അഞ്ചുതെങ്ങ് കോട്ട ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ സംഘം സന്ദർശിച്ചു
text_fieldsചിറയിൻകീഴ്: അഞ്ചുതെങ്ങ് കോട്ട ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ സംഘം സന്ദർശിച്ചു. തൃശൂർ സർക്കിൽ സൂപ്രണ്ടിങ് ആർക്കിയോളജിസ്റ്റ് കെ. രാമകൃഷ്ണ റെഡ്ഡി, ഡിപ്പാർട്മെന്റ് എ.ഇ സുരേഷ്കുമാർ, തിരുവനന്തപുരം കൺസർവേഷൻ അസിസ്റ്റന്റ് അഞ്ജിത തുടങ്ങിയവരാണ് സന്ദർശിച്ചത്.
കോട്ടയുടെ നിലവിലെ അവസ്ഥ, അടിസ്ഥാന വികസന പ്രവൃത്തികൾ വിലയിരുത്തുക, പുതിയ ആവശ്യങ്ങൾ മനസ്സിലാക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് സന്ദർശനം. അഞ്ചുതെങ്ങ് കോട്ട ഇൻചാർജ് സതീഷ്കുമാർ, മൾട്ടി ടാസ്കിങ് സ്റ്റാഫ് ജെറി ടി.ജെ തുടങ്ങിവർ ഉദ്യോഗസ്ഥരെ അനുഗമിച്ചു. ചരിത്രപ്രസിദ്ധമായ അഞ്ചുതെങ്ങ് കോട്ടയുടെ അടിസ്ഥാനസൗകര്യ വികസനത്തിനും സംരക്ഷണത്തിനും നാട്ടുകാർ നിരവധി നിർദേശങ്ങൾ സംഘത്തിന് മുന്നിൽവെച്ചു.
പൂട്ടിക്കിടക്കുന്ന തുരങ്കപാത തുറന്നുപരിശോധിക്കുക, പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കുക, തുരങ്കത്തിനുള്ളിലെ ചുവരുകളിൽ കോട്ടയുടെ ചരിത്രം സൂചിപ്പിക്കുന്ന ചിത്രങ്ങളും കുറിപ്പുകളും ഉൾപ്പെട്ട ഗാലറി സ്ഥാപിക്കുക, കോട്ടക്കുള്ളിലെ വിളക്കുകാൽ പഴയപടി തേക്കുമരത്തിൽ സ്ഥാപിക്കുക, ടൂറിസ്റ്റുകളുടെ സുരക്ഷ പരിഗണിച്ച് കോട്ടക്കുമുകളിലും സംരക്ഷണവേലികൾ സ്ഥാപിക്കുക, കോട്ടക്കുള്ളിലും പരിസരപ്രദേശങ്ങളിലും ഇന്ത്യൻ ആർമിയിൽനിന്ന് വിരമിച്ച വെടിക്കോപ്പുകൾ (പീരങ്കികൾ, ടാങ്കുകൾ, പോർവിമാനങ്ങൾ) തുടങ്ങിയവ സ്ഥാപിക്കുക, ടൂറിസ്റ്റുകളുടെ സുരക്ഷ പരിഗണിച്ച്, സ്വകാര്യത നഷ്ടപ്പെടാത്ത വിധം പ്രധാന കവാടങ്ങളിലും അതിർത്തികളിലും സി.സി.ടി.വി കാമറകൾ സ്ഥാപിക്കുക, നാലുവശങ്ങളിലും ഉള്ളിലും പുറത്തും രാത്രികാല ദൃശ്യഭംഗി ആസ്വദിക്കാനാവുംവിധം ലൈറ്റുകൾ സ്ഥാപിക്കുക, പ്രവർത്തനസമയം ദീർഘിപ്പിക്കുക തുടങ്ങിയ നിർദേശങ്ങളാണ് സമർപ്പിച്ചത്. സാമൂഹികപ്രവർത്തകരായ അഞ്ചുതെങ്ങ് സജൻ, ഉദയസിംഹൻ തുടങ്ങിയവരാണ് നിർദേശങ്ങൾ അവതരിപ്പിച്ചത്. ഇവ ഗൗരവപൂർവം പരിശോധിക്കാമെന്ന് ബന്ധപ്പെട്ടവർ ഉറപ്പുനൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.