മുന്നറിയിപ്പ് അവഗണിച്ചുള്ള മത്സ്യബന്ധനം ആശങ്ക സൃഷ്ടിക്കുന്നു
text_fieldsചിറയിൻകീഴ്: മുന്നറിയിപ്പ് അവഗണിച്ച് മുതലപ്പൊഴിയിൽനിന്ന് മത്സ്യബന്ധനത്തിന് പോയിവരുന്ന യാനങ്ങൾ അപകടങ്ങളിൽപെടുന്നത് ആശങ്കക്കിടയാക്കുന്നു. കള്ളക്കടൽ പ്രതിഭാസത്തിന്റെയും കടലാക്രമണ ഭീഷണിയുടെയും പശ്ചാത്തലത്തിലുള്ള മുന്നറിയിപ്പ് അവഗണിച്ചാണ് കടലിലേക്ക് പോകുന്നത്.
മുതലപ്പൊഴി ഫിഷിങ് ഹാർബർ വഴി ധാരാളം മത്സ്യബന്ധനയാനങ്ങൾ കഴിഞ്ഞ ദിവസങ്ങളിലും മത്സ്യബന്ധനത്തിന് പോയിവന്നു. കള്ളക്കടൽ പ്രതിഭാസ മുന്നറിയിപ്പിനെ തുടർന്ന് കോസ്റ്റൽ പൊലീസും ഫിഷറീസ് വകുപ്പും അഞ്ചുതെങ്ങ്, ചിറയിൻകീഴ് തീരത്ത് വാഹനങ്ങളിൽ ഉച്ചഭാഷിണിയിലൂടെ നൽകിയ അറിയിപ്പുകൾ അവഗണിച്ചായിരുന്നു ഇത്.
കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരളതീരത്ത് തീരപ്രദേശത്തിന്റെ താഴ്ന്ന പ്രദേശങ്ങളിലും അതിതീവ്ര തിരമാലകൾ കാരണം ശക്തിയേറിയ കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചിരുന്നു. കടലാക്രമണസാധ്യതയിൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും കടലിൽ പോകരുതെന്നും സർക്കാർ അറിയിച്ചു.
കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകടമേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറിത്താമസിക്കണം, മത്സ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക, ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കുക, വള്ളങ്ങളിലും ചെറിയ യാനങ്ങളിലും മത്സ്യബന്ധനം നടത്താൻ പാടില്ല.
കേരളതീരത്തോട് ചേർന്ന പ്രദേശങ്ങളിൽ ഈ മുന്നറിയിപ്പ് പിൻവലിക്കുന്നതുവരെ പൊഴികളിൽനിന്നും അഴിമുഖങ്ങളിൽനിന്നും മത്സ്യബന്ധനത്തിന് ചെറിയ യാനങ്ങളിൽ കടലിലേക്ക് പുറപ്പെടരുത്, കടൽ പ്രക്ഷുബ്ധമായിരിക്കും എന്നിവയും മുന്നറിയിപ്പിൽ പറഞ്ഞിരുന്നു.
സർക്കാർസംവിധാനങ്ങളുടെ മുന്നറിയിപ്പുകൾ അവഗണിച്ച് മത്സ്യത്തൊഴിലാളികൾ കടലിൽ പോകുന്നത് തടയാൻ കോസ്റ്റൽ പൊലീസ്, ഫിഷറീസ് വകുപ്പുകൾക്ക് സാധിക്കുന്നില്ല. മുതലപ്പൊഴി മത്സ്യബന്ധന തുറമുഖമേഖലയിലുണ്ടായ അപകടങ്ങളിൽ ഭൂരിഭാഗവുമുണ്ടായത് കടൽ പ്രക്ഷുബ്ധമായ സന്ദർഭത്തിലാണ്. മുന്നറിയിപ്പ് അവഗണിക്കൽ അധികൃതരെയും ആശയക്കുഴപ്പത്തിലാക്കുന്നു.
നേരേത്ത നിരവധിപേരുടെ മരണത്തിന് കാരണമായ സാഹചര്യത്തിൽ കടൽ പ്രക്ഷുബ്ധമായ അവസ്ഥകളിൽ മുതലപ്പൊഴി ഹാർബർ ചങ്ങലയിട്ട് അടക്കുന്ന കാര്യവും ഫിഷറീസ് വകുപ്പ് പരിഗണിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.