കവടിയാറിൽ ഹോട്ടലിന്റെ മുകൾനിലയിൽ വൻതീപിടിത്തം
text_fieldsപേരൂർക്കട: റെസ്റ്റാറൻറിെൻറ ജനറേറ്ററിൽനിന്ന് തീപിടിച്ച് ജീവനക്കാരുടെ താമസസ്ഥലം കത്തിനശിച്ചു. കവടിയാർ നർമദ ജങ്ഷനിൽ പ്രവർത്തിക്കുന്ന ഹോട്ടലിെൻറ മുകൾനിലയിലാണ് വൻതീപിടിത്തമുണ്ടായത്. റെസ്റ്റാറൻറിലെ ജീവനക്കാർ താമസിക്കുന്ന അതേ നിലയിലാണ് ജനറേറ്ററും സ്ഥാപിച്ചിരിക്കുന്നത്. ജനറേറ്റർ ഓൺ ചെയ്യാൻ ശ്രമിക്കുന്നതിനിടെ ഷോർട്ട് സർക്യൂട്ടുണ്ടായി തീ പടർന്നുപിടിക്കുകയായിരുന്നെന്ന് പറയപ്പെടുന്നു. കെട്ടിടത്തിൽ കുടുങ്ങിയ തൊഴിലാളികളെ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർ രക്ഷിച്ചു. ഫയർഫോഴ്സ് എത്തി മണിക്കൂറുകൾ നീണ്ട ശ്രമത്തിലാണ് തീയണച്ചത്.
വെള്ളയമ്പലം-പേരൂർക്കട പ്രധാനപാതയിലെ കവടിയാർ നർമദ ജങ്ഷനിൽ സ്പെയിസ് റെസ്റ്റാറൻറിെൻറ മൂന്നാം നിലയിൽ ഉച്ചക്കുശേഷം രണ്ടേകാലോടെയാണ് തീപിടിത്തമുണ്ടായത്. കെട്ടിടത്തിെൻറ മുകൾനിലയിൽ അതിഥി തൊഴിലാളികൾ താമസിച്ചിരുന്നു. ഇവരെ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർ ഏണി വഴി താഴെ ഇറക്കിയശേഷം ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആറ് യൂനിറ്റ് ഫയർഫോഴ്സ് എത്തി തീ കെടുത്തി. മൂന്നാം നിലയിലുണ്ടായിരുന്ന സാധനങ്ങള് പൂർണമായും കത്തിനശിച്ചു.
ടോൾ ജങ്ഷനിലെ ബ്രാഹ്മിൻസ് കോളനി ട്രാൻസ്ഫോർമറിലെ അറ്റകുറ്റപ്പണികൾക്കുശേഷം മടങ്ങാനൊരുങ്ങുമ്പോഴാണ് ഹോട്ടലിലെ അഗ്നിബാധ കെ.എസ്.ഇ.ബി ജീവനക്കാരുടെ ശ്രദ്ധയിൽപെടുന്നത്. റെസ്റ്റാറൻറിലെ ജീവനക്കാർ കെട്ടിടത്തിെൻറ മുകളിലെ നിലയിൽ കുടുങ്ങിയ നിലയിലായിരുന്നു. സ്ഥലത്തേക്ക് ഓടിയെത്തിയ ജീവനക്കാർ ജീപ്പിലുണ്ടായിരുന്ന ഏണി കെട്ടിടത്തിൽ ചാരി, മുകളിലേക്ക് വടമെറിഞ്ഞു കൊടുത്ത് റെസ്റ്റാറൻറ് ജീവനക്കാരെ രക്ഷിക്കുകയായിരുന്നു.
പേരൂർക്കട സെക്ഷനിലെ സബ് എൻജിനീയർ സുരേഷ് കുമാറിെൻറ നേതൃത്വത്തിൽ ഓവർസിയർ ഭുവനചന്ദ്രൻ, ലൈൻമാന്മാരായ അനിൽ കുമാർ എം.എസ്, സഞ്ജൻ കെ.വി, വർക്കർമാരായ സജുകുമാർ എസ്, മുഹമ്മദ് ഷാഫി എം, സാബു ടി, ഷബീർ എസ്, മണികണ്ഠകുമാർ ഡി തുടങ്ങിയവരാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്. തിരുവനന്തപുരം നെടുമങ്ങാട് റോഡിൽ ഒരു മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.