പോത്തൻകോട് സുധീഷ് കൊലപാതകം: കുറ്റപത്രം സമർപ്പിച്ചു
text_fieldsപോത്തൻകോട്: നാടിനെ ഞെട്ടിച്ച പോത്തൻകോട് കല്ലൂരിൽ സുധീഷ് വധക്കേസിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. പ്രതികൾ അറസ്റ്റിലായി 87 ദിവസത്തിനകമാണ് അന്വേഷണം പൂർത്തിയാക്കി തിരുവനന്തപുരം വഞ്ചിയൂർ സെഷൻസ് കോടതിയിൽ നെടുമങ്ങാട് ഡിവൈ.എസ്.പി എം.കെ. സുൽഫിക്കറിന്റെ നേതൃത്വത്തിൽ പോത്തൻകോട് പൊലീസ് കുറ്റപത്രം നൽകിയത്. 150 പേജുള്ള പഴുതടച്ച കുറ്റപത്രമാണ് നൽകിയതെന്ന് പൊലീസ് അറിയിച്ചു. കേസിൽ 11 പ്രതികളാണ് അറസ്റ്റിലായത്. ദൃക്സാക്ഷികൾ ഉൾപ്പെടെ 99 പേരെ സാക്ഷികളാക്കി. സി.സി.ടി.വി കാമറ ദൃശ്യങ്ങൾ, സുധീഷിന്റെ മരണമൊഴിയായുള്ള മൊബൈൽ ദൃശ്യം തുടങ്ങിയവയും കുറ്റപത്രത്തിനോടൊപ്പം സമർപ്പിച്ചിട്ടുണ്ട്.
മകന് എത്രയും വേഗം നീതി കിട്ടണമെന്നും അതിനായി സ്പെഷൽ പ്രോസിക്യൂട്ടറെ നിയമിക്കണമെന്നും കൊല്ലപ്പെട്ട സുധീഷിന്റെ മാതാവ് ലീല മുഖ്യമന്ത്രിയോടും ഉന്നത പൊലീസ് ഉദ്യോഗസ്ഥരോടും ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പ്രമുഖ അഭിഭാഷകനായ അഡ്വ. വിനീതിനെ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിച്ച് സർക്കാർ ഉത്തരവിറക്കിയിരുന്നു.
ഡിസംബർ 11 നായിരുന്നു നാടിനെ ഞെട്ടിച്ച കൊലപാതകം. വധശ്രമക്കേസ് പ്രതിയായ സുധീഷ് ഒളിവിൽ കഴിഞ്ഞ പോത്തൻകോട് കല്ലൂർ പാണൻവിളയിലെ വീട്ടിലെത്തിയ പതിനൊന്നംഗ സംഘം പട്ടാപകൽ വീട് വളഞ്ഞാണ് സുധീഷിനെ വെട്ടിക്കൊലപ്പെടുത്തിയത്. കൊലക്കുശേഷം സുധീഷിന്റെ വെട്ടിയെടുത്ത കാലുമായി പ്രതികൾ വാഹനങ്ങളിൽ ആഹ്ലാദ പ്രകടനം നടത്തിയശേഷം ജങ്ഷനിൽ വലിച്ചെറിഞ്ഞു. സുധീഷിന്റെ മരണമൊഴിയുടെയും സി.സി.ടി.വി ദൃശ്യങ്ങളിൽനിന്നുമാണ് പ്രതികളെ പൊലീസ് തിരിച്ചറിഞ്ഞത്. പ്രധാന പ്രതികളിലൊരാളും ഗുണ്ടാ തലവനുമായ ഒട്ടകം രാജേഷിനെ സംഭവം നടന്ന് പത്ത് ദിവസം കഴിഞ്ഞാണ് പിടികൂടാനായത്. ഒട്ടകം രാജേഷിനെ അന്വേഷിക്കുന്നതിനിടെ പൊലീസ് സംഘത്തിലുണ്ടായിരുന്ന ഉദ്യോഗസ്ഥൻ വർക്കല കാപ്പിൽ കായലിന് സമീപം വള്ളം മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ചു.
പ്രതികളെത്തിയ ഓട്ടോറിക്ഷയും രണ്ടു ബൈക്കുകളും കൊലക്കുപയോഗിച്ച ആയുധങ്ങളും നേരത്തേ പൊലീസ് കണ്ടെത്തി. പ്രതികളിലൊരാളായ ഉണ്ണിയെയും രണ്ട് സുഹൃത്തുക്കളെയും കൊല്ലപ്പെട്ട സുധീഷ് നേരത്തേ ആക്രമിക്കുകയും ഉണ്ണിയുടെ മാതാവിന്റെ നേർക്ക് നാടൻ ബോംബ് എറിയുകയും ചെയ്തിരുന്നു. ഇതിന്റെ വൈരാഗ്യവും കഞ്ചാവ് വിൽപനയെചൊല്ലിയുള്ള തർക്കവുമാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറയുന്നു. കൊല്ലപ്പെട്ട സുധീഷിന്റെ ഭാര്യാസഹോദരനെയും പ്രധാന പ്രതിയായി കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.