അപകടമൊഴിയാതെ മുതലപ്പൊഴി; ഞായറാഴ്ചയും അപകടം
text_fieldsചിറയിൻകീഴ്: മുതലപ്പൊഴിയിൽ തുടർച്ചയായ രണ്ടാം ദിവസവും ബോട്ട് അപകടത്തിൽപ്പെട്ടു. ഞായറാഴ്ച രാവിലെ 9.40നാണ് അപകടം നടന്നത്. മത്സ്യബന്ധനം കഴിഞ്ഞ് ഹാർബറിന് അകത്തേക്ക് പ്രവേശിക്കവേയാണ് ലാൽസലാം സഖാവ് എന്ന വള്ളത്തിന്റെ കൂട്ടുവള്ളം ശക്തമായ തിരയിൽപ്പെട്ട് മറിഞ്ഞത്. നാലു പേരാണ് വള്ളത്തിലുണ്ടായിരുന്നത്. പുതുക്കുറിച്ചി അർത്തിൽ പുരയിടത്തിൽ ബിജു (36) കടലിൽ വീണു.
ഫിഷറീസ് വകുപ്പിന്റെ വള്ളവും ലൈഫ് ഗാർഡുകളും സ്ഥലത്തെത്തി ബിജുവിനെ ഹാർബറിൽ എത്തിച്ചു. ലൈഫ് ഗാർഡുകളായ രാജു, ജോസ്, തങ്കരാജ്, വള്ളം ഓടിച്ചിരുന്ന സഫീർ, ഷെഹീർ എന്നിവർ രക്ഷാപ്രവർത്തന സംഘത്തിൽ ഉണ്ടായിരുന്നു. രണ്ടു മാസത്തിനുള്ളിലെ 13ാമത്തെ അപകടമാണിത്.
ശനിയാഴ്ചയും മുതലപ്പൊഴിയിൽ മത്സ്യബന്ധന വള്ളം അപകടത്തിൽപെട്ടിരുന്നു. ശക്തമായ തിരയിൽപെട്ട് നിയന്ത്രണം നഷ്ടപ്പെട്ട് വള്ളം പുലിമുട്ടിലേക്ക് ഇടിച്ചുകയറിയാണ് അപകടമുണ്ടായത്. പുതുക്കുറിച്ചി സ്വദേശി അനിലിന്റെ നജാത്ത് എന്ന വള്ളമാണ് അപകടത്തിൽപെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.