമ്പയിനിന്റെ ഭാഗമായി വിദ്യാർഥികളുമായി സംവദിച്ചു.
ചൊവ്വാഴ്ച രാവിലെ 10.30 മുതൽ ജോയ്ഫുൾ കാമ്പസ് കാമ്പയിൻ നെടുമങ്ങാടിലെ നിയോജകമണ്ഡലത്തിലെ വിവിധ കാമ്പസുകളിൽ നടക്കും.
എൻ.ഡി.എ ആറ്റിങ്ങൽ ലോക്സഭ മണ്ഡലം സ്ഥാനാർഥി വി. മുരളീധരൻ തിങ്കളാഴ്ച ആറ്റിങ്ങൽ അമർജവാൻ സ്മൃതിമണ്ഡപത്തിൽ പുഷ്പാർച്ചനയോടെ തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചു.
എക്സ് സർവിസ് സംഘടനാ പ്രതിനിധികളുമായുള്ള ചർച്ച, തുടർന്ന് ആറ്റിങ്ങൽ കൊട്ടിയോട് കോളനി സന്ദർശനം ആറ്റിങ്ങൽ കോടതിയിൽ അഭിഭാഷകരുമായി കൂടിക്കാഴ്ച ടെക്സ്റ്റൈൽസ് ജീവനക്കാരുമായുള്ള കൂടിക്കാഴ്ച എന്നിവയ്ക്ക് സമയം ചെലവഴിച്ചു. വെഞ്ഞാറമൂട്ടിൽ പന്നിക്കെണിയിൽപ്പെട്ട് മരണമടഞ്ഞ യുവാവിന്റെ വീട് സന്ദർശിച്ചു. ഒറ്റൂർ, നാവായിക്കുളം, കരവാരം എന്നിവിടങ്ങളിൽ പദയാത്രകൾക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.