അഞ്ചുതെങ്ങിൽ പശു പേവിഷബാധയേറ്റ് ചത്തു
text_fieldsചിറയിൻകീഴ്: അഞ്ചുതെങ്ങിൽ പുത്തൻനട പഴനടക്ക് സമീപം പശു പേവിഷബാധയേറ്റ് ചത്തു. പഴനട വയലിൽവീട്ടിൽ ഗുരുദത്ത് വിദ്യാസാഗറിന്റെ ഒന്നരമാസം ഗർഭിണിയായ പശുവാണ് ചത്തത്. രണ്ട് ദിവസത്തിലേറെയായി പശു അവശനിലയിലായിരുന്നു. ഉടമ അഞ്ചുതെങ്ങ് മൃഗാശുപത്രിയിൽ വിവരം അറിയിച്ചതിനെതുടർന്ന് വെറ്ററിനറി സർജൻ ജസ്ന സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു.
തുടർന്ന് പേവിഷബാധയാകാമെന്ന സംശയവും ഉടമയെ അറിയിച്ചിരുന്നു. ചൊവ്വാഴ്ച ഉച്ചയോടെ പശു കുഴഞ്ഞുവീണത് കണ്ട ഉടമ വിവരം അറിയിച്ചതിനെതുടർന്ന് ഡോക്ടർ നടത്തിയ പരിശോധനയിൽ പേവിഷബാധയാണ് മരണകാരണമെന്ന് ഉടമയെ അറിയിച്ചു. തുടർന്ന് ഉടമയും കുടുംബാംഗങ്ങളും പേവിഷബാധ പ്രതിരോധ വാക്സിനെടുത്തു.
തീരഗ്രാമമായ അഞ്ചുതെങ്ങിൽ തെരുവുനായ്ക്കൾ ക്രമാതീതമായി പെരുകുന്ന അവസ്ഥയാണുള്ളത്. തെരുവുനായ ആക്രമണത്തിൽ കുട്ടികളടക്കം നിരവധിപേർക്കാണ് മാരകമായ പരിക്കേറ്റത്. ജൂലൈ ഒമ്പതിന് അഞ്ചുതെങ്ങ് മുടിപ്പുര കൃപാനഗറിൽ വീടിന് സമീപം കളിച്ചുകൊണ്ടിരുന്ന നാല് വയസ്സുകാരിയെ തെരുവുനായ് കടിച്ചു. തുടർന്ന് നായക്ക് പേവിഷബാധ സ്ഥിരീകരിക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.