കോസ്റ്റൽ പൊലീസിന്റെ രക്ഷാബോട്ട് വീണ്ടും കട്ടപ്പുറത്ത്
text_fieldsചിറയിൻകീഴ്: തീര സംരക്ഷണത്തിനുള്ള അഞ്ചുതെങ്ങ് കോസ്റ്റൽ പൊലീസിന്റെ രക്ഷാബോട്ട് വീണ്ടും പ്രവർത്തനരഹിതം. ഇതോടെ, മുതലപ്പൊഴി ഉൾപ്പെടെയുള്ള തീരപ്രദേശങ്ങളിലെ രക്ഷാപ്രവർത്തനങ്ങൾക്ക് കോസ്റ്റൽ പൊലീസിന് വീണ്ടും മത്സ്യത്തൊഴിലാളികളുടെ സേവനം ആശ്രയിക്കേണ്ട അവസ്ഥയാണ്. നിലവിൽ എൻജിൻ സംബന്ധമായ തകരാറുകളാണ് ബോട്ട് വീണ്ടും പ്രവർത്തനരഹിതമാകാൻ കാരണം.
കൃത്യമായി എൻജിൻ ഓയിൽ മാറ്റാത്തതാണ് നിലവിലെ അവസ്ഥ സൃഷ്ടിച്ചത്. ആറുമാസമോ അല്ലെങ്കിൽ 250 മണിക്കൂറോ സർവിസ് നടത്തിയാൽ എൻജിൻ ഓയിൽ മാറ്റണമെന്നാണ് വ്യവസ്ഥ. കാലാവധി കഴിയാറായപ്പോൾ തന്നെ എൻജിൻ ഓയിൽ മാറ്റണമെന്നുള്ള വിവരം കോസ്റ്റൽ ഡിപ്പാർട്ട്മെന്റിൽ അഞ്ചുതെങ്ങ് കോസ്റ്റൽ പൊലീസ് അറിയിച്ചിരുന്നതായും പറയപ്പെടുന്നു. എന്നാൽ, കോസ്റ്റൽ ഡിപ്പാർട്മെന്റ് ഇതിനായുള്ള കരാറുകൾ നൽകിയിട്ടുള്ളത് കൊച്ചിൻ ഷിപ്യാർഡിനാണ്.
കോസ്റ്റൽ പൊലീസിന്റെ സംസ്ഥാനത്തെ എല്ലാ റെസ്ക്യൂ ബോട്ടുകൾക്കും കൃത്യമായ ഇടവേളകളിൽ എൻജിൻ ഓയിൽ ഉൾപ്പെടെയുള്ളവ മാറ്റി അറ്റകുറ്റപ്പണി തീർക്കുന്നതിനായി കരാർ നൽകിയിട്ടുണ്ട്. നിലവിൽ ഇതിന്റെ കാലാവധി കഴിഞ്ഞതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമെന്നാണ് റിപ്പോർട്ട്.
ഇനി, പുതിയ കരാർ നൽകിയാൽ മാത്രമേ, ബോട്ടിന് വീണ്ടും സർവിസ് ആരംഭിക്കാൻ സാധിക്കുകയുള്ളൂ. സർക്കാറിന്റെ സാമ്പത്തിക പ്രതിസന്ധിയാണ് കരാർ പുതുക്കുന്നതിനുള്ള പ്രധാന തടസ്സമെന്നാണ് സൂചന. നിലവിൽ മറൈൻ എൻഫോഴ്സ്മെന്റ് ബോട്ടും കടലിൽ ഇറക്കാൻ സാധിക്കാത്ത അവസ്ഥയാണ്.
അഴിമുഖ ചാനലിൽ മണൽ മൂടിയതോടെ ആവശ്യത്തിന് ആഴമില്ലാതായതാണ് വലുപ്പ കൂടുതലുള്ള മറൈൻ എൻഫോഴ്സ്മെന്റ് ബോട്ട് സർവിസിന് തടസ്സമായത്. ട്രോളിങ് നിരോധന പശ്ചാത്തലത്തിൽ മറൈൻ എൻഫോഴ്സ്മെന്റ് സേവനം ശക്തമാക്കുന്നതിന്റെ ഭാഗമായി പുതിയൊരു ബോട്ട് കൂടിയെത്തുമെന്നും പറയപ്പെടുന്നു.
എന്നാൽ, ഈ ബോട്ടിനും നിലവിലെ സാഹചര്യത്തിൽ സർവിസ് നടത്താൻ സാധിക്കുമോയെന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്. ഇതോടെ, മുതലപ്പൊഴിയിലെ രക്ഷാപ്രവർത്തനങ്ങൾ താളംതെറ്റിയ അവസ്ഥയിലായിരിക്കുകയാണ്. ഇത് മത്സ്യത്തൊഴിലാളികളെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.