മുതലപ്പൊഴിയിൽ മണൽനീക്കം മന്ദഗതിയിൽ, ആശങ്ക തുടരുന്നു
text_fieldsചിറയിൻകീഴ്: മുതലപ്പൊഴിയിൽ മണൽ നീക്കം ആരംഭിച്ച് മാസങ്ങൾ പിന്നിടുമ്പോഴും പ്രവൃത്തികൾ മന്ദഗതിയിൽ. മണൽതിട്ട രൂപപ്പെട്ടുണ്ടാകുന്ന ശക്തമായ തിരയിലും ചുഴിയിലുംപെട്ടാണ് മത്സ്യബന്ധന വള്ളങ്ങൾ അപകടത്തിൽപെടുന്നത്. മണ്ണുമാന്തി യന്ത്രം ഉപയോഗിച്ചുള്ള മണൽനീക്കത്തിന് വേഗം പോെരന്ന പരാതി നേരേത്തതന്നെ മത്സ്യത്തൊഴിലാളികൾ ഉയർത്തിയിരുന്നു.
ഡ്രഡ്ജറെത്തിച്ച് മണൽ നീക്കം വേഗത്തിലാക്കണമെന്ന ആവശ്യത്തിലും സർക്കാർ നിസ്സംഗത തുടരുകയാണ്. വിഴിഞ്ഞം ഹാർബറിലേക്ക് പാറ കൊണ്ടുപോകുന്നതിനായി തെക്കേ പുലിമുട്ട് പൊളിച്ച് വാർഫ് നിർമിച്ച ഭാഗത്ത് പുലിമുട്ട് പുനർനിർമിക്കുമെന്ന പ്രഖ്യാപനവും നടപ്പായില്ല.
മണ്ണുമാന്തിയിലൂടെ കോരിയെടുക്കുന്നതിന്റെ ഇരട്ടിയായി അഴിമുഖത്തേക്ക് മണലൊഴുക്ക് തുടരുകയാണ്. ഇടക്കിടെ യന്ത്രത്തിന്റെ പ്രവർത്തനം നിർത്തിവെക്കുന്നതും പ്രതിസന്ധി മൂർച്ഛിക്കാനിടയാക്കി. തെക്കേ പുലിമുട്ട് ഭാഗത്ത് അഴിമുഖത്തിന് സമാന്തരമായി നിലവിൽ വലിയ തോതിൽ മണൽക്കൂന രൂപപ്പെട്ടിട്ടുണ്ട്. അഴിമുഖത്ത് രണ്ട് മീറ്റർ ആഴം പോലും നിലവിലില്ലെന്നും മത്സ്യത്തൊഴിലാളികൾ ചൂണ്ടിക്കാട്ടുന്നു.
കവാടത്തിൽ ആറ് മീറ്റർ താഴ്ചയിൽ 400 മീറ്റർ നീളത്തിൽ മണ്ണ് നീക്കിയാലേ വള്ളങ്ങൾക്ക് സുഗമമായി കടന്നുപോകാനാകൂ. ഏപ്രിലിൽ അവസാനിച്ച അദാനി കമ്പനിയുടെ കരാർ കാലാവധി പൊഴി അപകടമുക്തമാക്കുന്ന പ്രവർത്തനങ്ങൾക്കായി രണ്ടുമാസംകൂടി സർക്കാർ നീട്ടിനൽകിയിട്ടുണ്ട്.
കമ്പനിയുടെ മെല്ലെപ്പോക്ക് അപകടസാധ്യത വർധിപ്പിക്കുന്നു. മൺസൂൺ ആരംഭിക്കുന്നതോടെ കടലിൽ ശക്തമായ തിരമാലകളും അടിയൊഴുക്കുമുണ്ടാകും. ഇതോടെ അപകടസാധ്യതയേറും. തിരയിൽപെട്ട് വള്ളം മറിഞ്ഞ് കഴിഞ്ഞദിവസം ഒരുമത്സ്യത്തൊഴിലാളി മരിക്കുകയും രണ്ടുപേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. തുടർന്ന് മണൽ നീക്കം വേഗത്തിലാക്കണമെന്ന ആവശ്യപ്പെട്ടവുമായി ലത്തീൻ അതിരൂപതയും മത്സ്യത്തൊഴിലാളികളും ശക്തമായ പ്രതിഷേധത്തിലേക്ക് നീങ്ങുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.