കുളവും ചതുപ്പും നികത്തി: വീടുകളിൽ വെള്ളക്കെട്ട്; ജനം ദുരിതത്തിൽ
text_fieldsചിറയിൻകീഴ്: കുളവും ചതുപ്പും നികത്തി വീട് നിർമിച്ചതോടെ സമീപത്തെ വീടുകളിൽ വെള്ളക്കെട്ട്. ചിറയിൻകീഴ് ഗ്രാമപഞ്ചായത്ത് ഏഴാം വാർഡിലാണ് സംഭവം.
മേഖലയിൽ പതിനഞ്ചോളം വീടുകൾ രണ്ടാഴ്ചയായി വെള്ളം കയറിയനിലയിലാണ്. ചിന്തുവിളാകത്ത് കുളം എന്ന പേരിൽ നൂറ്റാണ്ടിലേറെ പഴക്കമുള്ള ബൃഹത്തായ കുളം ഇവിടെ ഉണ്ടായിരുന്നു. 25 സെന്റോളം വിസ്തൃതിയുള്ള കുളവും ചുറ്റും ചതുപ്പ് പ്രദേശവുമായിരുന്നു.
സമീപകാലത്ത് ഈ വസ്തു വാങ്ങിയവർ കുളവും ചതുപ്പുകളും നികത്തി. റോഡ് നിരപ്പിൽനിന്ന് ഉയരത്തിൽ മണ്ണിട്ട് ഉയർത്തി. ശേഷം വീടുകളും വെച്ചു. ഇതോടെയാണ് പ്രതിസന്ധിയുണ്ടായത്. മഴക്കാലത്ത് ഒഴുകിയെത്തുന്ന ജലം പോകാൻ വഴിയില്ലാതെ കെട്ടിക്കിടക്കുകയാണ്.
രണ്ടാഴ്ച മുമ്പ് മഴ തുടങ്ങിയപ്പോൾ രൂപപ്പെട്ട വെള്ളക്കെട്ടാണിത്. ഇപ്പോഴും പതിനഞ്ചു വീടുകൾ വെള്ളത്തിലാണ്. പ്രാദേശിക സർക്കാർമുതൽ കേന്ദ്ര സർക്കാർവരെ നിവേദനം നൽകിയിട്ടും കാര്യമായ നടപടി ഉണ്ടായിട്ടില്ല. റവന്യൂ ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു മടങ്ങി.
ഒരാഴ്ചയായി പമ്പ് ഉപയോഗിച്ച് വെള്ളം അടിച്ചുകളഞ്ഞു കൊണ്ടിരിക്കുകയാണ്. 24 മണിക്കൂർ ശ്രമിച്ചിട്ടും കാര്യമായ പുരോഗതി ഉണ്ടായിട്ടില്ല. വീടുകളുടെ അടിസ്ഥാനത്തിന് മുകളിൽവരെ ജലം നിൽക്കുന്നത് കെട്ടിടങ്ങളുടെ ബലക്ഷയത്തിന് കാരണമായിട്ടുണ്ട്.
റവന്യൂ വകുപ്പ് ക്രിയാത്മകമായി ഇടപെടണമെന്നാവശ്യപ്പെട്ട് സമരത്തിന് ഒരുങ്ങുകയാണ് നാട്ടുകാർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.