വിഴിഞ്ഞം തുറമുഖത്തിന്‍റെ പേരിൽ മാറ്റം; ലോഗോ കീർത്തിമുദ്രയെന്ന് മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ പുതിയ പേരും ലോഗോയും മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്തു. വിഴിഞ്ഞം ഇന്റർനാഷനൽ സീപോർട്ട് തിരുവനന്തപുരം എന്ന പേരിലാണ് ഇനി തുറമുഖം അറിയപ്പെടുക. ‘വി’ എന്ന ഇംഗ്ലീഷ് അക്ഷരത്തിനകത്തേക്ക് കപ്പൽ കയറിവരുന്ന തരത്തിലാണ് ലോഗോ. ഇത് തുറമുഖത്തിന്റെ കീർത്തിമുദ്രയായി തിളങ്ങട്ടെയെന്ന് മുഖ്യമന്ത്രി ആശംസിച്ചു. കേരളത്തിന്റെ സ്വപ്നപദ്ധതിയായ തുറമുഖം യാഥാർഥ്യമാകുന്നതോടെ അന്താരാഷ്ട്ര മറൈൻ ട്രാൻസ്ഷിപ്മെന്റ് രംഗത്ത് അനന്ത സാധ്യതകൾ തുറക്കും. ഒക്ടോബർ ആദ്യവാരം പ്രഥമ ചരക്കുകപ്പൽ വിഴിഞ്ഞം തുറമുഖത്തെത്തുന്നത് എല്ലാ മലയാളികളെയും ആഹ്ലാദിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
മന്ത്രി അഹമ്മദ് ദേവർകോവിൽ അധ്യക്ഷത വഹിച്ചു. വിഴിഞ്ഞം യാഥാർഥ്യമാകുന്നതോടെയുണ്ടാകുന്ന വ്യവസായ, ടൂറിസം സാധ്യതകൾ സർക്കാർ സമഗ്രമായി പരിശോധിച്ച് നടപ്പാക്കുകയാണെന്ന് തുറമുഖത്തിന്റെ വെബ്സൈറ്റും സോഷ്യൽ മീഡിയ ചാനലുകളും പ്രകാശനം ചെയ്ത് മന്ത്രി പി. രാജീവ് പറഞ്ഞു. കേരളത്തിൽ പലയിടത്തും ലോജിസ്റ്റിക് പാർക്ക് ആരംഭിക്കാമെന്ന് അദാനി വാഗ്ദാനം നൽകിയിട്ടുണ്ടെന്ന് അദ്ദേഹം സൂചിപ്പിച്ചു. തുറമുഖ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കെ.എസ്. ശ്രീനിവാസ്, വിഴിഞ്ഞം ഇന്റർനാഷനൽ സീപോർട്ട് മാനേജിങ് ഡയറക്ടർ ഡോ. അദീല അബ്ദുല്ല, അദാനി വിഴിഞ്ഞം പോർട്ട് മാനേജിങ് ഡയറക്ടർ രാജേഷ് ഝാ, മുൻ മന്ത്രി എം. വിജയകുമാർ, എം. വിൻസന്റ് എം.എൽ.എ എന്നിവരും പങ്കെടുത്തു. പോർട്ടിന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പേര് നൽകണമെന്ന് നേരത്തേ ആവശ്യമുന്നയിച്ച എം. വിൻസന്റ് നെഞ്ചിൽ അദ്ദേഹത്തിന്‍റെ ചിത്രം കുത്തിയാണ് പങ്കെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.