മുതലപ്പൊഴി: പ്രതിഷേധം; ശക്തമാക്കാൻ സംഘടനകൾ
text_fieldsചിറയിൻകീഴ്: മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞുണ്ടായ മരണങ്ങളിലും തുടർസംഭവങ്ങളിലും തീരദേശത്ത് പ്രതിഷേധം ശക്തമായി തുടരും. നിലവിലെ സമരങ്ങൾക്ക് പിന്തുണ നൽകിയിരുന്ന യു.ഡി.എഫ് നേതൃത്വംനേരിട്ട് സമരം പ്രഖ്യാപിച്ചു.
മുതലപ്പൊഴിയിൽ അടിക്കടിയുണ്ടാകുന്ന മരണങ്ങളിൽ തീരജനത അസ്വസ്ഥരാണ്. അഴിമുഖത്ത് മണലടിയുന്ന പ്രതിഭാസം മാസങ്ങൾക്കുമുന്നേ തുടങ്ങിയിട്ടും അധികൃതർ മുൻകരുതലെടുക്കാത്തതിൽ തീരദേശവാസികൾ പ്രതിഷേധത്തിലാണ്. മണൽ നീക്കംചെയ്യാത്തതിനാൽ അപകടഭീഷണി ഇപ്പോഴും നിലനിൽക്കുകയാണ്. മത്സ്യത്തൊഴിലാളികൾ മുതലപ്പൊഴി ഹാർബറിലൂടെ കടലിലേക്ക് ഭീതിയോടെയാണ് പോകുന്നത്.
അതേസമയം നിർദേശം ലംഘിച്ചുള്ള മത്സ്യ ബന്ധനം തടയാൻ മാർഗം തേടുകയാണ് അധികൃതർ. സമീപ കാലത്തെ അപകടങ്ങളിൽ ഭൂരിഭാഗവും കടലിൽ പോകുന്നതിന് നിയന്ത്രണം ഉണ്ടായിരുന്ന സമയങ്ങളിലാണ്. പ്രക്ഷുബ്ധമായ കടലിലേക്ക് ഇറങ്ങുവാൻ ശ്രമിക്കുമ്പോഴാണ് അപകടം കൂടുതലും. നിർദേശങ്ങൾ അവഗണിക്കുന്ന സാഹചര്യത്തിൽ നിയന്ത്രണമുള്ള സമയം ഹാർബറിൽ നിന്ന് കടലിലേക്കുള്ള ബോട്ടുകളുടെ പാത അടച്ചിടാനും ശ്രമിക്കുന്നുണ്ട്.
മുതലപ്പൊഴി അപകടത്തിന്റെയും കേസെടുത്തതിന്റേയും പശ്ചാത്തലത്തിൽ തുടർസമര പരിപാടികൾ തുരുമാനിക്കാൻ പുതുകുറിച്ചി പെരുമാതുറ താങ്ങുവല അസോസിയേഷൻ ബഹുജന കൂട്ടായ്മ വിളിച്ചു ചേർത്തു . പെരുമാതുറ മുസ്ലി ജമാഅത്ത് ഹാളിലാണ് യോഗം ചേർന്നത്.
തുടക്കമായി തിങ്കളാഴ്ച മുതലപ്പൊഴി ഹാർബർ എൻജിനീയറിങ് ഓഫിസിലേക്ക് മാർച്ച് നടത്തും. ബഹുജന കൂട്ടായ്മ കോഓഡിനേഷൻ കമ്മിറ്റി ചെയർമാൻ അലവി ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് സജീബ് സൈനുദ്ദീൻ അധ്യക്ഷത വഹിച്ചു.
സെക്രട്ടറി ഷാജഹാൻ, എം.എച്ച്.സലിം, ബഷറുള്ള, കബീർ, അൻസിൽ അൻസാരി, സുനിൽ, ഷാജി, അനിൽ, നജീബ്, നയീം, ആഷിക്ക് എന്നിവർ സംസാരിച്ചു.ആറ്റിങ്ങൽ മുനിസിപ്പൽ ലൈബ്രറി ഹാളിൽ അടൂർ പ്രകാശ് എം.പിയൂടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ ആണ് യു.ഡി.എഫ് സമര പരിപാടി തീരുമാനിച്ചത്. ചൊവ്വാഴ്ച രാവിലെ ഒമ്പത് മുതൽ മുതലപ്പൊഴിയിൽ അടൂർ പ്രകാശ് എം.പിയുടെ നേതൃത്വത്തിൽ യു.ഡി.എഫ് പ്രവർത്തർ നിരാഹാര സത്യാഗ്രഹം നടത്തും. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്യും.
വൈകീട്ട് അഞ്ചി മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നാരങ്ങ നീര് നൽകി നിരാഹാര സമരം അവസാനിപ്പിക്കും. ആറ്റിങ്ങലിൽ നടന്ന യോഗം അടൂർപ്രകാശ് എംപി ഉദ്ഘാടനം ചെയ്തു.
ഡി.സി.സി പ്രസിഡൻറ് പാലോട് രവി, വർക്കല കഹാർ, എം.ജെ.ആനന്ദ്, കെ.എസ്.അജിത് കുമാർ, എം.എസ്.നൗഷാദ്, ബി.എസ്.അനൂപ്, ഓമന, വർഗീസ്, സുനിൽ, എം.എച്ച്.അഷ്റഫ് ആലംകോട് തുടങ്ങിയവർ പങ്കെടുത്തു.പള്ളികളിൽ ഞായറാഴ്ച പ്രതിഷേധ യോഗങ്ങളും ഇടയലേഖനമുൾപ്പെടെ വായിക്കാനും സാധ്യതയുണ്ടെന്നാണ് സൂചന.
ഇടത് പ്രതിനിധികൾ സഭാ നേതൃത്വവുമായി ബന്ധപ്പെട്ട് സർക്കാർ സ്വീകരിച്ച അടിയന്തര ഇടപെടലുകൾ ബോധ്യപ്പെടുത്തവൻ ശ്രമിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം വിവിധ ക്രിസ്ത്യൻ സംഘടനകളും സ്വതന്ത്ര മത്സ്യ തൊഴിലാളി ഫെഡറേഷനും സംയുക്തമായി നടത്തിയ പൊലീസ് സ്റ്റേഷൻ മാർച്ചിൽ നിന്നും പള്ളി അധികൃതർ വിട്ടു നിന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.