പ്രതിഷേധത്തിനിടെ മുതലപ്പൊഴിയിൽനിന്ന് വള്ളങ്ങൾ നീണ്ടകരയിലേക്ക്
text_fieldsചിറയിൻകീഴ്: തുടർച്ചയായുണ്ടാകുന്ന അപകടവും ജീവനു ഭീഷണിയാകുന്ന സാഹചര്യവും കണക്കിലെടുത്ത് ഒരുവിഭാഗം വള്ളമുടമകളും തൊഴിലാളികളും മുതലപ്പൊഴിവഴിയുള്ള മീൻപിടിത്തം ഒഴിവാക്കാനാരംഭിച്ചു. വള്ളങ്ങൾ നീണ്ടകരയിലെത്തിച്ചു തുടങ്ങി.
അതേസമയം അടച്ചിടൽ നിർദേശത്തിൽ വ്യാപക പ്രതിഷേധം. നിരന്തര അപകടങ്ങളുടെ വേദിയായി മാറിയ മുതലപ്പൊഴി ഹാർബർ സുരക്ഷിതമല്ലെന്നും മത്സ്യത്തൊഴിലാളികൾ ഇതുവഴിയുള്ള യാത്ര ഒഴിവാക്കണമെന്നുമുള്ള വകുപ്പ് മന്ത്രിയുടെ നിർദേശത്തിൽ പരമ്പരാഗത മത്സ്യത്തൊഴിലാളികൾ പ്രതിഷേധത്തിലാണ്.
തങ്ങൾക്ക് സുരക്ഷിത യാത്ര ഒരുക്കാൻ നിർമിച്ച ഹാർബർ സുരക്ഷിതമല്ലെന്ന് പറയുന്നത് അപഹാസ്യമാണെന്ന് ഇവർ ആരോപിക്കുന്നു. കാലാവസ്ഥ അനുകൂലമല്ലാത്തതിനാൽ 27 വരെ മത്സ്യബന്ധനം നിർത്തിവെക്കണമെന്ന ഫിഷറീസ് വകുപ്പിന്റെ അറിയിപ്പ് ഉച്ചഭാഷിണിയിലൂടെ നൽകുന്നുണ്ട്.
അറിയിപ്പ് അവഗണിച്ചും മത്സ്യബന്ധനത്തിന് വള്ളങ്ങൾ കടലിലേക്ക് പോയി. ഒരാഴ്ചക്കുള്ളിൽ നിരവധി വള്ളങ്ങൾ വാഹനത്തിലും കടൽവഴിയും നീണ്ടകരയിലെത്തിച്ചു. ശനിയാഴ്ച രാവിലെ നീണ്ടകരയിലേക്കു കൊണ്ടുപോകാനായി അഴിമുഖം കടക്കുന്നതിനിടെയാണ് വളം അപകടത്തിൽപെട്ടത്.
പുതുക്കുറിച്ചി സ്വദേശി അനിലിന്റെ ഉടമസ്ഥതയിലുള്ള രണ്ടുവള്ളങ്ങളിലൊന്നാണ് അപകടത്തിൽപെട്ടത്. ഹാർബർ വരുന്നതിന് മുമ്പുണ്ടായിരുന്ന രീതിയിൽ പെരുമാതുറ, താഴംപള്ളി, അഞ്ചുതെങ്ങ് തീരം വഴി വള്ളമിറക്കാനും ആലോചനയുണ്ട്. ഹാർബറിൽകൂടി പോകുന്നതിലും സുരക്ഷിതം ഇതാണെന്ന് തൊഴിലാളികൾ പറയുന്നു.
നിലവിൽ അഞ്ചുതെങ്ങിലും മര്യനാടും ഉള്ളതുപോലെ ട്രാക്ടറിന്റെ സഹായത്താൽ വള്ളം കടലിലേക്കിറക്കുന്നതിനാണ് ഇവർ പദ്ധതിയിടുന്നത്. ഈ മാസം 27ന് മത്സ്യമേഖലയിലെ സംഘടനകളുടെ യോഗം സർക്കാർ പ്രതിനിധിയുടെ സാന്നിധ്യത്തിൽ ചേരുന്നുണ്ട്.
ഈ യോഗത്തിൽ മണൽ നീക്കം ചെയ്യുംവരെ ഹാർബർ വഴിയുള്ള യാത്ര ഒഴിവാക്കാനുള്ള നിർദേശം അല്ലെങ്കിൽ ഹാർബർ അടച്ചിടാനുള്ള തീരുമാനം അവതരിപ്പിച്ചേക്കും. കാലവർഷം കഴിഞ്ഞാൽ മാത്രമേ മണൽ നീക്കാൻ കഴിയൂ. അതിനാൽതന്നെ ദീർഘകാലം ഇതുവഴിയുള്ള മത്സ്യബന്ധനം ഔദ്യോഗികമായി തടയപ്പെട്ടേക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.