മുതലപ്പൊഴിയുടെ ഭാവി വികസനം: വിവര ശേഖരണം പൂർത്തിയായി
text_fieldsചിറയിൻകീഴ്: മുതലപ്പൊഴിയിൽ സെൻട്രൽ വാട്ടർ ആൻഡ് പവർ റിസർച്ച് സ്റ്റേഷൻ (സി.ഡബ്ല്യു.പി.ആർ.എസ്) നേരിട്ട് നടത്തിയ വിവര ശേഖരണം അവസാനിച്ചു. 10 ദിവസത്തെ വിവരങ്ങൾ പൂർണമായി ശേഖരിച്ചു.
മഴയും കടൽക്ഷോഭവും ഉണ്ടായെങ്കിലും വിവരശേഖരണത്തിന് ഇത് സഹായകരമായതായി ഉദ്യോഗസ്ഥർ പറഞ്ഞു. ഇത്തരം അവസ്ഥയിൽ കടലിന്റെ സ്വഭാവംകൂടി ശേഖരിക്കാൻ കഴിഞ്ഞു. വിവരങ്ങൾ പുണെയിലെത്തിച്ച് പഠനവിധേയമാക്കും. 10 ദിവസം 24 മണിക്കൂറും റെക്കോഡ് ചെയ്യാനാകുന്ന അത്യാധുനിക ഉപകരണങ്ങളാണ് വിവരശേഖരണത്തിന് ഉപയോഗിച്ചത്.
കറണ്ട് മീറ്ററെന്ന ഉപകരണം ഉപയോഗിച്ച് കടലിലെ അടിയൊഴുക്ക് മനസ്സിലാക്കി. ഒരെണ്ണം കായലിലും രണ്ടെണ്ണം കടലിലും ബോട്ടിൽ കെട്ടി സ്ഥാപിച്ചിരുന്നു. സെൻസറുകളിലൂടെ ഓട്ടോമാറ്റിക് റീഡിങ് എടുത്തു. റീഡറെന്ന ഉപകരണം ഉപയോഗിച്ചാണ് തിരമാലകളെ കുറിച്ച് പഠിക്കുന്നത്. ബോയകളിലാണ് ഇത് സ്ഥാപിച്ചിരുന്നത്. ടൈഡ് ഗേജ് എന്ന ഉപകരണം ഉപയോഗിച്ചാണ് വേലിയേറ്റം വേലിയിറക്കം എന്നിവയെ കുറിച്ച് പഠിക്കുന്നത്. എക്കോ സൗണ്ടറെന്ന ഉപകരണം ഉപയോഗിച്ച് അഴിമുഖത്തെ കടലിന്റെ ആഴം മനസ്സിലാക്കി.
ഈ ഭാഗത്തെ മണൽ നിക്ഷേപത്തെകുറിച്ചും പഠിച്ചു. മൺസൂൺ കാലത്തെ കടലിന്റെ പ്രക്ഷുബ്ധാവസ്ഥ മനസ്സിലാക്കി അപകടം ഒഴിവാക്കാൻ വരുത്തേണ്ട മാറ്റങ്ങൾ നിർദേശിക്കാനാണ് മുതലപ്പൊഴിയിലെ ഇപ്പോഴത്തെ പഠനം. പുലിമുട്ടുകൾ തമ്മിലുള്ള ദൂരം, അലൈൻമെന്റിലെ വ്യത്യാസം, കാറ്റിന്റെ ദിശ, ബീച്ചിന്റെ ചരിവ് എന്നിവയും പഠനവിധേയമാക്കും. കടൽവെള്ളം കുഴിയിൽ അടിഞ്ഞുകൂടുന്ന മണലിന്റെ സാമ്പിൾ എന്നിവയും ശേഖരിച്ചു.
ശാസ്ത്രജ്ഞരായ ജിതേന്ദ്ര എ. ഷിമ്പി, എ.എ. സോണാവാനെ, ഡോ.എ.കെ.സിങ്, റിസർച് അസിസ്റ്റന്റ് സുബോധ് കുമാർ, ക്രാഫ്റ്റ്മാൻ ബാബാജി ആർ. തൊപ്റ്റെ എന്നിവരാണ് വിവര ശേഖരണത്തിന് ക്യാമ്പ് ചെയ്തത്. ആദ്യമായാണ് സി.ഡബ്ല്യു.പി.ആർ.എസ് നേരിട്ട് മുതലപ്പൊഴിയിലെ വിവരങ്ങൾ ശേഖരിക്കുന്നത്. പഠനത്തിനായി 32 ലക്ഷം രൂപയാണ് സംസ്ഥാന സർക്കാർ ചെലവഴിക്കുന്നത്. റിപ്പോർട്ട് വേഗത്തിലാക്കാൻ സർക്കാർ അനുമതി ലഭിച്ചാൽ ഹാർബർ എൻജിനീയറിങ് വകുപ്പ് ഉദ്യോഗസ്ഥ സംഘം പുന്നെയിലേക്ക് നവംബറിൽ പോകും.
അന്തിമ റിപ്പോർട്ട് ഡിസംബറിൽ സംസ്ഥാന സർക്കാറിന് നൽകാനാവുമെന്നാണ് പഠനസംഘത്തിന്റെ പ്രതീക്ഷ. മുതലപ്പൊഴി ഹാർബറിന്റെ ഭാവി വികസന പദ്ധതികൾ എല്ലാം പഠന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.