മുതലപ്പൊഴി: പഠനം തുടങ്ങി; പ്രതിനിധിസംഘം സന്ദർശിച്ചു
text_fieldsചിറയിൻകീഴ്: മുതലപ്പൊഴിയിൽ സി.ഡബ്ല്യു.പി.ആർ.എസ് പഠനം ആരംഭിച്ചു; പ്രതിനിധിസംഘം സ്ഥലം സന്ദർശിച്ചു. ശനിയാഴ്ച രാവിലെ സ്ഥലത്തെത്തിയ സംഘം മുതലപ്പൊഴി ഹാർബറിൽ കടലിലേക്കുള്ള പ്രവേശനഭാഗം സന്ദർശിച്ചു. പുലിമുട്ടുകൾക്കപ്പുറത്തുനിന്ന് തിര ഉത്ഭവിക്കുന്നതും കടലിൽ പാറ മറിഞ്ഞുകിടക്കുന്നതും സംഘം നേരിട്ട് കണ്ടു. സാങ്കേതിക വിവരങ്ങൾ സംസ്ഥാന തുറമുഖ വകുപ്പ് ഉദ്യോഗസ്ഥരോട് ചോദിച്ചറിഞ്ഞു. തുടർന്ന് ഹാർബർ എൻജിനീയറിങ് ഓഫിസിലെത്തി ചർച്ച നടത്തി.
സംസ്ഥാന ഹാർബർ എൻജിനീയറിങ് വകുപ്പ് പ്രതിനിധികൾ, മത്സ്യത്തൊഴിലാളി പ്രതിനിധികൾ, ജനപ്രതിനിധികൾ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. പഠനത്തിന്റെ ഭാഗമായി സെപ്റ്റംബറിൽ വിവരശേഖരണം ആരംഭിക്കും. ഇതിനാവശ്യമായ സങ്കേതിക സംവിധനങ്ങൾ പുണെയിൽനിന്ന് കൊണ്ടുവരും. വിവരശേഖരണം തുറമുഖ വകുപ്പിന്റെ കൂടി സഹകരണത്തോടെയാവും നടപ്പിലാക്കുക. മുതലപ്പൊഴി ഭാഗത്തെ മണൽ നീക്കത്തിന്റെ രീതി, കാറ്റിന്റെയും തിരയുടെയും ചലനം, ഈ ഭാഗത്ത് കടലിന്റെ പ്രത്യേകത, നിലവിലുള്ള മാറ്റങ്ങൾ, കാരണങ്ങൾ, സാധ്യത, മാറ്റങ്ങൾ എന്നിവയെല്ലാം പഠനത്തിന്റെ ഭാഗമാണ്. നിലവിലെ പ്രശ്നത്തിന് ശാശ്വത പരിഹാരം കാണാനാണ് ശ്രമിക്കുന്നതെന്നും അന്തിമ റിപ്പോർട്ട് ഡിസംബറിൽ തന്നെ നൽകുമെന്നും ശാസ്ത്രജ്ഞർ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
പുണെ ആസ്ഥാനമായി സെൻട്രൽ വാട്ടർ ആൻഡ് പവർ റിസർച്ച് സ്റ്റേഷനെയാണ് സംസ്ഥാന സർക്കാർ മുതലപ്പൊഴി പ്രശ്നങ്ങൾ പഠിക്കുന്നതിനും പരിഹാരം നിർദേശിക്കുന്നതിനും ചുമതലപ്പെടുത്തിയിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് സി.ഡബ്ല്യു.പി.ആർ.എസ് ശാസ്ത്രജ്ഞരായ ഡോ. ജെ. സിൻഹ, എസ്.ജി. മഞ്ജുനാഥ, എ.കെ. സിങ് എന്നിവർ മുതലപ്പൊഴിയിലെത്തിയത്.
സംസ്ഥാന ഹാർബർ എൻജിനീയറിങ് വകുപ്പ് ചീഫ് എൻജിനീയർ ജോമോൻ കെ. ജോർജ്, സതേൺ സൂപ്രണ്ടിങ് എൻജിനീയർ കുഞ്ഞിമാമു പരവത്, തിരുവനന്തപുരം ഡിവിഷൻ എക്സികൂട്ടിവ് എൻജിനീയർ ജി.എസ്. അനിൽകുമാർ, മുതലപ്പൊഴി തുറമുഖം അസിസ്റ്റൻറ് എക്സിക്യൂട്ടിവ് എൻജിനീയർ ബീഗം അബീന, ബി.എസ്. മായ എന്നിവരും ചിറയിൻകീഴ് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി. മുരളിയുടെ നേതൃത്വത്തിൽ ജനപ്രതിനിധികളും പങ്കെടുത്തു. സി.ഡബ്ലിയു.പി.ആർ.എസ് ഉദ്യോഗസ്ഥർ കഴിഞ്ഞ വർഷം ഹാർബർ സന്ദർശിച്ച് പരിശോധന നടത്തുകയും പഠനം നടത്തുന്നതിനുള്ള തുകയായി 5,37,9230 രൂപയുടെ എസ്റ്റിമേറ്റ് സമർപ്പിക്കുകയും ചെയ്തിരുന്നു. ആദ്യ ഘട്ടമായി 12 ലക്ഷം രൂപയും പിന്നീട് 25.45 ലക്ഷം രൂപയും കൈമാറിയിരുന്നു. പഠനം നടത്തുന്നതിനായി വിവിധ ശാസ്ത്രീയ വിവരങ്ങൾ സി.ഡബ്ലിയു.പി.ആർ.എസ് ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ മാസം 10ന് ഹാർബർ എൻജിനീയറിങ് വകുപ്പ് ചീഫ് എൻജിനീയറും മറ്റ് ഉദ്യോഗസ്ഥരും പുണെയിൽ പോയി പഠന റിപ്പോർട്ട് വേഗത്തിലാക്കുന്നതിന് അഡീഷനൽ ഡയറക്ടറുമായും മറ്റ് മുതിർന്ന ഉദ്യോഗസ്ഥരുമായും ചർച്ച നടത്തിയിരുന്നു. ഇതിനെ തുടർന്നാണ് സംഘം ശനിയാഴ്ച മുതലപ്പൊഴി സന്ദർശിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.