മുതലപ്പൊഴി; ബാർജുകൾ പുലിമുട്ടിലേക്ക് ഇടിച്ചുകയറി അപകടം
text_fieldsചിറയിൻകീഴ്: കടൽക്ഷോഭംമൂലം പെരുമാതുറ മുതലപ്പൊഴി മത്സ്യബന്ധനതുറമുഖത്ത് പുലിമുട്ടിൽ ഇടിച്ചുകയറിയ കൂറ്റൻ ബാർജുകൾ കുടുങ്ങിക്കിടക്കുന്നു. അഴിമുഖത്തിന്റെ തെക്കേ പുലിമുട്ടിന് സമീപമാണ് കൂറ്റൻ ബാർജുകൾ ഇടിച്ചുകയറിയത്. ബാർജുകളിൽ ഉണ്ടായിരുന്ന 15 ഓളം ജീവനക്കാരെ രക്ഷപ്പെടുത്തി. അപകടത്തിൽ രണ്ട് ജീവനക്കാർക്ക് പരിക്കേറ്റിരുന്നു. മത്സ്യബന്ധനവള്ളങ്ങൾക്ക് കടലിലേക്ക് പോകുന്നതിനും വരുന്നതിനും തടസ്സം സൃഷ്ടിച്ചാണ് അപകടത്തിൽപെട്ട ബാർജുകൾ കുടുങ്ങിക്കിടക്കുന്നത്. ഇതോടെ മത്സ്യബന്ധനം ഭാഗികമായി തടസ്സപ്പെട്ടു.
ശനിയാഴ്ചയാണ് രണ്ട് അപകടങ്ങളുണ്ടായത്. രാവിലെ പത്തോടെയാണ് ആദ്യ അപകടം. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തേക്ക് പുറപ്പെട്ട കൂറ്റൻ ബാർജ് അഴിമുഖത്ത് ശക്തമായ തിരയിൽപെടുകയായിരുന്നു. തുടർന്ന് നിയന്ത്രണം നഷ്ടപ്പെട്ട് പുലിമുട്ടിലേക്ക് ഇടിച്ചുകയറി. ബാർജിലുണ്ടായിരുന്ന അഞ്ച് തൊഴിലാളികളെ വടംകെട്ടിയാണ് പുറത്തെത്തിച്ചത്. രക്ഷപ്പെടുന്നതിവിടെ പരിക്കേറ്റ സാബിർ ഷൈക്ക്, സാദഅലിഗഞ്ചി എന്നിവരെ ചിറയിൻകീഴ് താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹരിന്ദ്ര റോയ്, മിനാജുൽ ഷൈക്ക്, മനുവാർ ഹുസൈൻ എന്നിവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
രാത്രി 8.30 ഓടെയാണ് രണ്ടാമത്തെ ബാർജും അപകടത്തിൽപെട്ടത്. മുതലപ്പൊഴി പാലത്തിനുസമീപം നങ്കൂരമിട്ടിരുന്ന ബാർജിന്റെ ആങ്കർ പൊട്ടി 300 മീറ്ററോളം ഒഴുകി അഴിമുഖത്ത് പുലിമുട്ടിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഇതോടെ എൻജിൻ ഭാഗത്തെ സാങ്കേതികതകരാർ മൂലം ബാർജിനെ അഴിമുഖത്തുനിന്ന് മാറ്റാനായില്ല. ബാർജിൽ ഉണ്ടായിരുന്ന 15 ജീവനക്കാരെയും വടംകെട്ടി പുറത്തെത്തിച്ചു. അഴിമുഖത്തെ വീതിക്കുറവ് കാരണം പുലിമുട്ടിനുസമീപം ബാർജുകൾ കുടുങ്ങിക്കിടക്കുന്നതിനാൽ വലിയ തിരയിൽ വള്ളങ്ങൾ അപകടത്തിലാകാൻ സാധ്യതയുണ്ടെന്ന ആശങ്കയിലാണ് മത്സ്യത്തൊഴിലാളികൾ.
അതേസമയം അഴിമുഖത്ത് കുടുങ്ങിക്കിടക്കുന്ന ബാർജുകളെ കടൽ ശാന്തമായാൽ ലോങ് ഭൂം എസ്കവേറ്റർ ഉപയോഗിച്ച് കടലിലേക്ക് ഇറക്കുമെന്ന് അദാനി കമ്പനി അധികൃതർ പറഞ്ഞു. അഴിമുഖത്ത് നിന്ന് മണൽ നീക്കുന്നതിനായാണ് മാസങ്ങൾക്ക് മുമ്പ് ബാർജുകൾ മുതലപ്പൊഴിയിൽ എത്തിയത്. കാലാവസ്ഥ പ്രതികൂലമായതോടെ മണൽനീക്കം നിലച്ചു. ഇതോടെയാണ് ബാർജുകൾ വിഴിഞ്ഞത്തേക്ക് കൊണ്ടുപോകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.