കേരള ലോകായുക്തയിൽ കേസ് ഫയലിങ് വർധിച്ചു
text_fieldsതിരുവനന്തപുരം: കേരള ലോകായുക്തയിൽ ഫയൽ ചെയ്യപ്പെടുന്ന കേസുകളുടെ എണ്ണത്തിൽ സമീപകാലത്തുണ്ടായ വർധനവിന്റെ പശ്ചാത്തലത്തിലും പരാതിക്കാരുടെയും അഭിഭാഷകരുടെയും ആവശ്യം പരിഗണിച്ചും ജനുവരി ഒന്നിന് വെക്കേഷൻ സിറ്റിങ് നടത്തും. ലോകായുക്ത ജസ്റ്റിസ് എൻ. അനിൽകുമാർ കേസുകൾ പരിഗണിക്കും.
രണ്ട് ഉപലോകായുക്തമാരുടെയും അഭാവത്തിൽ ആഗസ്റ്റ് മുതൽ ലോകായുക്ത ജസ്റ്റിസ് എൻ. അനിൽകുമാറാണ് സിംഗിൾ ബെഞ്ച് കേസുകൾ പരിഗണിച്ചുവരുന്നത്. ഈ ചുരുങ്ങിയ കാലയളവിൽ 270 പുതിയ കേസുകളാണ് സിംഗിൾ ബെഞ്ചിൽ ഫയൽ ചെയ്യപ്പെട്ടിട്ടുള്ളത്. 2024ലെ പുതിയ കേസുകളുടെ ഫയലിങ് 362 കഴിഞ്ഞു. സ്വത്തുവിവരം നിശ്ചിത സമയപരിധിക്കുള്ളിൽ സമർപ്പിക്കുന്നതിൽ വീഴ്ചവരുത്തിയ 791 പൊതുപ്രവർത്തകർക്കെതിരെ പ്രോപ്പർട്ടി സ്റ്റേറ്റ്മെന്റ് കേസ് രജിസ്റ്റർ ചെയ്തതിന്റെ അടിസ്ഥാനത്തിൽ ഇക്കാലയളവിൽ നോട്ടീസ് അയച്ചു.
രണ്ട് ഉപലോകായുക്തമാർ കൂടി സ്ഥാനം ഏൽക്കുന്നതോടെ കേരള ലോകായുക്തയിൽ ഫയൽ ചെയ്യപ്പെടുന്ന കേസുകളുടെ എണ്ണത്തിൽ കാര്യമായ വർധന പ്രതീക്ഷിക്കുന്നു. സഹകരണ സൊസൈറ്റികളിലെയും സഹകരണ ബാങ്കുകളിലെയും നിക്ഷേപം ആവശ്യപ്പെട്ടിട്ടും തിരികെ ലഭിക്കുന്നില്ല, സ്കൂൾ കലോത്സവ നടത്തിപ്പിലെ കെടുകാര്യസ്ഥത, ലാൻഡ് ടാക്സ് സ്വീകരിക്കുന്നതും പോക്കുവരവ് ചെയ്യുന്നതും നിരസിക്കൽ, സഹകരണ സൊസൈറ്റികളുടെയും സഹകരണ ബാങ്കുകളുടെയും ഏകപക്ഷീയമായ റവന്യൂ റിക്കവറി നടപടി, പൊലീസ് അതിക്രമം എന്നിവയെല്ലാം പരാതികളുടെ കൂട്ടത്തിൽ ഉൾപ്പെടും.
കേസുകൾ ഫയൽ ചെയ്യുന്നതിനുള്ള നടപടിക്രമങ്ങൾ ലളിതമാക്കിയിട്ടുണ്ട്. ഫയലിങ്ങിന് കക്ഷികളെ സഹായിക്കുന്നതിന് ഹെൽപ് ഡെസ്ക് സംവിധാനവും ഏർപ്പെടുത്തി. പരാതി ഫോം www.lokayuktakerala.com ഔദ്യോഗിക വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാം. പരാതികൾ നിയമസഭ സമുച്ചയത്തിലെ ലോകായുക്തയുടെ ഓഫിസിൽ നേരിട്ട് ഫയൽ ചെയ്യുകയോ തപാൽവഴി അയച്ചുനൽകുകയോ ചെയ്യാം. ക്യാമ്പ് സിറ്റിങ് നടക്കുന്ന കണ്ണൂർ, കോഴിക്കോട്, തൃശൂർ, കോട്ടയം ജില്ലകളിൽ അന്നേ ദിവസം പുതിയ കേസുകൾ ഫയൽ ചെയ്യുന്നതിനുള്ള സൗകര്യം ഉണ്ടായിരിക്കും. കൂടുതൽ വിവരങ്ങൾക്ക്: 0471 2300362, 2300495.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.