ഓറഞ്ച് അലർട്ടിൽ തലസ്ഥാനം; 19 ദിവസത്തിനിടയിൽ ലഭിച്ചത് 99 ശതമാനം അധികമഴ
text_fieldsതിരുവനന്തപുരം: രണ്ട് ദിവസത്തെ ഇടവേളക്കുശേഷം തലസ്ഥാനം വീണ്ടും മഴ ഭീഷണിയിൽ. ബുധൻ, വ്യാഴം ദിവസങ്ങളിൽ ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. മണിക്കൂറിൽ 115.6 മില്ലിമീറ്റർ മുതൽ 204.4 മില്ലിമീറ്റർ വരെ അതിശക്തമായ മഴയാണ് പ്രവചിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ വലിയ അളവിൽ മഴ ലഭിച്ച പ്രദേശങ്ങളിൽ മഴ തുടരുന്ന സാഹചര്യത്തിൽ താഴ്ന്ന പ്രദേശങ്ങൾ, നദീതീരങ്ങൾ, ഉരുൾപൊട്ടൽ-മണ്ണിടിച്ചിൽ സാധ്യതയുള്ള മലയോര പ്രദേശങ്ങൾ എന്നിവിടങ്ങളിൽ താമസിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് കലക്ടർ ഡോ. നവ്ജ്യോത് ഖോസ അറിയിച്ചു.
അതേസമയം പ്രതീക്ഷിച്ചതിനെക്കാളും 99 ശതമാനം അധികമഴയാണ് ഇതിനോടകം തിരുവനന്തപുരത്ത് ലഭിച്ചിരിക്കുന്നത്. ഒക്ടോബർ ഒന്നുമുതൽ 19വരെ 177.3 മി.മീറ്റർ മഴ ലഭിക്കേണ്ട സ്ഥാനത്ത് 353.4 മി.മീറ്റർ മഴയാണ് ലഭിച്ചിരിക്കുന്നത്. ജില്ലയിൽ പുതുതായി 20 ക്യാമ്പുകളാണ് തുറന്നിട്ടുള്ളത്. ഇവിടെ 177 കുടുംബങ്ങളിലെ 630 പേരെയാണ് മാറ്റിപ്പാർപ്പിട്ടുള്ളത്. ഇതിൽ 137 പേർ കുട്ടികളാണ്. അതിശക്തമായ മഴയിൽ മൂന്നു വീടുകൾ പൂർണമായും 179 വീടുകൾ ഭാഗികമായും തകർന്നു.
15 കോടിയുടെ കൃഷി നാശം
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്ത മഴയിൽ ജില്ലയിൽ 15.08 കോടിയുടെ കൃഷി നാശമെന്ന് പ്രാഥമിക കണക്ക്. 5830 കർഷകരുടെ 625.66 ഹെക്ടർ കൃഷിയാണ് നശിച്ചത്.
മത്സ്യബന്ധനം പാടില്ല
ഒക്ടോബർ 22വരെ കേരള -ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർവരെ വേഗത്തിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മേൽസാഹചര്യത്തിൽ ഈ ദിവസങ്ങളിൽ കേരള-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യത്തൊഴിലാളികൾ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കലക്ടർ അറിയിച്ചു.
പ്രത്യേക ശ്രദ്ധക്ക്
- മലയോര മേഖലയിലേക്കുള്ള രാത്രി സഞ്ചാരം പൂർണമായി ഒഴിവാക്കുക.
- വിവിധ തീരങ്ങളിൽ കടലാക്രമണം ശക്തമാകാൻ സാധ്യതയുള്ളതിനാൽ അപകടമേഖലകളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണം. ആവശ്യമായ ഘട്ടത്തിൽ മാറി താമസിക്കണം. മത്സ്യബന്ധനോപാധികൾ സുരക്ഷിതമാക്കി വെക്കണം.
- അടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവരും മേൽക്കൂര ശക്തമല്ലാത്ത വീടുകളിൽ താമസിക്കുന്നവരും വരും ദിവസങ്ങളിലെ മുന്നറിയിപ്പുകളുടെ അടിസ്ഥാനത്തിൽ സുരക്ഷ കരുതി മാറി താമസിക്കാൻ തയാറാകണം.
- സ്വകാര്യ-പൊതു ഇടങ്ങളിൽ അപകടവസ്ഥയിൽ നിൽക്കുന്ന മരങ്ങൾ/പോസ്റ്റുകൾ/ബോർഡുകൾ തുടങ്ങിയവ സുരക്ഷിതമാക്കേണ്ടതും മരങ്ങൾ കോതി ഒതുക്കേണ്ടതുമാണ്. അപകടാവസ്ഥകൾ അധികൃതരുടെ ശ്രദ്ധയിൽപെടുത്തണം.
- ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറേണ്ടുന്ന ഘട്ടങ്ങളിൽ പൂർണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിക്കണം.
- ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിൽ ഒരു കാരണവശാലും നദികൾ മുറിച്ചുകടക്കാനോ, നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീൻപിടിക്കാനോ മറ്റ് ആവശ്യങ്ങൾക്കോ ഇറങ്ങരുത്
- ജലാശയങ്ങൾക്ക് മുകളിലെ മേൽപ്പാലങ്ങളിൽ കയറി കാഴ്ച കാണുകയോ സെൽഫിയെടുക്കുകയോ കൂട്ടം കൂടി നിൽക്കുകയോ ചെയ്യരുത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.