അഴൂർ മേൽപാലം യാഥാർഥ്യത്തിലേക്ക്; യാത്രാദുരിതത്തിന് അറുതിയാകും
text_fieldsചിറയിൻകീഴ്: അഴൂർ റെയിൽവേ മേൽപാലം യാഥാർഥ്യത്തിലേക്ക്. പെരുമാതുറ, അഴൂർ മേഖലയിലെ യാത്ര തടസ്സത്തിന് അറുതിയാകും. ചിറയിൻകീഴ്-മുരുക്കുംപുഴ മുഖ്യപാതയിൽ അഴൂർ ഗണപതിയാംകോവിൽ ജങ്ഷനിൽനിന്ന് അഴൂർ റെയിൽവേ ഗേറ്റ് കടന്നുവേണം ഇപ്പോൾ പെരുമാതുറ തീരദേശ പാതയിലെത്താൻ.
ട്രെയിനുകൾക്ക് കടന്നുപോകാൻ മണിക്കൂറുകളോളം റെയിൽവേ ഗേറ്റ് അടച്ചിടുന്നത് യാത്രാ ദുരിതങ്ങൾക്ക് കാരണമാകുന്നുണ്ട്. നിലവിലെ അഴൂർ റെയിൽവേ ഗേറ്റ് സ്ഥിതിചെയ്യുന്ന ഭാഗത്താണ് മേൽപാലം നിർദേശിച്ചിട്ടുള്ളത്.
മേൽപാലം യാഥാർഥ്യമായാൽ വർഷങ്ങളായി തീരദേശ ജനത അനുഭവിക്കുന്ന യാത്രാദുരിതങ്ങൾക്ക് ശാശ്വതപരിഹാരമാകും. തീരപ്രദേശങ്ങൾ ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്തുകളിൽ ഒട്ടേറെ വികസന പ്രവർത്തനങ്ങൾക്ക് ശക്തിപകരാൻ ഇത് വഴിയൊരുങ്ങും. ടൂറിസം വികസന സാധ്യതകളാണ് ഇതിൽ പ്രധാനം.
നേരത്തേ സിഗ്നൽ സംവിധാനമില്ലാത്ത ഗേറ്റായിരുന്നു. ട്രെയിനുകൾ പോയാലും ഏറെനേരം ഗേറ്റ് അടഞ്ഞുകിടക്കും. സമീപകാലത്ത് ഇതിന് മാറ്റംവന്നെങ്കിലും ട്രെയിനുകൾക്കുവേണ്ടി വാഹനങ്ങൾ കാത്തു കിടക്കുന്ന അവസ്ഥ തുടർന്നു.
വാഹനങ്ങളുടെയും യാത്രക്കാരുടെയും എണ്ണം കൂടിയതോടെ ഓരോ തവണ ഗേറ്റ് അടക്കുമ്പോഴും ഇരുഭാഗത്തും വാഹനങ്ങളുടെ വലിയനിര രൂപപ്പെടും. തീരദേശ മേഖലയിൽനിന്ന് ചിറയിൻകീഴ് താലൂക്കാശുപത്രിയിലേക്ക് രോഗികളെ കൊണ്ടുവരുന്ന ആംബുലൻസുൾപ്പെടെ വാഹനങ്ങളും ഇതിൽ ഉൾപ്പെടും. മേൽപാലത്തിന് രണ്ടുതവണ സ്ഥലം സർവേ നടന്നിരുന്നു. രണ്ടാം സർവേയിൽ നിരവധി വീടുകൾ പോകുമെന്ന് ചൂണ്ടിക്കാട്ടി പ്രദേശവാസികൾ പ്രതിഷേധം അറിയിച്ചു.
നിലവിലെ അലൈൻമെന്റിൽ മാറ്റം വേണമെന്ന ആവശ്യവുമായി ഒരുവിഭാഗം കുടുംബങ്ങൾ രംഗത്തിറങ്ങുകയും ബന്ധപ്പെട്ടവർക്ക് പരാതികൾ നൽകുകയും ചെയ്തു. എന്നാൽ, അലൈൻമെന്റിൽ മാറ്റംവരുത്താതെ പദ്ധതി നടപ്പാക്കാനാണ് റെയിൽവേ അധികൃതർ തീരുമാനിച്ചത്.
ഇതുൾപ്പെടെ സംസ്ഥാനത്തെ 11 മേൽപാലങ്ങൾക്ക് ഒരുമിച്ചാണ് അനുമതി നൽകിയത്. പാലം നിർമിക്കാനുള്ള സ്ഥലം ഏറ്റെടുക്കാനും നിർമാണത്തിനുമായി 77.65 കോടി രൂപ ചെലവഴിക്കും. ഇതിൽ 48.38 കോടി ആദ്യഘട്ടമെന്ന നിലയിൽ ഒരുവർഷംമുമ്പ് അനുവദിച്ചിരുന്നു. ശേഷിച്ച 34.26 കോടി രൂപകൂടി അനുവദിച്ചതോടെ പദ്ധതി യാഥാർഥ്യത്തിലേക്ക് നീങ്ങുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.