മീരാൻകടവ് പാലം; വഴിവിളക്കുകാലുകൾ അപകടക്കെണി
text_fieldsചിറയിൻകീഴ്: മീരാൻകടവ് പാലത്തിലെ വഴിവിളക്കുകാലുകൾ അപകടക്കെണിയാകുന്നു. അഞ്ചുതെങ്ങ് മീരാൻകടവ് പുതിയപാലത്തിൽ സ്ഥാപിച്ച വഴിവിളക്കുകാലുകളാണ് വാഹനങ്ങൾക്കും കാൽനടയാത്രികർക്കും അപകടക്കെണിയാകുന്നത്.
പാലത്തിന് മുകളിൽ സ്ഥാപിച്ച 15 ഓളം വഴിവിളക്കുകാലുകളാണ് കാലപ്പഴക്കത്തെതുടർന്ന് തകർന്നുവീഴാറായ അവസ്ഥയിലുള്ളത്. ഇവയിൽ ഭൂരിപക്ഷവും തുരുമ്പുപിടിച്ച് എപ്പോൾ വേണമെങ്കിലും തകർന്നുവീഴുന്ന അവസ്ഥയിലാണ്. രണ്ട് ലൈറ്റുകൾ ഇതിനോടകം നിലം പതിച്ചിട്ടുണ്ട്.
വി. ശശി എം.എൽ.എയുടെ ആസ്തിവികസനഫണ്ടിൽനിന്ന് 2019-2020 വർഷത്തിൽ 4,92,343 രൂപ ചെലവഴിച്ചു സ്ഥാപിച്ച വഴിവിളക്കുകളാണിവ. പാലം ഇരുട്ടിലായത് അപകടകരമായതോടെ ജനങ്ങളുടെ പരാതിയിലാണ് എം.എൽ.എ ഫണ്ട് അനുവദിച്ചത്. ഇരുമ്പ് പൈപ്പുകൾ സ്ഥാപിച്ച് അതിനുമുകളിലാണ് ലൈറ്റുകൾ ഇട്ടത്. ഇരുമ്പുപൈപ്പുകളുടെ വെൽഡിങ്ങിന്റെ ഭാഗങ്ങൾ തീരദേശത്തെ ലവണാംശമുള്ള കാറ്റിന്റെ ഫലമായി വേഗത്തിൽ തുരുമ്പെടുത്തുനശിച്ചതായാണ് കരുതപ്പെടുന്നത്.
റോഡിലേക്ക് ചാഞ്ഞുനിന്ന ഒരുവിളക്കുകാൽ നാട്ടുകാർ പാലത്തിന് സമാനമായി വളച്ചുവെച്ചു. ഇതര പൈപ്പുകളും അപകടഭീഷണിയിലാണ്.
എത്രയും പെട്ടെന്നുതന്നെ വിളക്കുകാലുകൾ അറ്റകുറ്റപ്പണികൾ തീർത്ത് ബലപ്പെടുത്തിയില്ലെങ്കിൽ കാൽനടയാത്രക്കാർക്കും വാഹനങ്ങൾക്കും ഒരുപോലെ അപകടക്കെണിയാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.