അനധികൃത മത്സ്യബന്ധനം: ബോട്ട് പിടിച്ചെടുത്തു
text_fieldsചിറയിൻകീഴ്: മുതലപ്പൊഴി ഭാഗത്ത് അനധികൃത മത്സ്യബന്ധനം നടത്തിയ ബോട്ട് പിടികൂടി. കൊല്ലം ഇമ്മാനുവേലിന്റെ ഉടമസ്ഥതയിലുള്ള ഫാത്തിമ മാതാവ് എന്ന ബോട്ടാണ് ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥർ, മറൈൻ എൻഫോഴ്സ്മെന്റ് ഓഫിസർമാർ, കോസ്റ്റൽ പൊലീസ് എന്നിവർ ചേർന്ന് പിന്തുടർന്ന് പിടികൂടിയിരുന്നു. കരയോട് ചേർന്ന് അനധികൃത മത്സ്യബന്ധനം നടത്തിയതിന്റെ പേരിൽ രണ്ടര ലക്ഷം രൂപയും പിഴ അടപ്പിച്ച ശേഷം വിട്ടയച്ചു.
ജില്ലയിൽ കൊല്ലം ജില്ലയിൽനിന്നും ആലപ്പുഴ ജില്ലയിൽനിന്നുമുള്ള ട്രോൾ ബോട്ടുകൾ അങ്ങോളമിങ്ങോളം കരയോട് ചേർന്നാണ് അനധികൃത മത്സ്യബന്ധനം നടത്തുന്നത്. ഇതു സംബന്ധിച്ച് ചെറുകിട മത്സ്യബന്ധനം നടത്തുന്നവർ പരാതിപ്പെട്ടിരുന്നു. ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടർ ജയന്തിയുടെ നേതൃത്വത്തിലെ സംഘമാണ് ഇവരെ പിടികൂടിയത്.
മറൈൻ എൻഫോഴ്സ്മെന്റ് ഓഫിസർ സുഗതൻ, ലൈഫ് ഗാർഡുമാരായ തങ്കരാജ്, യേശുദാസ് എന്നിവരും ബോട്ട് ഡ്രൈവർ യേശുദാസ്, അഞ്ചുതെങ്ങ് കോസ്റ്റൽ പൊലീസ് എസ്.ഐ രാഹുൽ തുടങ്ങിയവരാണ് സംഘത്തിൽ ഉണ്ടായത്. തീരത്തോട് ചേർന്ന് അനധികൃത മത്സ്യബന്ധനം നടത്തുന്ന മത്സ്യബന്ധനയാനങ്ങൾക്കെതിരെ തുടർന്നും കർശന നടപടി സ്വീകരിക്കുന്നതാണെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ഷീജ മേരി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.