മുതലപ്പൊഴി തുറമുഖത്തിൽ അപകടകാരികളായ കല്ലുകൾ മാറ്റൽ പുനരാരംഭിക്കുന്നു
text_fieldsചിറയിൻകീഴ്: മുതലപ്പൊഴി മത്സ്യബന്ധന തുറമുഖത്തിൽ അപകടം സൃഷ്ടിക്കുന്ന കല്ലുകൾ മാറ്റുന്ന ജോലികൾ പുനരാരംഭിക്കുന്നു. ഇതിനുള്ള ലോങ് ബൂം ക്രെയിൻ സ്ഥലത്തെത്തിച്ചു. ശനിയാഴ്ച ഇത് ഉപയോഗിച്ച് കല്ല് നീക്കം ആരംഭിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. കഴിഞ്ഞ ദിവസം മന്ത്രി സജി ചെറിയാൻ അദാനി ഗ്രൂപ്പുമായി ചർച്ച നടത്തിയിരുന്നു. പ്രവൃത്തികൾ ഉടൻ പുനരാരംഭിക്കണമെന്ന നിർദേശത്തെ തുടർന്നാണ് ഇപ്പോഴത്തെ നീക്കം.
കാലാവസ്ഥ അനുകൂലമായാൽ മൂന്നാഴ്ചകൊണ്ട് അഴിമുഖത്തെ കല്ലുകൾ നീക്കംചെയ്യാനാകുമെന്നാണ് ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ. തുടർന്ന് ഡ്രഡ്ജർ എത്തിച്ച് മണൽ നീക്കവും ആരംഭിക്കും. കല്ല് നീക്കുന്നതിന് മുതലപ്പൊഴിയിൽ ദൈർഘ്യമേറിയ ക്രെയിനാണ് എത്തിച്ചത്.
അഞ്ച് ട്രെയിലറുകളിലായിട്ടാണ് തൂത്തുക്കുടി തുറമുഖത്തുനിന്ന് ക്രെയിൻ എത്തിച്ചത്. പല ഭാഗങ്ങളായി എത്തിച്ച ക്രെയിൻ സംയോജിപ്പിച്ച് പ്രവർത്തന സജ്ജമാക്കും. ഈ ക്രെയിൻ പുലിമുട്ടിലേക്ക് കൊണ്ടുപോകാൻ പാതയും ക്രമീകരിച്ചു. ശനിയാഴ്ച രാവിലെയോടെ ക്രെയിൻ ഘടകങ്ങൾ സംയോജിപ്പിച്ച് പുലിമുട്ടിന്റെ മുകളിൽ എത്തിക്കും. സർക്കാർ നിർദേശപ്രകാരം നേരത്തേ മധ്യനിര ക്രെയിൻ ഉപയോഗിച്ച് 400 ഓളം കല്ലുകളും ടെട്രാപോഡുകളും മാറ്റിയിരുന്നു.
മധ്യനിര ക്രെയിൻ പ്രായോഗികമല്ലെന്നും ലോങ് ബൂം ക്രെയിൻതന്നെ വേണമെന്നും മത്സ്യത്തൊഴിലാളികൾ ആവശ്യപ്പെട്ടിരുന്നു. കല്ല് നീക്കം നിലച്ചതോടെ മത്സ്യത്തൊഴിലാളികളും തീരവാസികളും സമരത്തിന് തയാറെടുക്കുകയായിരുന്നു. ഇതിനെതുടർന്നാണ് സർക്കാർ ഇടപെടലിൽ അദാനി ഗ്രൂപ് ആധുനിക സജ്ജീകരണങ്ങൾ ഒരുക്കുന്നത്. മുതലപ്പൊഴിയിലെ അശാസ്ത്രീയ നിർമാണം മൂലമുണ്ടാകുന്ന അപകടങ്ങൾക്കും അത് പരിഹരിക്കാനുള്ള സർക്കാൻ നടപടികളിലെ കാലതാമസത്തിനുമെതിരെ കെ.എൽ.സി.എ സംസ്ഥാന സമിതി മുതലപ്പൊഴിയിലേക്ക് 17ന് മാർച്ചും ധർണയും പ്രഖ്യാപിച്ചിട്ടുണ്ട്.
പുതുക്കുറിച്ചിയിൽനിന്നും അഞ്ചുതെങ്ങിൽനിന്നും വൈകീട്ട് മൂന്നിന് ആരംഭിക്കുന്ന മാർച്ച് മുതലപ്പൊഴിയിൽ സമാപിക്കും. സമരപ്രഖ്യാപനത്തിന്റെ കൂടി പശ്ചാത്തലത്തിലാണ് സർക്കാർ നടപടികൾ വേഗത്തിലായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.