മത്സ്യത്തൊഴിലാളി കുടുംബത്തിലെ ഒരാൾക്കെങ്കിലും ഇതരമേഖലയിൽ തൊഴിൽ -മന്ത്രി
text_fieldsതീരസദസ്സിന്റെ ഉദ്ഘാടനം അഞ്ചുതെങ്ങിൽ മന്ത്രി സജി ചെറിയാൻ നിർവഹിക്കുന്നു
ചിറയിൻകീഴ്: മത്സ്യത്തൊഴിലാളി കുടുംബത്തിലെ ഒരാൾക്കെങ്കിലും ഇതരമേഖലയിൽ തൊഴിൽ നൽകാനുള്ള മാർഗം സർക്കാർ പരിഗണനയിലാണെന്ന് മന്ത്രി സജി ചെറിയാൻ. തീരമേഖലയിലെ ജനങ്ങളുമായി സംവദിക്കാനും മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങൾ മനസ്സിലാക്കാനും പരിഹാര നടപടികൾ സ്വീകരിക്കാനുമായി സംഘടിപ്പിക്കുന്ന തീരസദസ്സിന്റെ ഉദ്ഘാടനം അഞ്ചുതെങ്ങ് സെന്റ് പീറ്റേഴ്സ് ചർച്ച് ഹാളിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.
ഇടനിലക്കാരെ ഒഴിവാക്കി മത്സ്യത്തിന് ന്യായവില ഉറപ്പാക്കും. തീരമേഖലയിലെ പെൺകുട്ടികൾക്ക് ഇരുചക്രവാഹനം സൗജന്യമായി നൽകി ഓൺലൈൻ മാർക്കറ്റിങ് സിസ്റ്റം ഉടൻ നടപ്പാക്കും. മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് ഏതറ്റംവരെയും വിദ്യാഭ്യാസം ചെയ്യാനാവശ്യമായ ധനസഹായം നൽകും.
ഒരു ദിവസമെങ്കിലും മത്സ്യബന്ധനത്തിന് പോയെങ്കിൽ മത്സ്യ ബോർഡിൽ അംഗത്വം നൽകും. തീരദേശത്തെ അടുത്ത മൂന്നുവർഷംകൊണ്ട് പട്ടിണിയില്ലാത്ത തീരമായി ഉയർത്തുമെന്നും മന്ത്രി പറഞ്ഞു.
വി. ശശി എം.എൽ.എ അധ്യക്ഷതവഹിച്ചു. മണ്ഡലത്തിൽനിന്ന് 2061 അപേക്ഷകളാണ് ലഭിച്ചത്. ഫിഷറീസുമായി ബന്ധപ്പെട്ട് ലഭിച്ച 1543 അപേക്ഷകളിൽ പരിശോധന നടത്തി തീരുമാനമെടുത്തു. 518 അപേക്ഷകൾ ഇതര വകുപ്പുകളുമായി ബന്ധപ്പെട്ടതാണ്.
അതിൽ 63 അപേക്ഷകൾ ലൈഫ് മിഷന് കൈമാറി. 455 അപേക്ഷകൾ താലൂക്ക് അദാലത്തിൽപെടുത്തി തീരുമാനമെടുക്കാനായി റവന്യൂ വകുപ്പിന് കൈമാറി. വിവിധ മേഖലയിൽ പ്രാവീണ്യം നേടിയ വ്യക്തികളെ ചടങ്ങിൽ ആദരിച്ചു. മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്കുള്ള ധനസഹായവും മന്ത്രി വിതരണം ചെയ്തു.
ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ. ഷൈലജാ ബീഗം, ബ്ലോക്ക് പ്രസിഡന്റ് പി.സി. ജയശ്രീ, ജില്ല പഞ്ചായത്തംഗം ആർ. സുഭാഷ്, അഞ്ചുതെങ്ങ് പഞ്ചായത്ത് പ്രസിഡന്റ് വി. ലൈജു, ചിറയിൻകീഴ് പഞ്ചായത്ത് പ്രസിഡന്റ് പി. മുരളി, ലിജ ബോസ്, ആർ. സരിത, എസ്. ഷീല, ജോസഫിൻ മാർട്ടിൻ, സി. പയസ്, ആർ. ജറാൾഡ്, ടി. ടൈറ്റസ്, ജയശ്രീരാമൻ, ഡോ. അദീല അബ്ദുല്ല എന്നിവർ സംസാരിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.