മുതലപ്പൊഴി: ശാസ്ത്രജ്ഞ സംഘം പഠനത്തിനെത്തി
text_fieldsചിറയിൻകീഴ്: മുതലപ്പൊഴി മത്സ്യബന്ധന തുറമുഖത്തിന്റ അപകട കാരണം കണ്ടെത്തുന്നതിനും പരിഹരിക്കുന്നതിനും സെൻട്രൽ വാട്ടർ ആൻഡ് പവർ റീസർച്ച് സ്റ്റേഷൻ ശാസ്ത്രജ്ഞ സംഘം മുതലപ്പൊഴിയിലെത്തി. ഫിഷറീസ് വകുപ്പ് മന്ത്രി നേരിട്ടെത്തി പഠനത്തിന്റെ പ്രസക്തിയും നിലവിലെ പ്രശ്നങ്ങളും സംഘത്തെ ധരിപ്പിച്ചു. മൂന്നാം ഘട്ട പഠനത്തിന്റെ ഭാഗമായാണ് സംഘം എത്തിയത്. ഇതാദ്യമായാണ് സെൻട്രൽ വാട്ടർ ആൻഡ് പവർ റിസർച്ച് സ്റ്റേഷൻ അധികൃതർ മുതലപ്പൊഴിയിൽ നേരിട്ടെത്തി വിവരങ്ങൾ ശേഖരിക്കുന്നത്.
മൺസൂണിന് ശേഷമുള്ള വിവരശേഖരണമാണ് ലക്ഷ്യം. സി.ഡബ്ല്യു.പി.ആർ.എസ് വിദഗ്ദ്ധ ടീമിന്റെ നേതൃത്വത്തിൽ കടലിലെ ഒഴുക്ക്, വേലിയേറ്റം വേലിയിറക്ക വ്യത്യാസം, കടലിലെ അടിത്തട്ടിലെ മണ്ണ് പരിശോധന, തിരമാലകളുടെ ദിശ, ശക്തി, പ്രവാഹത്തിന്റെ തീവ്രത, ഒഴുക്കിന്റെ ദിശ, കാറ്റിന്റെ ദിശയും തിവ്രതയും, പുലിമുട്ടുകളുടെ ഇരുവശത്തുമുള്ള ആഴവും അഴിമുഖത്തെ ആഴവും തുടങ്ങിയവയുടെ പരിശോധനയും പഠനവും അത്യാധുനിക ഉപകരണങ്ങളുടെ സഹായത്തോടെ നടത്തുകയാണ് ലക്ഷ്യം.
ശേഖരിക്കുന്ന വിവരങ്ങൾ വിശദമായ പഠനത്തിന് വിധേയമാക്കി ഡിസംബറോടെ അന്തിമ പഠന റിപ്പോർട്ട് സർക്കാറിന് കൈമാറും. മന്ത്രി സജി ചെറിയാൻ സ്ഥലത്തെത്തി പഠനസംഘത്തെ സന്ദർശിച്ചു. നിലവിൽ നേരിടുന്ന പ്രശ്നങ്ങളും പരിഹരിക്കേണ്ട ആവശ്യവും എല്ലാം മന്ത്രി ഇവരെ ധരിപ്പിച്ചു. സെൻട്രൽ വാട്ടർ ആൻഡ് പവർ റിസർച്ച് സ്റ്റേഷൻ ശാസ്ത്രജ്ഞരായ ജിതേന്ദ്ര എ. ഷിമ്പി, എ.എ. സോനാവാൻ, ഡോ. എ.കെ. സിങ്, റിസർച്ച് അസിസ്റ്റന്റ്സു ബൊധ് കുമാർ, ക്രാഫ്റ്റ്സ്മാൻ ബാബാജി ആർ തൊപ്റ്റേ തുടങ്ങിയവരാണ് പരിശോധനകൾക്കായ് എത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.