സമരമഴയിൽ നനഞ്ഞ് തലസ്ഥാനം
text_fieldsതിരുവനന്തപുരം: തിങ്കളാഴ്ച രാവിലെ പെയ്ത മഴയ്ക്കൊപ്പം സമരങ്ങൾകൂടി എത്തിയതോടെ തലസ്ഥാനവാസികൾ വലഞ്ഞു. സെക്രട്ടേറിയറ്റിനും നിയമസഭക്കും യുവജന കമീഷൻ ഓഫിസിനും വിമെൻസ് കോളജിനും മുന്നിലുമായി നഗരത്തിലെങ്ങും പ്രതിഷേധ സമരങ്ങൾ അരങ്ങേറി.
ശമ്പള പരിഷ്കരണം നടപ്പാക്കാത്തതിനെതിരെ ജോയന്റ് കൗൺസിൽ പ്രതിഷേധ മാർച്ചും ധർണയും നടത്തിയപ്പോൾ സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ സെക്രട്ടേറിയറ്റിനു മുന്നിൽ ശയനപ്രദക്ഷിണം നടത്തി. ശമ്പള പരിഷ്കരണം യാഥാർഥ്യമാക്കമെന്നാവശ്യപ്പെട്ടാണ് എൻ.ജി.ഒ അസോസിയേഷൻ നിയമസഭാമാർച്ച് നടത്തിയത്.
നാലു വർഷ ബിരുദം നടപ്പാക്കരുതെന്ന് ആവശ്യപ്പെട്ട് അഖിലേന്ത്യാ സേവ് എജുക്കേഷൻ കമ്മിറ്റി സെക്രട്ടേറിയറ്റിന് മുന്നിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. സ്വർണക്കടത്തുകാരെ സഹായിക്കുന്ന യുവജന കമീഷൻ ചെയർമാൻ എം. ഷാജർ രാജിവെക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് യുവജന കമീഷൻ ഓഫിസിലേക്ക് മാർച്ച് നടത്തി.
നാലുവർഷ ബിരുദ പ്രോഗ്രാമിന്റെ ഉദ്ഘാടന വേദിയായ ഗവ. വനിതാ കോളജിന്റെ കവാടം തള്ളിത്തുറന്ന് മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിക്കാൻ ശ്രമിച്ച എ.ഐ.ഡി.എസ്.ഒ വിദ്യാർഥികളെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.
മുഖ്യമന്ത്രിയാണ് ശയനപ്രദക്ഷിണം നടത്തേണ്ടതെന്ന് ചെന്നിത്തല
ശമ്പളപരിഷ്കരണം നടപ്പാക്കാതെയും ഡി.എ അനുവദിക്കാതെയും സർക്കാർ ജീവനക്കാരെ ബുദ്ധിമുട്ടിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനാണ് ശയനപ്രദക്ഷിണം നടത്തേണ്ടതെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിന് മുന്നിൽ നടന്ന ശയനപ്രദക്ഷിണ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പങ്കാളിത്ത പെൻഷൻ പിൻവലിക്കുമെന്ന് പലവട്ടം പറഞ്ഞ സർക്കാർ എന്തുകൊണ്ടാണ് പിന്നോട്ട് പോകുന്നത്. ഇതിനെക്കുറിച്ച് പഠിച്ച അന്വേഷണ കമീഷന്റെ റിപ്പോർട്ട് പോലും പുറത്തുവിട്ടില്ല. സർക്കാർ ജീവനക്കാരുടെ കൈയിൽനിന്ന് പണം പിടുങ്ങി ജീവാനന്ദം പദ്ധതി നടപ്പാക്കാമെന്ന മോഹം മനസിൽ വച്ചാൽ മതിയെന്നും ചെന്നിത്തല പറഞ്ഞു.
അമ്പതിലധികം വരുന്ന സർവിസ് സംഘടന പ്രവർത്തകർ ശയന പ്രദക്ഷിണം നടത്തി. സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ കൺവീനർ എം.എസ്. ഇർഷാദ് അധ്യക്ഷത വഹിച്ചു. പി.എൻ. മനോജ്കുമാർ, കുമാരി പി. അജിത, ഷിബു ജോസഫ്, കെ.പി. പുരുഷോത്തമൻ, എസ്. പ്രദീപ് കുമാർ എന്നിവർ പങ്കെടുത്തു.
‘ജീവനക്കാരെ ശത്രുപക്ഷത്ത് നിര്‍ത്തരുത്’
ലോകത്തിനാകെ മാതൃകയായ കേരള മോഡല്‍ വികസിപ്പിക്കുന്നതില്‍ നിർണായക പങ്ക് വഹിക്കുന്ന കേരളത്തിലെ സിവില്‍ സര്‍വിസിനെ ശത്രുപക്ഷത്ത് നിര്‍ത്തരുതെന്ന് ജോയിന്റ് കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി ജയശ്ചന്ദ്രന്‍ കല്ലിംഗല്‍.
