കാന്റീനിലെ പഴയ എണ്ണയിൽനിന്ന് ബയോ ഡീസലുണ്ടാക്കി ബസ് ഓടിച്ച് സി.ഇ.ടി
text_fieldsതിരുവനന്തപുരം: ഉപയോഗശൂന്യമായ പാചക എണ്ണയിൽനിന്ന് നിർമിച്ച ബയോഡീസൽ ഉപയോഗിച്ച് കോളജ് ബസ് പ്രവർത്തിപ്പിച്ച് തിരുവനന്തപുരം ഗവ.എൻജിനീയറിങ് കോളജ് (സി.ഇ.ടി). മെക്കാനിക്കൽ എൻജിനീയറിങ് വിഭാഗവും കെ.എസ്.ഇ.ബിയും സംയുക്തമായി നടത്തുന്ന പ്രോജക്ടിന്റെ ഭാഗമായാണ് പുതിയ പരീക്ഷണ വിജയം.
കോളജ് ഹോസ്റ്റലിലെയും കാന്റീനിലെയും ഉപയോഗം കഴിഞ്ഞ പാചകഎണ്ണ ഉപയോഗിച്ചാണ് ബയോഡീസൽ നിർമിച്ച് ബസ് പ്രവർത്തിപ്പിച്ചത്. ബയോഡീസലിന് ഡീസലിന് സമാനമായ എൻജിൻ ക്ഷമതയുണ്ടെന്നും അന്തരീക്ഷമലിനീകരണത്തിനു കാരണമാകുന്ന കാർബൺ മോണോക്സൈഡ്, കാർബൺ ഡൈഓക്സൈഡ്, സൾഫർ സംയുക്തങ്ങൾ തുടങ്ങിയവയുടെ പുറന്തള്ളൽ ഡീസലിനെ അപേക്ഷിച്ച് വളരെ കുറവാണെന്നതും എൻജിൻ ടെസ്റ്റിലൂടെയും പുകപരിശോധന ഫലത്തിലൂടെയും സ്ഥിരീകരിച്ചു.
മെക്കാനിക്കൽ എൻജിനീയറിങ് വിഭാഗം അസോ.പ്രഫസർ ഡോ.എസ്. റാണി, കെമിസ്ട്രി വിഭാഗം പ്രഫസർ ഡോ. എം. മുഹമ്മദ് ആരിഫ്, ബാർട്ടൺഹിൽ ഗവ.എൻജിനീയറിങ് കോളജിലെ അസോ.പ്രഫസർ ഗോപകുമാർ എസ് എന്നിവരുടെ നേതൃത്വത്തിലെ സംഘമാണ് ദൗത്യത്തിന് പിന്നിൽ.
ചെലവ് കുറഞ്ഞ മാർഗങ്ങളിലൂടെ ബയോഡീസൽ നിർമിക്കാനും ഇന്ധനക്ഷമത വർധിപ്പിക്കാനും നൈട്രജൻ സംയുക്തങ്ങളുടെ ബഹിർഗമനം കുറക്കാനുമുള്ള ഗവേഷണങ്ങൾ പുരോഗമിക്കുകയാണ്.പാചകം ചെയ്യാൻ ഉപയോഗിച്ച എണ്ണ അസംസ്കൃത വസ്തുവായി ഉപയോഗിക്കുന്നതിലൂടെ എണ്ണയുടെ പാചകത്തിനായുള്ള പുനരുപയോഗം തടയാനാകും. ഒപ്പം ഫോസിൽ ഇന്ധനങ്ങളുടെ പാരിസ്ഥിതിക ആഘാതം കുറച്ച് വാഹനങ്ങളും യന്ത്രങ്ങളും പ്രവർത്തിപ്പിക്കുകയും ചെയ്യാം.
പരിസ്ഥിതി സൗഹൃദ സാങ്കേതിക വിദ്യകൾ ഉപയോഗപ്പെടുത്തുന്നതിന്റെ ഭാഗമായി 1.05 കോടി രൂപ ചെലവിൽ സി.ഇ.ടിയിൽ സുസ്ഥിര വികസനകേന്ദ്രം സെന്റർ പ്രവർത്തനസജ്ജമായിട്ടുണ്ട്.
മാലിന്യങ്ങളിൽനിന്ന് ഊർജോൽപാദനം സാധ്യമാക്കുന്നതിനുള്ള വിവിധ ഗവേഷണങ്ങൾ സെന്ററിന്റെ നേതൃത്വത്തിൽ പുരോഗമിക്കുന്നുണ്ട്. പ്ലാസ്റ്റിക്കിൽനിന്ന് ഇന്ധനവും ലൂബ്രിക്കന്റും, വ്യവസായിക അടിസ്ഥാനത്തിൽ വേഗത്തിലുള്ള ബയോഗ്യാസ് ഉൽപാദനം, കാറ്റിൽ നിന്ന് ഊർജോൽപാദനത്തിനുള്ള സാങ്കേതികവിദ്യ, ആശുപത്രി മാലിന്യങ്ങളിലെ രോഗാണു പടർച്ച ഇല്ലാതാക്കാനും മലിനജലത്തിലെ ആന്റിബയോട്ടിക് പ്രതിപ്രവർത്തന ബാക്റ്റീരിയകളുടെ സാന്നിധ്യം ഒഴിവാക്കാനുമുള്ള സാങ്കേതികവിദ്യ തുടങ്ങിയവ ഇതിനുദാഹരണമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.