പരസ്യപ്രചാരണം അവസാനിച്ചിട്ടും പിരിമുറുക്കം മാറാതെ സ്ഥാനാർഥികൾ
text_fieldsതിരുവനന്തപുരം: പരസ്യപ്രചാരണം ആവേശത്തോടെ കൊട്ടിയവസാനിച്ചെങ്കിലും മത്സരവീര്യവും പിരിമുറുക്കവും അൽപംപോലും അയഞ്ഞിട്ടില്ലെന്ന് തെളിയിക്കുന്നതായിരുന്നു ശനിയാഴ്ചത്തെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ.
നിശ്ശബ്ദ പ്രചാരണദിനമായ തിങ്കളാഴ്ച മൂന്ന് മുന്നണികളും ശക്തമായ മത്സരം കാഴ്ചവെക്കുന്ന തിരുവനന്തപുരം കോർപറേഷനിൽ ആടി നിൽക്കുന്ന വോട്ടുകൾ ഉറപ്പിക്കാൻ ആളും ആരവവും ഉപേക്ഷിച്ച് സ്ഥാനാർഥികൾ വോട്ടുതേടി വീട്ടുകളിലെത്തി. തന്ത്രങ്ങൾ ആവിഷ്കരിക്കുന്ന നിർണായക യോഗങ്ങളായിരുന്നു മൂന്ന് മുന്നണികളുടെ ബൂത്തുകൾ കേന്ദ്രീകരിച്ച് നടന്നത്.
ത്രികോണപോരിന് കളമൊരുങ്ങിയിരിക്കുന്ന വാർഡുകളിൽ ഓരോ വോട്ടും വിലപ്പെട്ടതാണെന്നതിനാൽ പരമാവധി വോട്ടർമാരെ പോളിങ് ബൂത്തിലെത്തിക്കുകയെന്നതാണ് പ്രവർത്തർക്കും നേതാക്കൾക്കുമുള്ള വെല്ലുവിളി.
കോവിഡ് കാലത്ത് പ്രായമായവർ വോട്ട് ചെയ്യാൻ വരുമോയെന്ന ആശങ്ക പാർട്ടികൾക്കുണ്ട്. ഓരോ പ്രദേശവും കേന്ദ്രീകരിച്ച് സബ് കമ്മിറ്റികൾ രൂപവത്കരിച്ചാണ് വോട്ടർമാരെ എത്തിക്കാൻ എൽ.ഡി.എഫ് പദ്ധതിയിട്ടിരിക്കുന്നത്.
ഉച്ചവരെ വോട്ടിങ് ശതമാനം നോക്കിയശേഷം വോട്ട് ചെയ്യാൻ മടിച്ചുനിൽക്കുന്നവരെയടക്കം വാഹനങ്ങളയച്ച് ബൂത്തിലെത്തിക്കാനുള്ള തന്ത്രങ്ങളാണ് യു.ഡി.എഫിനും ബി.ജെ.പിക്കുമുള്ളത്. റെബൽ ഭീഷണി നിലനിൽക്കുന്ന വാർഡുകളിൽ അവസാന മണിക്കൂറിൽ പ്രധാന നേതാക്കളെവരെ വീടുകളിലെത്തിച്ച് വോട്ട് ഉറപ്പിക്കാനായിരുന്നു കോൺഗ്രസ് സ്ഥാനാർഥികൾക്ക് ലഭിച്ച നിർദേശം. ശാസ്തമംഗലത്ത് ശാസ്തമംഗലം ഗോപനായി എം.എൽ.എമാരായ വി.എസ്. ശിവകുമാറും കെ.എസ്. ശബരിനാഥനും വോട്ടഭ്യർഥിച്ച് വീടുകളിലെത്തി.
വോട്ടിങ് ദിനത്തിൽ വോട്ടർമാരുടെ മനം കവരാൻ വോട്ടിങ് കേന്ദ്രത്തിലേക്കുള്ള വീഥികൾ തോരണങ്ങളും പോസ്റ്ററുകളും ഫ്ലക്സുകളും കൊണ്ട് നിറയ്ക്കാനുള്ള പ്രവർത്തനങ്ങളും ഒരുഭാഗത്ത് നടന്നു. ചിലയിടങ്ങളിൽ ചില്ലറ വാഗ്വാദങ്ങളും ഇതിനെച്ചൊല്ലി ഉണ്ടായി.
പോസ്റ്ററുകളും തോരണങ്ങളും കൊടികളും പോളിങ് ബൂത്തിന് നിശ്ചിത അകലത്തിൽ സ്ഥാപിച്ചായിരുന്നു അവസാനവട്ട ഒരുക്കം മുന്നണികൾ നടത്തിയത്. പോളിങ് ഏജൻറുമാരായി പാർട്ടിതലത്തിൽ തീരുമാനിച്ച പ്രവർത്തകർക്ക് പാസ് വൈകീട്ടോടെ എത്തിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.