മുതലപ്പൊഴിയിൽ വീണ്ടും അപകടം
text_fieldsചിറയിൻകീഴ്: മുതലപ്പൊഴി മത്സ്യബന്ധന തുറമുഖത്തിൽ വീണ്ടും അപകടം. ആറ് മത്സ്യത്തൊഴിലാളികൾ അത്ഭുതകരമായി രക്ഷപ്പെട്ടു. പെരുമാതുറ സ്വദേശികളായ നജീബ്(43), നാസർ(60), ഷമീൻ (47), നിസാം(48), റഷീദ്(45), സുധീർ(39) എന്നിവരാണ് അപകടത്തിൽപ്പെട്ട വള്ളത്തിൽ ഉണ്ടായിരുന്നത്.
ചൊവ്വാഴ്ച രാവിലെ എട്ടരയോടെയാണ് അപകടം. പെരുമാതുറ വലിയവിളാകം സബീർ മൻസിലിൽ ബഷീറിന്റെ ഉടമസ്ഥതയിലുള്ള ഫഖിറാൻവലിയ്യ് എന്ന വള്ളമാണ് അപകടത്തിൽപെട്ടത്. മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങുമ്പോൾ തുറമുഖകവാടത്തിൽെവച്ച് ശക്തമായ തിരയിൽപെട്ട് വള്ളം മറിഞ്ഞ് പുലിമുട്ടിലേക്ക് ഇടിച്ചുകയറുകയായിരുന്നു. കണ്ടുനിന്നവർ ഉടൻ തീരദേശ പൊലീസിൽ വിവരം അറിയിച്ചു.
സ്ഥലത്ത് ഉണ്ടായിരുന്ന മത്സ്യത്തൊഴിലാളികൾ ഉടൻ രക്ഷാപ്രവർത്തനത്തിന് ഇറങ്ങി. തുറമുഖ കവാടത്തിൽ അകപ്പെട്ടവരെ മത്സ്യത്തൊഴിലാളികളും തീരദേശ പൊലീസും മറൈൻ എൻഫോഴ്സ്മെന്റും സംയുക്തമായി രക്ഷിച്ച് കരയിലെത്തിച്ചു. ബോട്ടിൽനിന്ന് വീണപ്പോൾ ഉണ്ടായ നിസ്സാര പരിക്കുകൾ മാത്രമേ അവർക്ക് ഉണ്ടായിട്ടുള്ളൂ. എന്നാൽ മത്സ്യം പൂർണമായും നഷ്ടപ്പെട്ടു. വലയും മത്സ്യബന്ധന ഉപകരണങ്ങളും നഷ്ടപ്പെട്ടു. വൈകാതെ ബോട്ടും സുരക്ഷിതമായി ഹാർബറിൽ എത്തിച്ചു. പുലിമുട്ടിൽ ഇടിച്ച ബോട്ടിന് കേടുപാടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.