2024 ജൂലൈ 1 മുതല്‍ സംസ്ഥാന ജീവനക്കാര്‍ക്കും അദ്ധ്യാപകര്‍ക്കും ലഭ്യമാകേണ്ട പന്ത്രണ്ടാം ശമ്പളപരിഷ്ക്കരണ നടപടികള്‍ അടിയന്തരമായി ആരംഭിക്കുക, കുടിശ്ശികയായ ക്ഷാമബത്ത ഉടന്‍ അനുവദിക്കുക, ലീവ് സറണ്ടര്‍ ആനുകൂല്യം പുനഃസ്ഥാപിക്കുക, മെഡിസെപ്പിലെ അപാകതകള്‍ പരിഹരിക്കുക, സംസ്ഥാന സര്‍ക്കാറിനെ സാമ്പത്തികമായി തകര്‍ക്കുന്ന കേന്ദ്രനയങ്ങള്‍ തിരുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ജോയന്റ് കൗണ്‍സില്‍ സംഘടിപ്പിച്ച മാര്‍ച്ചും ധര്‍ണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സംസ്ഥാന സെക്രട്ടേറിയറ്റംഗം പി. ഹരീന്ദ്രനാഥ് അധ്യക്ഷത വഹിച്ചു. കേരള സെക്രട്ടേറിയറ്റ് സ്റ്റാഫ് അസോസിയേഷൻ നേതാവ് എസ്. സുധികുമാര്‍, കെ.എൽ. സോയ (കെ.ജി.ഒ.എഫ്), ഷാജഹാന് (എ.കെ.എസ്.ടി.യു), ജോയൻറ് കൗണ്‍സില്‍ സംസ്ഥാന സെക്രട്ടേറിയറ്റംഗം പി. ശ്രീകുമാര്‍, തിരുവനന്തപുരം സൗത്ത് ജില്ല സെക്രട്ടറി വിനോദ് വി. നമ്പൂതിരി, നോര്‍ത്ത് ജില്ല സെക്രട്ടറി സതീഷ് കണ്ടല എന്നിവർ പങ്കെടുത്തു.
എൻ.ജി.ഒ അസോസിയേഷൻ നിയമസഭ മാർച്ച്
സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അടിസ്ഥാന ശമ്പളത്തിന്റെ 20 ശതമാനം ഇടക്കാലാശ്വാസമായി ജൂലൈ മാസത്തെ ശമ്പളത്തോടൊപ്പം അനുവദിക്കണമെന്ന് കേരള എന്‍.ജി.ഒ അസോസിയേഷന് നിയമസഭയിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ച് ഉദ്ഘാടനം ചെയ്തുകൊണ്ട് അസോസിയേഷന് സംസ്ഥാന പ്രസിഡന്റ് ചവറ ജയകുമാര്‍ ആവശ്യപ്പെട്ടു.
കേരള എന്‍.ജി.ഒ അസോസിയേഷന് തിരുവനന്തപുരം നോര്‍ത്ത് ജില്ല പ്രസിഡന്റ് ആര്.എസ്. പ്രശാന്ത് കുമാര്‍ അധ്യക്ഷത വഹിച്ചു. സൗത്ത് ജില്ല പ്രസിഡന്റ് വി.എസ്. രാഘേഷ്, ടി.ഒ. ശ്രികുമാര്‍, കല്ലമ്പലം സനൂസി, വിപ്രേഷ്കുമാര്‍, സുധീഷ് കുമാര്‍, ശ്രീഗണേഷ്, അക്ബര്‍ഷാ, രാഹുല്‍, വിന്‍സ്റ്റണ്‍ ഗോമസ്, ഹസീന എന്നിവർ പങ്കെടുത്തു.
സേവ് എജുക്കേഷൻ കമ്മിറ്റി പ്രതിഷേധം
നാലു വർഷത്തെ ബിരുദ പരിപാടി നടപ്പാക്കരുതെന്നാവശ്യപ്പെട്ട് അഖിലേന്ത്യാ സേവ് എജുക്കേഷൻ കമ്മിറ്റി സെക്രട്ടേറിയറ്റിനു മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധ സംഗമം മുൻ ഉന്നത വിദ്യാഭ്യാസ ഉപ ഡയറക്ടർ ഡോ. എം. ജ്യോതിരാജ് ഉദ്ഘാടനം ചെയ്തു. നാലുവർഷ ബിരുദ പരിപാടി ഉന്നത വിദ്യാഭ്യാസത്തിൻ്റെ മരണമണിയാണെന്ന് അദ്ദേഹം പറഞ്ഞു.
ഉന്നത വിദ്യാഭ്യാസ രംഗത്തെ ഡി.പി.ഇ.പിയാണ് നാലു വർഷ ബിരുദ പ്രോഗ്രാമെന്ന് വിദ്യാഭ്യാസ പ്രവർത്തകൻ എം. ഷാജർഖാൻ പറഞ്ഞു. അഡ്വ. ഇ.എൻ. ശാന്തിരാജ് അധ്യക്ഷത വഹിച്ചു. പ്രഫ. എ.വി. ജോർജ്, പ്രഫ. ഫ്രാൻസിസ് കളത്തുങ്കൽ, കെ. ബാബുരാജ്, എം.കെ. ഷഹസാദ്, കെ. ശശാങ്കൻ, ഡോ. വൈ. ജോൺസൺ എന്നിവർ പങ്കെടുത്തു.
ഷാജറിന്റെ രാജിക്കായി യൂത്ത് കോൺഗ്രസ് മാർച്ച്
സംസ്ഥാന യുവജന കമീഷൻ ചെയർമാൻ എം. ഷാജറിന്റെ രാജി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. യുവജന കമീഷൻ ആസ്ഥാനത്തേക്ക് നടത്തിയ മാർച്ച് യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡന്റ് നേമം ഷജീർ ഉദ്ഘാടനം ചെയ്തു. ക്വട്ടേഷൻ, സ്വർണക്കടത്തു സംഘങ്ങളുടെ ആജ്ഞാനുവർത്തികളായി സി.പി.എം മാറിയെന്നും ഷജീർ ആരോപിച്ചു. അഫ്സൽ, സയ്യിദ് അലി, റമീസ് തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.