മുതലപ്പൊഴിയിലെ തുടർഅപകടങ്ങൾ; പരിഹാരം അകലയോ...
text_fieldsചിറയിൻകീഴ്: മുതലപ്പൊഴിയിൽ അപകടം തുടർക്കഥയായിട്ടും ശാശ്വത പരിഹാരം ഉണ്ടാകുന്നില്ല. തീരുമാനങ്ങൾ ഭൂരിഭാഗവും പ്രഖ്യാപനങ്ങളിൽ ഒതുങ്ങുന്നു. മുതലപ്പൊഴി വഴിയുള്ള ഉപജീവനം മത്സ്യത്തൊഴിലാളികൾക്ക് ജീവൻ മരണ പോരാട്ടമാണ്. പൊഴിയിൽ രൂപപ്പെട്ട മണൽത്തിട്ട നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് മാസങ്ങൾക്ക് മുമ്പ് മത്സ്യത്തൊഴിലാളികൾ ഒന്നടങ്കം സമരം ചെയ്തിരുന്നു.
സമ്മർദങ്ങൾക്കൊടുവിൽ എക്സ്കവേറ്റർ ഉപയോഗിച്ചുള്ള മണ്ണ് നീക്കം മാത്രമാണ് നടന്നത്. ഇത് ശാശ്വതമല്ലെന്നും ഡ്രഡ്ജിങ് തന്നെ വേണമെന്നും മത്സ്യത്തൊഴിലാളികൾ ആവശ്യപ്പെട്ടു. എന്നാൽ, മറ്റു പല സാങ്കേതിക കാരണങ്ങൾ പറഞ്ഞ് ഉദ്യോഗസ്ഥ സംഘവും അദാനി അധികൃതരും ഇതിനെ ഒഴിവാക്കി.
കാലവർഷം കഴിഞ്ഞു മാത്രമേ ഇത് സാധിക്കൂ എന്നാണ് അദാനി പ്രതിനിധികൾ അറിയിച്ചത്. കാലവർഷത്തിൽ നദിയിലെ ഒഴുക്ക് ശക്തമാകുമ്പോൾ പൊഴിയിലെ മണൽ പൂർണമായും ഒഴുകിപ്പോകുമെന്നും ഇത് തങ്ങളുടെ ജോലിഭാരം കുറയ്ക്കുമെന്ന നിഗമനത്തിലാണത്രെ ഉദ്യോഗസ്ഥർ ഈ നിലപാടെടുത്തത്.
മാത്രവുമല്ല ഡ്രഡ്ജിങ് ഉൾപ്പെടെ കാര്യങ്ങൾക്ക് യന്ത്രസംവിധാനങ്ങൾ ഇവിടേക്ക് കൊണ്ടുവരുമ്പോൾ വിഴിഞ്ഞത്തെ നിർമാണത്തിൽ വീണ്ടും കാലതാമസമുണ്ടാക്കും. ഇതും ഡ്രഡ്ജിങ് വൈകിക്കാൻ കാരണമായിട്ടുണ്ട്. മുതലപ്പൊഴിയെ അപകടരഹിതമാക്കാന്‍ അദാനി തുറമുഖ കമ്പനിയുമായി സംസ്ഥാന സര്‍ക്കാര്‍ ഉണ്ടാക്കിയ കരാര്‍ കാലാവധി അടുത്തവര്‍ഷം മേയ് മാസംവരെ നിലനിന്നിട്ടും ഡ്രെഡ്ജിങ് ഉള്‍പ്പെടെ പ്രവൃത്തികള്‍ നടത്താന്‍ അദാനി തുറമുഖ കമ്പനി വീഴ്ച വരുത്തിയതായി ഔദ്യോഗിക ചർച്ചകളിൽ സ്ഥിരീകരിച്ചെങ്കിലും ഇതിന്മേൽ നടപടി ഉണ്ടായിട്ടില്ല.
പൊഴിക്കുള്ളിൽ ബോട്ട് പാതയിൽ കിടക്കുന്ന പുലിമുട്ടുകളും പാറകളും നീക്കം ചെയ്യാത്തതാണ് നിലവിലെ അപകടങ്ങൾക്ക് കാരണം. ഇത് നീക്കം ചെയ്യുമെന്ന് പലതവണ അധികൃതർ ഉറപ്പുനൽകിയിരുന്നു.
എന്നാൽ, എടുത്തുമാറ്റൽ മാത്രം നടന്നില്ല. മുതലപ്പൊഴിയില്‍ മീന്‍പിടിത്ത വള്ളങ്ങള്‍ മറിഞ്ഞുണ്ടാകുന്ന അപകടങ്ങള്‍ ലഘൂകരിക്കാന്‍ അഴിമുഖത്ത് ആഴക്കുറവുള്ള ഭാഗങ്ങളില്‍ ബോയകള്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചിരുന്നു. തുറമുഖ, ഫിഷറീസ് വകുപ്പ് മന്ത്രിമാരുടെ അധ്യക്ഷതയില്‍ ഇരുവകുപ്പുകളുടെ ഉദ്യോഗസ്ഥരും അദാനി തുറമുഖ കമ്പനി പ്രതിനിധികളും പങ്കെടുത്ത യോഗത്തിലാണ് ഒരാഴ്ചമുമ്പ് തീരുമാനമുണ്ടായത്.
കാലവര്‍ഷമായതോടെ മുതലപ്പൊഴിയില്‍ അടിക്കടിയുണ്ടാകുന്ന അപകടങ്ങള്‍ക്ക് അറുതിവരുത്താനുള്ള നടപടികളുടെ ഭാഗമായാണ് അടിയന്തരയോഗം ചേര്‍ന്നത്.
അടിയന്തര പ്രാധാന്യത്തോടെ ഇത് ചെയ്യാൻ കഴിയുമെങ്കിലും ഇതിലും കാലതാമസമുണ്ടാകുന്നു. ബോയകള്‍ സ്ഥാപിച്ചാൽ മീന്പിടിത്തവള്ളങ്ങള്ക്ക് ഈ ഭാഗം ഒഴിവാക്കി കടലിലേക്ക് പോകാനും വരാനും സാധിക്കും. ഈ തീരുമാനത്തിനുശേഷം മൂന്ന് ബോട്ടപകടം ഇവിടെ നടന്നു. മുതലപ്പൊഴിയെ അപകടരഹിതമാക്കാന്‍ നിലവില്‍ നടത്തുന്ന നടപടികള്‍ക്കുശേഷം പുണെ സെന്‍ട്രല്‍ വാട്ടര്‍ ആൻഡ് പവര്‍ റിസര്‍ച് സ്റ്റേഷന് നടത്തിയ പഠന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടപടി സ്വീകരിക്കുമെന്ന് അധികൃതർ പ്രഖ്യാപിച്ചിട്ടുണ്ട്.
സാന്‍ഡ് ബൈപാസിങ് ഉള്‍പ്പെടെയുള്ളവയാണ് പരിഗണനയിലുള്ളത്. മത്സ്യത്തൊഴിലാളികൾ പുച്ഛത്തോടെയാണ് ഇത്തരം റിപ്പോർട്ടുകളെ കാണുന്നത്. കാരണം ഇതിനകം എത്ര റിപ്പോർട്ടുകൾ വന്നിട്ടുണ്ടെന്ന് സർക്കാറിനുപോലും അറിയാത്ത അവസ്ഥയാണ്. നിലവിൽ കേന്ദ്ര സർക്കാറും പുതിയ പഠനസംഘത്തെ അയക്കാൻ തീരുമാനിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.