മുതലപ്പൊഴിയിൽ ഡ്രഡ്ജർ എത്തിച്ചു; മണ്ണുനീക്കം ഉടൻ
text_fieldsചിറയിൻകീഴ്: മുതലപ്പൊഴി മത്സ്യബന്ധന തുറമുഖത്തെ മണൽ നീക്കംചെയ്യാൻ ഡ്രഡ്ജറെത്തിച്ചു, ഒരാഴ്ചക്കുള്ളിൽ മണ്ണുനീക്കം ആരംഭിക്കും. സംസ്ഥാന സർക്കാറിന്റെ നിർദേശപ്രകാരം അദാനി തുറമുഖ കമ്പനിയാണ് ഡ്രഡ്ജറെത്തിച്ചത്. മണൽനീക്കം അടുത്ത ആഴ്ചയോടെ ആരംഭിക്കും.
അഴിമുഖത്തെ പ്രവേശന കവാടംമുതൽ നാന്നൂറ് മീറ്റർ നീളത്തിൽ ആറുമീറ്റർ താഴ്ചയിലാണ് ആഴക്കടൽ മണ്ണുമാന്തി ഉപയോഗിച്ച് ചാനലിൽ മണൽ നീക്കം ചെയ്യുക. അഴിമുഖത്ത് മണ്ണടിഞ്ഞുണ്ടാകുന്ന വലിയ തിരയിളക്കത്തിൽപെട്ട് മത്സ്യബന്ധന വള്ളങ്ങൾ അപകടത്തിൽപെടുന്നതും മത്സ്യത്തൊഴിലാളികൾക്ക് ജീവഹാനിയുണ്ടാകുന്നത് തടയാനും ഇതുവഴി കഴിയും.
പുലിമുട്ടിൽനിന്ന് ഇളകി പൊഴിയുടെ മധ്യഭാഗത്തേക്ക് വീണുകിടന്ന പാറയും ടെട്രാപോഡുകളും ലോങ് ബൂം ക്രെയിനുപയോഗിച്ച് തൊണ്ണൂറ്റിയഞ്ച് ശതമാനവും നീക്കം ചെയ്തതായി അദാനി തുറമുഖ കമ്പനി പ്രതിനിധി അറിയിച്ചു. 110 കൂറ്റൻ ടെട്രോപോഡുകൾ നീക്കം ചെയ്തിട്ടുണ്ട്.
ജൂൺ, ജൂലൈ മാസങ്ങളിലായി മുതലപ്പൊഴിയിൽ തുടർച്ചയായി അപകടങ്ങളുണ്ടാക്കുകയും നാല് മത്സ്യത്തൊഴിലാളികൾ മരണപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തതിനെതുടർന്ന് ഫിഷറീസ് മന്ത്രി സജി ചെറിയാന്റെ നേതൃത്വത്തിൽ നടന്ന ചർച്ചയിൽ പൊഴിമുഖത്ത് ഗൈഡ് ലൈറ്റുകൾ സ്ഥാപിക്കുന്നതിനും പൊഴിയിലേക്ക് വീണ് കിടക്കുന്ന പാറകൾ നീക്കാനും മത്സ്യബന്ധന യാനങ്ങൾക്ക് വഴികാട്ടാനായി തുറമുഖ ചാനലിൽ ബോയെകൾ സ്ഥാപിക്കാനും അദാനി ഗ്രൂപ്പിന് നിർദേശം നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.