മെഡിക്കല്‍ കോളജ് ആശുപത്രിയിൽ പാസ് നിയന്ത്രണത്തിൽ മാറ്റം
text_fieldsതിരുവനന്തപുരം: ആരോഗ്യമന്ത്രി വീണ ജോര്‍ജിന്‍റെ നിര്‍ദേശപ്രകാരം മെഡിക്കല്‍ കോളജ് ആശുപത്രിയിൽ സുരക്ഷാസംവിധാനം മെച്ചപ്പെടുത്തുന്നതിന് തീരുമാനം. പുതിയ തീരുമാനമനുസരിച്ച് രോഗികളുടെ കൂടെ ഒരു സമയം ഒരാള്‍ മാത്രമെന്ന രീതിയില്‍ പരമാവധി രണ്ട് കൂട്ടിരിപ്പുകാരെ അനുവദിക്കുകയും രണ്ടുപേര്‍ക്കും ആശുപത്രിയില്‍നിന്ന് പാസ് അനുവദിക്കുകയും ചെയ്യും.
ആശുപത്രിക്കുള്ളില്‍ അനാവശ്യ സഞ്ചാരങ്ങള്‍ക്ക് പാസ് ഉപയോഗിക്കാന്‍ പാടില്ല. അനധികൃതമായി ആശുപത്രിക്കുള്ളില്‍ ചുറ്റിത്തിരിയുന്നവരെ പൊലീസിന് കൈമാറും. ആശുപത്രി ജീവനക്കാര്‍, വിദ്യാർഥികൾ എന്നിവർ തസ്തിക വ്യത്യാസമില്ലാതെ തിരിച്ചറിയല്‍ കാര്‍ഡുകള്‍ ധരിക്കണം. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള എല്ലാ സ്ഥാപനങ്ങളിലും ബയോമെട്രിക് പഞ്ചിങ് നടപ്പാക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.
രോഗികള്‍ക്കായി പബ്ലിക് റിലേഷന്‍ ഓഫിസ് പ്രവര്‍ത്തനമാരംഭിച്ചു. സുരക്ഷാ വിഭാഗവുമായി ബന്ധപ്പെട്ട കാര്യങ്ങളും രോഗികളുടെ അഡ്മിഷൻ വിവരങ്ങളും പബ്ലിക് റിലേഷൻസ് ഓഫിസ് കൗണ്ടർ വഴി അറിയാം. പരാതികൾ സ്വീകരിക്കാനും സംവിധാനമൊരുക്കിയിട്ടുണ്ട്.
സ്റ്റേ പാസ് ടോക്കൺ സംവിധാനത്തിലേക്ക്
തിരുവനന്തപുരം: ഒരു രോഗിക്ക് രണ്ടു കൂട്ടിരിപ്പുകാരുണ്ടാകും. ഒരാൾ വാർഡിൽ രോഗിയോടൊപ്പം നിൽക്കേണ്ടതും രണ്ടാമൻ ടോക്കൺ പാസ് ഉപയോഗിക്കേണ്ടതുമാണ്. രോഗിക്ക് ആവശ്യമായ പരിശോധന ഫലങ്ങളും ആഹാരവും വാങ്ങിക്കൊടുക്കുന്നതിനാണ് ഇയാളെ നിയോഗിക്കേണ്ടത്.
ശേഷം രോഗിയെ കാണത്തക്കരീതിയിൽ വാർഡിന്‍റെ വരാന്തയിൽ വിശ്രമിക്കാം. അഡ്മിഷൻ ആകുമ്പോൾ അവരുടെ സൗകര്യാർഥം കൗണ്ടറിനെ സമീപിച്ച് അഡ്മിഷൻ സ്ലിപ് നൽകിയാൽ കമ്പ്യൂട്ടറിൽ രേഖപ്പെടുത്തി കൂട്ടിരിപ്പുകാർക്കുള്ള പാസ്/ടോക്കൺ നൽകും.
ടോക്കൻ സംവിധാന പ്രകാരം രോഗിയുടെ കൂടെയുള്ളയാൾ പുറത്തു പോകുമ്പോൾ ടോക്കൺ ഗേറ്റിൽ നൽകി പുറത്തേക്കുള്ള ടോക്കൺ വാങ്ങേണ്ടതും തിരികെ വാർഡിൽ പ്രവേശിക്കുമ്പോൾ മടക്കി വാങ്ങേണ്ടതുമാണ്. അത്യാവശ്യം ആരെങ്കിലും വന്നാൽ ഒരാൾ ടോക്കണുമായി പുറത്തിറങ്ങി ടോക്കൺ നൽകി വന്നയാളിന് പ്രവേശിക്കാവുന്നതാണ്.
വൈകുന്നേരം നാലുമുതൽ ആറുവരെയുള്ള ആശുപത്രി സന്ദർശനം പുനരാരംഭിക്കുമ്പോൾ അവർക്കായി ഒരു രോഗിക്ക് ഒരു ദിവസം നാല് സന്ദർശകർ എന്ന നിലക്ക് ഫ്രീ സന്ദർശന പാസ് ഏർപ്പെടുത്തുന്നതും ഇതിനായി രോഗിക്ക് മുൻകൂറായി ഒരാഴ്ചത്തേക്കുള്ള സന്ദർശന പാസ് നൽകുന്നതുമാണ്.
അത്യാഹിത വിഭാഗത്തിൽ എമർജൻസി പാസ് നൽകുന്നതാണ്. സർജറിക്കായി വരുന്ന ഒ.പി രോഗികൾക്കും മരുന്നു വാങ്ങുന്നതിനും മറ്റും ഒരു ദിവസത്തെ എമർജൻസി പാസ് നൽകുമെന്നും സൂപ്രണ്ട് ഡോ. എ. നിസാറുദീൻ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.