മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞു; മത്സ്യത്തൊഴിലാളികൾ രക്ഷപ്പെട്ടു
text_fieldsചിറയിൻകീഴ്: പെരുമാതുറ മുതലപ്പൊഴിയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞു. അപകടത്തിൽപ്പെട്ട മത്സ്യത്തൊഴിലാളികൾ അത്ഭുതകരമായ് രക്ഷപ്പെട്ടു. ബോട്ടിലുണ്ടായിരുന്ന പുതുക്കുറിച്ചി സ്വദേശികളായ യേശുദാസ്, അലക്സാണ്ടർ, സുരേഷ് എന്നിവരാണ് രക്ഷപ്പെട്ടത്. ശനിയാഴ്ച രാവിലെ 9.30ന് അഴിമുഖത്താണ് അപകടം. പുതുക്കുറിച്ചി സ്വദേശി സുരേഷിന്റെ ഉടമസ്ഥതയിലുള്ള സഖാവ് എന്ന വള്ളമാണ് മറിഞ്ഞത്.
അഴിമുഖപ്രവേശന കവാടത്തിൽവെച്ച് മറ്റൊരു വള്ളത്തിന് കടന്നുപോകാൻ വഴിയൊരുക്കിയപ്പോഴാണ് അപകടം. വള്ളം മറിഞ്ഞു തൊഴിലാളികളും മത്സ്യബന്ധന ഉപകരണങ്ങളും വെള്ളത്തിൽ വീണു. വള്ളത്തിൽ ഉണ്ടായിരുന്ന മൂവരും നീന്തി രക്ഷപ്പെടുകയായിരുന്നു. മറിഞ്ഞ വെള്ളം ഒഴുകിപ്പോയി. തുടർന്ന് മത്സ്യത്തൊഴിലാളികളും മറൈൻ എൻഫോഴ്സ്മെൻറും തെരച്ചിൽ നടത്തി കണ്ടെത്തി കരയ്ക്കെത്തിച്ചു. വലകൾ ഉൾപ്പെടെ മത്സ്യബന്ധന ഉപകരണങ്ങൾ നഷ്ടപ്പെട്ടു.
അപകടങ്ങൾ തുടർക്കഥയായി മാറിയ മുതലപ്പൊഴിയിൽ മൺസൂൺ കാലം ആരംഭിക്കുമ്പോൾ തന്നെ അപകടം സംഭവിക്കുകയാണ്. അഴിമുഖത്തെ ആഴക്കുറവാണ് അപകടകാരണമായി മത്സ്യത്തൊഴിലാളികൾ പറയുന്നത്. നിലവിൽ എസ്കവേറ്റർ ഉപയോഗിച്ച് മണൽ നീക്കി കൊണ്ടിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.